'സംഘപരിവാർ ആക്രമണങ്ങൾ ഏതോ വട്ടുള്ള ആളുകൾ ചെയ്യുന്നത്': ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ.
നോർത്ത് അവന്യൂവിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ അവിചാരിത സന്ദർശനം കാരണം പള്ളിയിലെത്തിയ വിശ്വാസികളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നതിൽ നിന്ന് തടഞ്ഞിരുന്നു. ഇത് താൻ കണ്ടില്ല എന്നായിരുന്നു ബിജെപി അധ്യക്ഷന്റെ മറുപടി. പാലക്കാട് നടന്ന ആക്രമണങ്ങളെക്കുറിച്ചുളള ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു.
ഇന്ന് നല്ലൊരു ക്രിസ്മസ് ദിവസമായിട്ട് ഇത്തരം രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിക്കേണ്ടതില്ല എന്നായിരുന്നു ചോദ്യത്തോടുള്ള മറുപടി. രാജ്യത്താകമാനം സംഘപരിവാർ നടത്തുന്ന ആക്രമണങ്ങളിലും കൃത്യമായി ഉത്തരമില്ല.
ഇതൊക്കെ വട്ടുള്ള ആളുകൾ ചെയ്യുന്നതാണെന്നും അത് തങ്ങളുടെ തലയിൽ കെട്ടിവയ്ക്കണ്ടെന്നും രാജീവ് പറഞ്ഞു. വിശ്വ ഹിന്ദു പരിഷത്തും, ബജ്‌രംഗ്ദളും ഉൾപ്പടെയുള്ള വർഗീയ സംഘടനകൾ രാജ്യത്താകമാനം അക്രമം അഴിച്ചുവിടുന്ന സാഹചര്യത്തിലാണ് ബിജെപി അധ്യക്ഷന്റെ പ്രതികരണം.
പലയിടത്തും ബിജെപി നേതാക്കൾ തന്നെ പള്ളിയിലും മറ്റുമുള്ള വിശ്വാസികളെ ആക്രമിക്കുന്ന സാഹചര്യമാണ്. എന്നിട്ടും തങ്ങൾക്ക് അതിൽ പങ്കില്ലെന്നാണ് രാജീവ് ചന്ദ്രശേഖരന്റെ വാദം.
ഒരു വശത്ത് പ്രധാനമന്ത്രി പള്ളി സന്ദർശനം നടത്തി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ മറുവശത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ക്രൈസ്തവ വേട്ട തുടരുകയാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പള്ളികൾക്ക് നേരെയും വിശ്വാസികൾക്ക് നേരെയും സംഘപരിവാർ പ്രവർത്തകർ നടത്തുന്ന കടന്നാക്രമണങ്ങളിൽ രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടയിലാണ് ഉത്തരവാദിത്തപ്പെട്ട ബിജെപി നേതാവിന്റെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ പ്രതികരണം.










0 comments