104–ാം വയസ്സിൽ വോട്ടിനുവേണ്ടി പോരാട്ടം
മരിച്ചെന്ന് യുഡിഎഫ്, വോട്ടുചെയ്‌തിട്ടേ പോകൂവെന്ന് നാണി അമ്മ

ഒഞ്ചിയം
നാണി അമ്മയുടെ 104–ാം വയസ്സിലെ വോട്ടിനുമുണ്ട് അവകാശ പോരാട്ടത്തിന്റെ മധുരം. താൻ മരിച്ചെന്ന് വാദമുന്നയിച്ചവരെക്കൊണ്ട് ഖേദപ്രകടനം നടത്തിച്ചാണ് ഇൗ അടിയുറച്ച കമ്യൂണിസ്‌റ്റുകാരി വോട്ടുചെയ്‌ത് മടങ്ങിയത്. വള്ളിക്കാട് ബാലവാടിയിൽ മകൾ ജാനുവിനൊപ്പം താമസിക്കുന്ന നാണി അമ്മ, മകളുടെ മകന്റെയും മകളുടെ ചെറുമകന്റെയും ഒപ്പമാണ് മയ്യന്നൂർ അരകുളങ്ങര ബഡ്സ് സ്‌കൂളിൽ വോട്ടുചെയ്യാനെത്തിയത്. ബൂത്തിലിരുന്ന യുഡിഎഫ് ഏജന്റ് നാണി അമ്മ മരിച്ചതായി തടസ്സവാദമുന്നയിച്ചു. ഇതോടെ സംഭവം വിവാദമായി. പോളിങ് നിർത്തിവയ്‌ക്കുന്നനിലയിൽ വാക്കേറ്റവുമുണ്ടായി. നാണി അമ്മയെ അറിയാത്ത പുതുതലമുറയിലെ ഏജന്റാണ് തടസ്സവാദം ഉന്നയിച്ചത്. ഇതിൽ യുഡിഎഫിലെ ചിലർ ഖേദംപ്രകടിപ്പിച്ചതോടെ സംഘർഷം അയഞ്ഞു. ചെറുമകൻ അഭിജിത്ത് പടിക്കലിന്റെ സഹായത്താൽ വോട്ടുചെയ്തു. ബൂത്തിൽനിന്നിറങ്ങിയ അവർ പലരോടും കുശലംപറഞ്ഞാണ് മടങ്ങിയത്.
1921ൽ പുറമേരി വിലാതപുരം ഊട്ടുപറമ്പത്താണ് നാണി അമ്മയുടെ ജനനം. അക്കാലത്ത് കുഞ്ഞുങ്ങൾക്ക് പേരിടാനുള്ള അധികാരം തമ്പുരാനായിരുന്നു. എന്നാൽ, നാണിക്ക് മാതു എന്ന പേരിട്ട വിവരമറിഞ്ഞ തമ്പുരാൻ അച്ഛൻ ചെക്കായി മാസ്റ്ററെ കോവിലകത്തേക്ക് വിളിപ്പിച്ചു. മാതു എന്ന പേര് മാറ്റി ‘കൊറമ്പാത്തി’എന്ന് തന്പുരാൻ പേരിട്ടു. തമ്പുരാനിട്ട പേരുമാത്രമേ പ്രദേശത്തുള്ളവർ വിളിക്കൂ എന്നതിനാൽ നാട്ടിൽ കൊറമ്പാത്തിയായി.
നാട്ടുകാർ കൊറമ്പാത്തി എന്നും രേഖകളിൽ കൊറമ്പാത്തി എന്ന മാതു എന്നും വിളി തുടർന്നു. നാട്ടിലിപ്പോൾ നാണി അമ്മയാണ്. ഇ എം എസ് ഒളിവുജീവിതം നയിച്ച വീടായിരുന്നു നാണി അമ്മയുടേത്. മയ്യന്നൂർ കൊല്ലന്റവിട വിവാഹം കഴിച്ചുവന്നപ്പോഴും കമ്യൂണിസ്റ്റ് പാരമ്പര്യം കാത്തുസൂക്ഷിച്ചു. വടകര മേഴ്സി കോളേജ് സ്ഥാപകൻ പരേതനായ മേഴ്സി ബാലൻ മാസ്റ്ററുടെ അമ്മയാണ്.










0 comments