മുണ്ടേല രാജീവ് ഗാന്ധി സംഘം: നേതാക്കളുടെ കീശവീർത്തു നിക്ഷേപകർ വഴിയാധാരമായി

നെടുമങ്ങാട്: മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫയർ സഹകരണ സംഘത്തിൽ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ നടന്നത് പകൽക്കൊള്ള. നിക്ഷേപകരുടെ കോടികളാണ് തട്ടിയെടുത്തത്. 2002ൽ ഉന്നത കോൺഗ്രസ് നേതാക്കളിൽ ചിലരാണ് സംഘം തുടങ്ങുന്നതിനെപ്പറ്റി നെടുമങ്ങാട്, ആര്യനാട് മണ്ഡലങ്ങളിലെ സഹകാരികളായ കോൺഗ്രസ് നേതാക്കളുമായി കൂടിയാലോചന നടത്തുന്നത്. തുടർന്ന് മുണ്ടേല കൃഷ്ണകൃപയിൽ മോഹനൻനായർ സംഘത്തിനുവേണ്ടി രംഗത്തെത്തി. പ്രാദേശിക കോൺഗ്രസ് നേതാക്കളെയും ഒപ്പം കൂട്ടി.
2004ൽ പ്രവർത്തനം തുടങ്ങി. പ്രഥമ പ്രസിഡന്റായ മോഹനൻനായർ സഹോദരഭാര്യ രാഖിയെ സെക്രട്ടറിയായി നിയമിക്കുകയും ബന്ധുക്കളെ ഔദ്യോഗിക സ്ഥാനങ്ങളിൽ തിരുകി കയറ്റുകയും ചെയ്‌തു. കുറച്ച് ആളുകളിൽനിന്ന് കൂടുതൽ നിക്ഷേപം എന്നതായിരുന്നു ലക്ഷ്യം. ഇതിനായി സമീപ പ്രദേശങ്ങളിലെ സഹകരണ ബാങ്കുകളിൽ 10 ലക്ഷത്തിനുമുകളിൽ നിക്ഷേപിച്ചവരുടെ പട്ടികയെടുത്തു. കോൺഗ്രസ് അനുഭാവികളും പ്രവർത്തകരുമായ നിക്ഷേപകരെ സ്വാധീനിച്ച് തുക പിൻവലിപ്പിച്ച് സംഘത്തിലെത്തിക്കാനും ശ്രമം നടത്തി. ചുരുങ്ങിയ കാലത്തിൽ സംഘത്തിന്റെ അക്കൗണ്ടിലെത്തിയത് നൂറു കോടിയിലധികം രൂപയാണ്. പ്രസിഡന്റും നേതാക്കളും ബിനാമി ഇടപാടുവഴി ഇവ കീശയിലാക്കി. വസ്തുക്കൾ ഈടാക്കി ഗഹാൻ രജിസ്റ്റർ ചെയ്ത് മറ്റൊരാളുടെ പേരിൽ പ്രസിഡന്റ് വായ്‌പയും എടുത്തു.
മുപ്പത്തഞ്ചോളം വായ്‌പകളിൽനിന്ന് രണ്ടുകോടിയിലധികം രൂപ കൈക്കലാക്കി. ജീവനക്കാരെ ഉപയോഗിച്ച് മൂന്നു കോടിയോളം രൂപയും കവർന്നു. പ്രസിഡന്റിന്റെ ഭാര്യ സുധാദേവി, സഹോദരഭാര്യ രാഖി, ഭർത്താവ് ജയചന്ദ്രൻ, ഭാര്യാസഹോദരൻ സതീഷ് കുമാർ, സംഘം ജീവനക്കാരനും ബന്ധുവുമായ ദിനുചന്ദ്രന്റെ ഭാര്യ, ജീവനക്കാരായ സുനിൽകുമാർ തുടങ്ങിയവരുടെ വസ്തു ഈടാക്കി ഗഹാൻ പതിച്ച് വിവിധ ആളുകളുടെ പേരിലും കോടികൾ തട്ടി. മോഹന കുമാരൻ പ്രസിഡന്റായിരുന്ന മറ്റൊരു സഹകരണ സംഘത്തിലെ ജീവനക്കാരനായ ശ്രീകുമാരൻനായരുടെ വസ്തുവിന്മേലും ബിനാമി വായ്‌പയെടുത്തു. ചില ഉന്നത കോൺഗ്രസ് നേതാക്കളുമായി ചേർന്ന് ഭൂമി വാങ്ങിക്കൂട്ടാനും റിസോർട്ടുകൾ പണിയാനും പാറക്വാറികൾ നടത്താനുമാണ് തുകകൾ വിനിയോഗിച്ചത്.









0 comments