തൃപ്പൂണിത്തുറയിലെ വിദ്യാർഥിയുടെ മരണം: അടിയന്തര നിയമനടപടിയെടുക്കും- മന്ത്രി വി ശിവൻകുട്ടി

v sivankutty
തിരുവനന്തപുരം: തൃപ്പൂണിത്തുറയിൽ വിദ്യാർഥി ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ പൊലീസ് അടിയന്തര നിയമനടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി വി ശിവൻകുട്ടി. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷിക്കാനും മേൽ നടപടികൾ എന്തൊക്കെ കൈക്കൊള്ളണമെന്ന് നിർദ്ദേശിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എറണാകുളം തിരുവാണിയൂരിൽ സിബിഎസ്ഇ സ്കൂളിൽ വച്ച് വിദ്യാർത്ഥി ക്രൂരമായ പീഡനങ്ങൾക്ക് വിധേയമായതിനെ തുടർന്ന് ജീവനൊടുക്കിയെന്ന അമ്മയുടെ പരാതി ശ്രദ്ധയിൽപ്പെട്ടു. സംസ്ഥാനത്തെ ഓരോ സ്കൂളും സംസ്ഥാന സർക്കാരിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അവിടങ്ങളിൽ പഠിക്കുന്ന എല്ലാ കുട്ടികളും കേരളത്തിന്റെ മക്കളാണ്. സംസ്ഥാനത്തെ ഏതെങ്കിലും സ്കൂളിൽ, അത് ഏത് സ്ട്രീമിൽപ്പെട്ട സ്കൂൾ ആകട്ടെ, സമൂഹനന്മയ്ക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്താനും തടയാനും സ്ഥാപനത്തിന് എതിരെ അടക്കം ശക്തമായ നടപടിയെടുക്കാനും നിയമഭേദഗതി ആവശ്യമെങ്കിൽ അക്കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥി ഫ്ലാറ്റിൽനിന്ന് വീണ് മരിച്ചതിന് പിന്നിൽ സ്കൂളിലെ ക്രൂരമായ റാഗിങ്ങാണെന്നും ടോയ്‌ലറ്റ് നക്കിച്ചതുൾപ്പെടെ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് മകൻ ഇരയായെന്നും കുടുംബം പരാതി നൽകിയിരുന്നു. സഹപാഠികൾ മിഹിറിനെ ശുചിമുറിയിൽ കൊണ്ടുപോയി മർദിച്ചതായും ക്ലോസറ്റ് നക്കിച്ചതായും മുഖം താഴ്ത്തി ഫ്ലഷ് ചെയ്‌തതായും പരാതിയിലുണ്ട്. സ്കൂളിലെ റാഗിങ്ങാണ് മിഹിർ അഹമ്മദ് മരിക്കാൻ കാരണമെന്ന് പരാതിയിൽ പറയുന്നു. ഹിൽപാലസ് പൊലീസിൽ ആദ്യം പരാതി നൽകിയിരുന്നു. മകന്റെ മരണശേഷം സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച സോഷ്യൽ മീഡിയ ചാറ്റിൽ നിന്നാണ് മകൻ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്.
‘മിഹിർ മൂന്ന് മാസം മുമ്പ് പുതുതായി ചേർന്ന ഗ്ലോബൽ പബ്ലിക് സ്കൂളിൽ വെച്ച് ഒരു പ്രത്യേക ഗ്യാങ് വിദ്യാർഥികളാൽ അതി ക്രൂരമായി റാഗ് ചെയ്യപ്പെട്ടിരുന്നു. അവന്റെ ചില സഹപാഠികളോടും സുഹൃത്തുക്കളോടും സംസാരിച്ചതിൽ നിന്നും, ഞങ്ങൾക്ക് ലഭ്യമായ ചില സോഷ്യൽ മീഡിയ ചാറ്റുകളുടെ അടിസ്ഥാനത്തിലും അവൻ ശക്തമായ മാനസിക ശാരീരിക പീഡനങ്ങൾക്ക് വിധേയനായിരുന്നു എന്നത് വ്യക്തമാവുകയായിരുന്നു. അത്തരമൊരു നിസ്സഹായമായ ഘട്ടത്തിൽ അവൻ എടുത്തതാണ് ആ തീരുമാനം എന്ന് ഞങ്ങൾക്ക് ബോധ്യപ്പെടാൻ തക്ക തെളിവുകളും ഞങ്ങൾക്ക് ലഭ്യമാവുകയുണ്ടായി. സ്‌കൂളിൽ വെച്ചും സ്കൂൾ ബസിൽ വെച്ചും ഞങ്ങളുടെ മകൻ അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. അവനു ശാരീരിക ഉപദ്രവമേൽക്കുകയും നിറത്തിന്റെ പേരിലും മറ്റുമുള്ള പരിഹാസവും കുത്ത് വാക്കുകളും സഹിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. വാഷ് റൂമിൽ കൊണ്ട് പോയി അവനെ അതി കഠിനമായി ഉപദ്രവിക്കുകയും ക്ളോസറ്റിൽ ബലാൽക്കാരമായി മുഖം പൂഴ്ത്തിച്ചു ഫ്ലഷ് ചെയ്യുകയും ടോയ്‌ലറ്റിൽ നക്കിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾക്ക് ബോധ്യമായ കാര്യങ്ങളാണ്’ എന്ന് അമ്മ പരാതിയിൽ പറഞ്ഞു.
തൃപ്പൂണിത്തുറ ചോയ്സ് പാരഡൈസിൽ താമസിക്കുന്ന സലിം– റജ്ന ദമ്പതികളുടെ മകൻ മിഹിർ അഹമ്മദ് (15) ജനുവരി 15ന് ഫ്ലാറ്റിന്റെ 26-ാംനിലയിൽനിന്ന് വീണ് മരിക്കുകയായിരുന്നു. തിരുവാണിയൂർ ഗ്ലോബൽ സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്.








0 comments