മകളുടെ ചികിത്സയ്ക്ക് എഫ്ബി പോസ്റ്റിൽ കമന്റ്; ഉടൻ ഇടപെടലുമായി ആരോഗ്യമന്ത്രി

വീണാ ജോർജ്
തിരുവനന്തപുരം: മകളുടെ ചികിത്സയ്ക്കായി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റ് ചെയ്തതിന് പിന്നാലെ ഉടൻ നടപടി. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള മകൾക്കായി പാലക്കാട് ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് ഒരുമാസമായിട്ടും തുടർ നടപടി ഉണ്ടായില്ല എന്നാണ് പ്രകാശ് സി എന്നയാൾ മന്ത്രിയുടെ പോസ്റ്റിൽ കമന്റ് ചെയ്തത്. ഉടൻ തന്നെ നോഡൽ ഓഫീസർ താങ്കളെ ബന്ധപ്പെടുമെന്ന് മന്ത്രി കമന്റിന് മറുപടി നൽകി. മിനിറ്റുകൾക്കുള്ളിൽ പ്രകാശിനെ നോഡൽ ഓഫീസർ ബന്ധപ്പെടുകയും അടുത്ത ദിവസം കാണാൻ അനുമതി നൽകുകയും ചെയ്തു. പ്രകാശ് തന്നെയാണ് ഇക്കാര്യം മന്ത്രിയുടെ കമന്റിന് മറുപടി ആയി അറിയിച്ചത്.

എറണാകുളം ലിസി ആശുപത്രിയിൽ ആയിരുന്നു പ്രകാശിന്റെ മകൾക്ക് ആദ്യം ചികിത്സ. ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി 2020ൽ സർജറിയും നടത്തി. പദ്ധതിയിൽ നിന്നും ഇപ്പോൾ ലിസി ആശുപത്രി ഒഴിവായതിനാൽ അമൃത ആശുപത്രിയിൽ ചികിത്സ തുടരുന്നുവെന്നും പ്രകാശിന്റെ കമന്റിൽ പറഞ്ഞിരുന്നു. എന്നാൽ ലിസി ആശുപത്രിയെ നിലവിലും ഹൃദ്യം പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.









0 comments