ആശുപത്രിയുടെ അശ്രദ്ധയാക്കുന്നതിനോട് യോജിപ്പില്ല
വളര്‍ത്തുപൂച്ചയെ കൊന്നെന്ന് ; സ്വകാര്യ മൃഗാശുപത്രിക്കെതിരെ പരാതിയുമായി നാദിര്‍ഷ

കൊച്ചി
കുളിപ്പിച്ച് ഒരുക്കാനും പരിശീലിപ്പിക്കാനും കൊണ്ടുപോയ വളർത്തുപൂച്ചയെ സ്വകാര്യ മൃഗാശുപത്രി ജീവനക്കാർ കൊന്നെന്ന പരാതിയുമായി സംവിധായകൻ നാദിർഷ. പാലാരിവട്ടം മാമംഗലത്തുള്ള എറണാകുളം പെറ്റ് ആശുപത്രിക്കെതിരെ നാദിർഷ പൊലീസിൽ പരാതി നൽകി. ഒരുക്കാൻ ഏൽപ്പിച്ച തന്റെ പൂച്ചയെ ആശുപത്രി അധികൃതർ കൊല്ലുകയായിരുന്നെന്നും വളർത്തുമൃഗങ്ങളുള്ളവർ ഇവിടേക്ക് പോകരുതെന്നും നാദിർഷ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
നാലുവർഷമായി കുടുംബത്തിലെ ഒരംഗമായിരുന്നു പേർഷ്യൻ ഇനത്തിൽപ്പെട്ട വളർത്തുപൂച്ച. ‘സ്‌നോബെൽ’ എന്ന് പേരിട്ട ഇതിനെ വീട്ടിൽ ചക്കര എന്നാണ് വിളിച്ചിരുന്നത്.
പൂച്ചയെ കുളിപ്പിച്ച് ഒരുക്കുന്നതിനാണ് നാദിർഷയുടെ ഭാര്യയും മകളും എറണാകുളം പെറ്റ് ആശുപത്രിയിൽ കൊണ്ടുപോയത്. ആക്രമണസ്വഭാവമുള്ള പൂച്ചയാണെന്നും മയക്കാതെ കുളിപ്പിക്കാനാകില്ലെന്നും മകൾ ആശുപത്രി ജീവനക്കാരോട് പറഞ്ഞെങ്കിലും അതൊന്നും കേൾക്കാതെ കഴുത്തിൽ ചരടുകെട്ടി വലിച്ചുകൊണ്ടുപോകുകയായിരുന്നു. കുറച്ചുകഴിഞ്ഞ് പൂച്ച ചത്തെന്ന് ജീവനക്കാർ വന്നറിയിച്ചെന്നും നാദിർഷ പറഞ്ഞു. സ്ഥാപന ഉടമയുമായി ബന്ധപ്പെട്ടപ്പോൾ നിങ്ങളുടെ കൈയിൽനിന്ന് സമ്മതപത്രം വാങ്ങിച്ചിട്ടുണ്ടെന്നും പൂച്ച നാദിർഷയുടേതാണെന്ന് ജീവനക്കാർക്ക് അറിയില്ലായിരുന്നുവെന്നുമാണ് മറുപടി ലഭിച്ചത്. പാലാരിവട്ടം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പൂച്ചയുടെ പോസ്റ്റ്മോർട്ടം നടത്തും. അതേസമയം, പൂച്ചയെ മയക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആശുപത്രിയുടെ അശ്രദ്ധയാക്കുന്നതിനോട് യോജിപ്പില്ല
സംവിധായകൻ നാദിർഷായുടെ പൂച്ച ചത്ത സംഭവത്തിൽ ആശുപത്രിയുടെ അശ്രദ്ധയായിമാത്രം പർവതീകരിക്കുന്നതിൽ കൂട്ടുനിൽക്കാനാകില്ലെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകം പ്രസ്‌താവനയിൽ അറിയിച്ചു. വിദഗ്ധ വെറ്ററിനറി സൗകര്യങ്ങൾ നൽകിയാൽപോലും സെഡേഷനിലും അനസ്തേഷ്യക്കിടെയിലും അപൂർവമായി ഇത്തരം സങ്കീർണതകൾ ഉണ്ടാകാറുണ്ട്. അരുമമൃഗങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധരായ സംഘംതന്നെയാണ് ഈ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്നത്. അപൂർവമായി സംഭവിക്കാവുന്ന ഇത്തരം അത്യാഹിതത്തിൽ ഒരു ആശുപത്രിയെയോ ഡോക്ടറെയോ ക്രൂശിക്കുന്നതിനോട് സംഘടനയ്‌ക്ക് യോജിക്കാൻ കഴിയില്ലെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകം സംസ്ഥാന സെക്രട്ടറി ഡോ. വി കെ പി മോഹൻകുമാർ അറിയിച്ചു.










0 comments