മേയർ എഴുതി തന്നാൽ 113 ബസും തിരിച്ചുകൊടുക്കാം, പകരം 150 എണ്ണം കെഎസ്ആർടിസി ഇറക്കും: ഗതാഗതമന്ത്രി

തിരുവനന്തപുരം: സ്മാർട്ട് സിറ്റിയുടെ ഭാഗമായി കെഎസ്ആർടിസിക്കു നൽകിയ ഇലക്ട്രിക് ബസുകൾ കോർപറേഷന് തിരിച്ചുനൽകണമെന്ന തിരുവനന്തപുരം മേയർ വി വി രാജേഷിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ. ഏറ്റവും തിരക്കുള്ള സമയങ്ങളിൽ നഗരത്തിൽ സർവീസ് നടത്തിയശേഷം പ്രാന്തപ്രദേശങ്ങളിലുള്ളവരെയും നഗരത്തിലേക്ക് കൊണ്ടുവരാൻ ഉപയോഗിക്കണമെന്ന് കരാറിൽ വ്യക്തമായി പറയുന്നുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കരാർ ഉൾപ്പെടെ വായിച്ചുനോക്കി മേയർ പഠിക്കണം. എന്നിട്ടും തൃപ്തിവരുന്നില്ലെങ്കിൽ ബസുകൾ തിരികെ വേണം എന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയാൽ, കോർപറേഷൻ പറയുന്ന സ്ഥലത്ത് 113 ബസുകളും എത്തിക്കാം. എന്നാൽ ഡ്രൈവറും കണ്ടക്ടറും കൂടാതെ ടിക്കറ്റ് മെഷീനും വർക്ഷോപ്പും കെഎസ്ആർടിസിയുടേതാണെന്നും മന്ത്രി വ്യക്തമാക്കി.
കോർപ്പറേഷൻ ബസുകൾ വാങ്ങിയത് കേന്ദ്ര പദ്ധതിയിൽ എന്ന് പറയാൻ കഴിയില്ല. സ്മാർട്ട് സിറ്റി പദ്ധതിയുടെ കേന്ദ്രവിഹിതം 500 കോടി രൂപയാണ്. സംസ്ഥാന സർക്കാരിന്റെ വിഹിതവും 500 കോടി രൂപയാണ്. തിരുവനന്തപുരം കോർപറേഷന്റെ വിഹിതം 135.7 കോടി രൂപ. ആകെ പദ്ധതിയുടെ 60% തുകയും സംസ്ഥാന സർക്കാരിന്റേതാണ്. ബസുകളുടെ പരിപാലനചെലവും കെഎസ്ആർടിസിയാണ് നോക്കേണ്ടത്. സാധാരണ സൂപ്പർ ഫാസ്റ്റ് ബസുകളുടെ ടയർ 60,000 കിലോമീറ്റർ വരെ ഓടിക്കാമെങ്കിൽ ഈ ഇലക്ട്രിക് ബസുകൾക്ക് 30,000 കിലോമീറ്ററിൽ അധികം ഓടാനാകില്ല. അഞ്ചാം വർഷം ബാറ്ററി വേറെ വാങ്ങണം. 28 ലക്ഷം രൂപവേണം ഒരു ബസിന് ബാറ്ററി മാറാൻ. അത്രയും പണം കൊടുത്താൻ ഇതേ വലിപ്പമുള്ള ഡീസൽ മിനി ബസ് വാങ്ങാം. 52 രൂപവരെ ശരാശരി കിലോമീറ്റർ വരുമാനം നൽകുന്നുണ്ട് ഡീസൽ മിനി ബസ്. എന്നാൽ ഒരു കോടി രൂപ നൽകി വാങ്ങുന്ന ഇലക്ട്രിക് ബസിൽനിന്ന് കിലോമീറ്ററിന് ശരാശരി 42 രൂപയാണ് വരുമാനം ലഭിക്കുന്നത്.
നെടുമങ്ങാടുനിന്നും പോത്തൻകോടുനിന്നും ആറ്റിങ്ങലിൽനിന്നുമൊക്കെ ഉള്ളവരെ തിരുവനന്തപുരത്തേക്ക് ഇലക്ട്രിക് ബസിൽ കൊണ്ടുവരില്ല എന്ന് പറയാൻ സംസ്ഥാന സർക്കാരിനാകില്ല. കോർപറേഷന് 113 ബസുകൾ തിരികെക്കൊടുത്താൽ പകരം 150 ബസുകൾ ഗ്രാമപ്രദേശങ്ങളിലേക്ക് കെഎസ്ആർടിസി കൊണ്ടുവരും. കിഫ്ബിയിൽ നിന്ന് തുക കണ്ടെത്തി വാങ്ങിയ 50 ഇലക്ട്രിക് ബസുകൾ ഉൾപ്രദേശങ്ങളിൽ സർവീസ് നടത്തുന്നുണ്ട്. ആ സർവീസുകളും തുടരും. തിരുവനന്തപുരത്തെ ജനങ്ങളെ കെഎസ്ആർടിസി ബുദ്ധിമുട്ടിക്കില്ല.
സുഗമമായി മുന്നോട്ടുപോകുന്ന സംവിധാനത്തെ അലങ്കോലപ്പെടുത്തുന്നത് ജനാധിപത്യത്തിൽ നല്ലതല്ല. കേരളത്തിലെയാകെ ചെറുതും വലുതുമായ ഡിപ്പോകളിലെ ജീവനക്കാരുടെയും ജനങ്ങളുടെയും വിജയമാണ് കെഎസ്ആർടിസി കൈവരിച്ച നേട്ടമെന്നും മന്ത്രി പറഞ്ഞു.









0 comments