ക്ഷീരസംഘം പ്രസിഡന്റ് തൂങ്ങിമരിച്ചു; കോൺഗ്രസ് നേതൃത്വത്തിനെതിരെ ആത്മഹത്യകുറിപ്പ്

പാലക്കാട്: കോൺഗ്രസ് ഭരിക്കുന്ന ക്ഷീര സഹകരണ സംഘത്തിന്റെ പ്രസിഡൻ്റ് നേതൃത്വത്തിനെതിരെ ആത്മഹത്യകുറിപ്പ് എഴുതിവച്ചശേഷം വീട്ടിൽ തൂങ്ങിമരിച്ചു. കോൺഗ്രസ് നേതാവും പുതുപ്പരിയാരം തെക്കേപ്പറമ്പ് ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡന്റുമായ വി കെ പ്രഭാകരൻ (70) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ട് സംഘത്തിൽ നിന്ന് കോൺഗ്രസ് നേതാവുകൂടിയായ സെക്രട്ടറിയും ജീവനക്കാരിയും 15 ലക്ഷം രൂപ തട്ടിയെന്നും ഇതിന്റെ കണക്ക് ചോദിച്ചിട്ടും നൽകാതെ നീട്ടികൊണ്ടുപോയി എന്നും കത്തിൽ പറയുന്നു.
ഈ പണം മുഴുവൻ തിരിച്ചടയ്‌ക്കേണ്ടിവരുമെന്ന ആശങ്ക പ്രഭാകരൻ അടുത്ത സൃഹൃത്തുക്കളോട് പങ്കുവച്ചിരുന്നു. ഇടക്കാലത്ത് സെക്രട്ടറി ചുമതല വഹിച്ചിരുന്ന ശരത്‌കുമാർ, ജീവനക്കാരി രമ എന്നിവർ ചേർന്നാണ് പണം തട്ടിയതെന്നും ആതമഹത്യകുറിപ്പിൽ പറയുന്നു. ഹേമാംബിക നഗർ പൊലീസിനാണ് കത്ത് എഴുതിയിരിക്കുന്നത്. ഇരുവർക്കുമെതിരെ ഹേമാംബിക നഗർ പൊലീസിൽ പരാതിയും നൽകിയിരുന്നു. മരണത്തിൽ സമഗ്രഅന്വേഷണം വേണമെന്ന് പ്രഭാകരന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവകസം വൈകീട്ടാണ് പ്രഭാകരനെ വീടിനോട് ചേർന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.









0 comments