രണ്ടാനച്ഛന്റെ ക്രൂരതയ്ക്കിരയായ മൂന്നാം ക്ലാസുകാരനെ വിദ്യാഭ്യാസമന്ത്രി സന്ദർശിച്ചു

വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം
കൊല്ലം: രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച മൂന്നാം ക്ലാസുകാരനെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. കുട്ടിയുടെ കൊല്ലത്തെ ബന്ധുവീട്ടിലെത്തിയ മന്ത്രി വിവരങ്ങൾ ആരാഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി എല്ലാ സഹായങ്ങളും ഉറപ്പുവരുത്തിയിരുന്നു. കുട്ടികളെ ഉപദ്രവിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കുട്ടിയുടെ കാല് ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തിൽ രണ്ടാനച്ഛനായ തേവലക്കര പാലയ്ക്കൽ വാടകയ്ക്കു താമസിക്കുന്ന മൈനാഗപ്പള്ളി സ്വദേശി കൊച്ചനിയൻ ഇപ്പോൾ റിമാൻഡിലാണ്. ആയുധം കൊണ്ട് ഉപദ്രവിക്കൽ, ജുവൈനൽ ജസ്റ്റിസ് ആക്ട് 75 വകുപ്പ് എന്നിവയാണ് ചുമത്തിയത്. അമ്മ വിദേശത്തായതിനാൽ അമ്മൂമ്മയുടെയും രണ്ടാനച്ഛനും ഒപ്പമായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്.
അമ്മൂമ്മയോട് വികൃതി കാണിച്ചതിനെ തുടർന്നാണ് കുട്ടിയെ കൊച്ചനിയൻ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചത്.
പൊള്ളിയത് പഴുത്ത് തുടങ്ങിയിട്ടും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനും ഇയാൾ തയ്യാറായില്ല. സ്‌കൂളിലെത്താത്തതിനെ തുടർന്ന് അധ്യാപകരുടെ നിർദേശ പ്രകാരം അങ്കണവാടി അധികൃതർ കുട്ടിയോട് അന്വേഷിച്ചപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞത്. തുടർന്നുള്ള പരിശോധനയിൽ കാല് പൊള്ളലേറ്റിരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയും അധികൃതർ വിവരം ചവറ തെക്കുംഭാഗം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പലപ്പോഴും രണ്ടാനച്ഛൻ ഉപദ്രവിക്കാറുണ്ടന്ന് കുട്ടി മൊഴിനൽകിതിനെ തുടർന്നാണ് അറസ്റ്റ്.
കുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. എസ്എച്ച്ഒ ശ്രീകുമാർ,എസ്‌ഐമാരായ എൽ നിയാസ്, എ റഹിം,എഎസ്‌ഐ സുരേഷ്, സിവിൽ പൊലീസ് ഓഫീസർ ലതിക എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.








0 comments