മിഹിറിന്റെ മരണം; സ്കൂൾ അധികൃതർ നുണ പറയുന്നെന്ന് കുടുംബം

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ വിദ്യാർഥി ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ സ്കൂൾ നുണ പറയുന്നെന്ന് മിഹിറിന്റെ കുടുംബം. മുൻപ് പഠിച്ച സ്കൂളിൽ നിന്ന് മിഹിറിനെ പുറത്താക്കിയതല്ല. കുട്ടി റാഗിങ്ങിന് ഇരയായെന്ന ചൂണ്ടിക്കാട്ടി ജനുവരി 25ന് സ്കൂളിന് പരാതി നൽകിയിരുന്നു. മിഹിറിനെ ഉപദ്രവിച്ച സംഘത്തെക്കുറിച്ച് മറ്റ് കുട്ടികൾ നേരത്തെ പരാതി നൽകിയിട്ടുണ്ട്. പരാതികളിൽ നടപടി എടുത്തിരുന്നെങ്കിൽ മിഹിർ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു. മിഹിറിനെ റാഗിങ്ങിന് ഇരയാക്കിയവരിൽ പ്രായപൂർത്തിയായ ഒരാളും ഉണ്ടായിരുന്നെന്നു. ജനുവരി 14 നടന്നെന്ന് പറയുന്ന വഴക്കിൽ മിഹിർ കുറ്റക്കാരൻ ആയിരുന്നില്ല. സാക്ഷി ആയിരുന്നു വെന്നും ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ നുണപറയുന്നതായും മിഹിറിന്റെ അമ്മ പറഞ്ഞു.
തൃപ്പൂണിത്തുറ ചോയ്സ് പാരഡൈസിൽ താമസിക്കുന്ന സലിം– റജ്ന ദമ്പതികളുടെ മകൻ മിഹിർ അഹമ്മദ് (15) ജനുവരി 15ന് ഫ്ലാറ്റിന്റെ 26-ാംനിലയിൽനിന്ന് വീണ് മരിക്കുകയായിരുന്നു. തിരുവാണിയൂർ ഗ്ലോബൽ സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. മിഹിർ ക്രൂരമായ റാഗിങ്ങിന് ഇരയായെന്നും അതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നും കുടുംബം പരാതി നൽകിയിരുന്നു. ടോയ്‌ലറ്റ് നക്കിച്ചതുൾപ്പെടെ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് മകൻ ഇരയായെന്ന് ചൂണ്ടിക്കാട്ടി സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ബാലാവകാശ കമീഷനും മിഹിറിന്റെ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു.
സഹപാഠികൾ മിഹിറിനെ ശുചിമുറിയിൽ കൊണ്ടുപോയി മർദിച്ചതായും ക്ലോസറ്റ് നക്കിച്ചതായും മുഖം താഴ്ത്തി ഫ്ലഷ് ചെയ്‌തതായും പരാതിയിലുണ്ട്. സ്കൂളിലെ റാഗിങ്ങാണ് മിഹിർ അഹമ്മദ് മരിക്കാൻ കാരണമെന്ന് പരാതിയിൽ പറയുന്നു. മകന്റെ മരണശേഷം സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച സോഷ്യൽ മീഡിയ ചാറ്റിൽ നിന്നാണ് മകൻ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്. സംഭവത്തിൽ പൊലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തി വരികയാണ്. അതേ സമയം, മിഹിർ പ്രശ്നക്കാരനാണെന്നും ആരോപണ വിധേയരായ വിദ്യാർഥികൾക്കെതിരെ തെളിവില്ലെന്നും ഗ്ലോബൽ പബ്ലിക് സ്കൂൾ വാർത്താ കുറിപ്പിറക്കിയിരുന്നു.








0 comments