ഓണ്‍ലൈനായി ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ സംവിധാനം

govt hospitals
വെബ് ഡെസ്ക്

Published on Apr 05, 2025, 03:23 PM | 2 min read

തിരുവനന്തപുരം: വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 313 ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ കഴിയുന്ന സംവിധാനം സജ്ജമാണ്. ബാക്കിയുള്ള ആശുപത്രികളില്‍ കൂടി ഈ സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സംസ്ഥാനത്തെ ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളില്‍ ലഭ്യമായിട്ടുള്ള വിവിധ സേവനങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ (ഗൂഗിള്‍ പേ, ഫോണ്‍ പേ) മുതലായവ വഴി പണമടക്കുന്നതിനുള്ള സൗകര്യമാണൊരുങ്ങുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ കേരള മിഷനുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഇതിനുള്ള പിഒഎസ് ഉപകരണങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക് എന്നിവര്‍ വഴി ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓണ്‍ലൈനായി ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം ഏപ്രില്‍ 7ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.


ഓണ്‍ലൈനായി ഒപി ടിക്കറ്റ്


സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന എല്ലാ മോഡേണ്‍ മെഡിസിന്‍ ആശുപത്രികളിലും ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നതിന് വേണ്ടി മുന്‍കൂറായി ഒപി ടിക്കറ്റ് ഓണ്‍ലൈനായി എടുക്കുവാന്‍ സൗകര്യമൊരുക്കുന്നു. ഇതിന്റെ ആദ്യഘട്ടത്തില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള 687 ആശുപത്രികളും ഇ-ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടില്ലാത്ത താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള 80 ഓളം ആരോഗ്യ കേന്ദ്രങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍, അക്ഷയ കേന്ദ്രം എന്നിവ മുഖേന പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.


എം-ഇഹെല്‍ത്ത് മൊബൈല്‍ അപ്ലിക്കേഷന്‍


ഒരു വ്യക്തിക്ക് തന്റെ യുഎച്ച് ഐഡി അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് തന്റേയും തന്റെ കുടുംബത്തിലെ അംഗങ്ങളുടേയും ചികിത്സാ വിവരങ്ങള്‍, മരുന്ന് കുറിപ്പടികള്‍, ലാബ് ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ മുതലായ ഡിജിറ്റല്‍ വിവരങ്ങള്‍ മൊബൈല്‍ ആപ്പ് വഴി ലഭ്യമാക്കുന്നതാണ് എം-ഇഹെല്‍ത്ത് ആപ്പ്. ആന്‍ഡ്രോയിഡ് ഫോണില്‍ ഈ മൊബൈല്‍ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഈ മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് മുന്‍കൂറായി ഒപി ടിക്കറ്റ് എടുക്കുവാനും സാധിക്കുന്നതുമാണ്.


സ്‌കാന്‍ എന്‍ ബുക്ക്


സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറുടെ സേവനം ലഭിക്കുന്നതിന് മുന്‍കൂറായി ടോക്കണ്‍ എടുക്കാതെ വരുന്ന രോഗികള്‍ക്ക് ക്യൂ ഇല്ലാതെ ടോക്കണ്‍ എടുക്കാന്‍ കഴിയുന്നതാണ് സ്‌കാന്‍ എന്‍ ബുക്ക് സംവിധാനം. ആശുപത്രിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യുആര്‍ കോഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് ഒപി ടിക്കറ്റ് ഓണ്‍ലൈനായി എടുക്കുവാന്‍ ഇതിലൂടെ സാധിക്കും. ഇതുവഴി റിസപ്ഷനില്‍ ക്യൂ നില്‍കാതെ ഡോക്ടറുടെ സേവനം തേടുവാന്‍ കഴിയുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home