മുണ്ടക്കെെയിലെ കണ്ണീരോർമയ്ക്ക് ഇന്ന് ഒരാണ്ട്, ദുരന്തബാധിതർക്കായുള്ള 410 വീട് ഡിസംബറിൽ പൂർത്തിയാകും
കണ്ണീരൊപ്പി, സ്വപ്നക്കൂട്ടിലേക്ക് മുണ്ടക്കൈയും ചൂരൽമലയും

മാതൃകാ വീട് കാണാനെത്തിയപ്പോൾ ഉമ്മ ജസീലയോടൊപ്പം കളിക്കുന്ന നൈസ മോൾ ഫോട്ടോ: ബിനുരാജ്
അജ്നാസ് അഹമ്മദ്
Published on Jul 30, 2025, 03:08 AM | 1 min read
കൽപ്പറ്റ
‘ഉമ്മച്ചീ നോക്ക് നമ്മളെ പുതിയ വീട്. കളിക്കാൻ ഇവിടെ സ്ഥലം ഉണ്ടാകൂല്ലേ. കുതിരയുള്ള പാർക്ക് ഉണ്ടാവോ ഉമ്മച്ചീ...’– കൽപ്പറ്റയിൽ മുണ്ടക്കൈ ഉരുൾദുരന്ത അതിജീവിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പിലെത്തിയ നൈസമോൾക്ക് എന്തെല്ലാമാണവിടെ ഉണ്ടാവുകയെന്നറിയാൻ ആകാംക്ഷ. മുണ്ടക്കൈ ദുരന്തത്തിന് ഒരാണ്ട് തികയുന്ന അവസരത്തിൽ തന്നെ പൂർത്തിയായ മാതൃകാവീട് കണ്ട സന്തോഷത്തിൽ ഉമ്മ ജസീല മൂന്നുവയസ്സുകാരിയെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു.
വീടിനുള്ളിൽ കയറി മകളെ മുറികളോരോന്നും കാണിച്ചു. കുഞ്ഞിക്കണ്ണുകൾ ഓടിനടന്നു. ‘ഇനി നമ്മൾ ഇവിടെയാകുമല്ലേ. മോൾക്ക് സന്തോഷായി. ഉമ്മച്ചിക്ക് സന്തോഷായോ?’–- നൈസയുടെ ചോദ്യത്തിനുത്തരം ജസീലയുടെ ഉള്ളുനിറഞ്ഞ പുഞ്ചിരി. ഉരുളൊഴുക്കിൽനിന്ന് അത്ഭുതകരമായാണ് ജസീലയും മകളും രക്ഷപ്പെട്ടത്. രണ്ടു മക്കളെയും ഭർത്താവിനെയും ദുരന്തം കവർന്നു. ഭർത്താവിന്റെ ഉപ്പയും ഉമ്മയും മരിച്ചു. വീട് അടിത്തറയടക്കം ഒലിച്ചുപോയി.
ആശുപത്രിക്കിടക്കയിലെത്തി നൈസയെ താലോലിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോഷൂട്ടല്ല, ദുരന്തബാധിതരെ ചേർത്തണച്ചുള്ള സംസ്ഥാന സർക്കാരിന്റെ മഹാമാതൃകയാണീ വീടുകൾ. ടൗൺഷിപ്പിന്റെ പ്രവൃത്തി ആരംഭിച്ച് 105–-ാം ദിവസം കാലവർഷ പ്രതിസന്ധി മറികടന്ന് ആദ്യവീട് പൂർത്തിയായി. പ്രകൃതിദുരന്തങ്ങളെ മറികടക്കാൻ കരുത്തുള്ള സാങ്കേതികവിദ്യയിലാണ് നിർമാണം. ഏഴ് സെന്റിൽ ആയിരം ചതുശ്രയടിയിൽ രണ്ട് കിടപ്പുമുറി, രണ്ട് ശുചിമുറി, സിറ്റൗട്ട്, ഡൈനിങ്, ലിവിങ്, പഠനമുറി, അടുക്കള, വർക്ക് ഏരിയ എന്നിവ ഉൾപ്പെടുന്ന ഒറ്റനില വീട്. രണ്ടുനിലയിലധികം പണിയാൻ കരുത്തുള്ള അടിത്തറ.
കൽപ്പറ്റ നഗരഹൃദയത്തിൽ സർക്കാർ ഏറ്റെടുത്ത 64.47 ഹെക്ടറിൽ അഞ്ചുസോണുകളിലായി 410 വീടാണ് നിർമിക്കുന്നത്. 122 വീടിന് നിലമൊരുക്കി. 51 എണ്ണത്തിന് മണ്ണുപരിശോധന പൂർത്തിയായി. 27 അടിത്തറയായി. 20 എണ്ണത്തിന് പില്ലർ ഉയർന്നു. 12 മീറ്റർ വീതിയിൽ പ്രധാന റോഡും ക്ലസ്റ്ററുകളിലേക്ക് പ്രത്യേക പാതകളുമുണ്ടാകും. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടിപർപ്പസ് ഹാൾ, ലൈബ്രറി, കളിയിടങ്ങൾ, വൈദ്യുതി സബ്‌സ്റ്റേഷൻ, കുടിവെള്ളം, ശുചിത്വ സംവിധാനങ്ങൾ തുടങ്ങിയവയും നിർമിക്കും.









0 comments