തൊഴിലുറപ്പ് പദ്ധതി; കേരളത്തിന്റെ കുടിശിക ലഭ്യമാക്കണം, വേതന നിരക്ക് വർധിപ്പിക്കണം: കെഎസ്കെടിയു

ksktu
വെബ് ഡെസ്ക്

Published on Mar 29, 2025, 05:17 PM | 1 min read

തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന് ലഭിക്കാനുള്ള 1055.81കോടി രൂപയുടെ കുടിശിക എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പദ്ധതിയുടെ മൊത്തം കുടിശ്ശിക 26,097.23 കോടി രൂപയാണ്. ഇതിൽ 15,277 കോടി രൂപ പാവപ്പെട്ട തൊഴിലാളികൾക്കുള്ള വേതന കുടിശികയാണ്. ഭീമമായ തുക കുടിശികയാക്കിയ കേന്ദ്ര സർക്കാർ, 2025-26 വർഷത്തെ വേതന നിരക്ക് 2-7 ശതമാനമായി വർധിപ്പിച്ചത് പാവപ്പെട്ട ജനവിഭാഗങ്ങളെ പറ്റിക്കാൻ വേണ്ടി മാത്രമാണ്.


തൊഴിലുറപ്പ് പദ്ധതിക്കായി ബജറ്റിൽ മാറ്റിവെച്ചിരിക്കുന്ന തുകയിൽ ഒരു രൂപയുടെ വർധനവ് പോലും വരുത്താൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ വേതനം വർധിപ്പിക്കുമെന്ന വാഗ്ദാനം എങ്ങിനെയാണ് നടപ്പിലാക്കുക എന്ന് ഗ്രാമീണ ഇന്ത്യയോട് വീശദീകരിക്കാൻ തയ്യാറാവണം. രാജ്യത്ത് ശതകോടീശ്വരൻമാരുടെ എണ്ണം വർധിപ്പിക്കാൻ ഉതകുന്ന നയങ്ങൾ അടിച്ചേൽപ്പിക്കുകയും അവരുടെ കോടിക്കണക്കിനുള്ള വായ്പകൾ എഴുതി തള്ളുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ, തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർധിപ്പിക്കുമെന്ന് പറഞ്ഞ് പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് മുന്നിൽ ഗിമ്മിക്ക് കാണിക്കുകയാണ്.


കേരളത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള വേതനം നിലവിൽ 346 രൂപയാണ്. അത് 369 രൂപയായി വർധിപ്പിക്കുമെന്നാണ് കേന്ദ്രം പറയുന്നത്. ബിജെപി ഭരിക്കുന്ന ഹരിയാനയിൽ 400 രൂപയായാണ് വേതന വർധനവ് വരുത്തിയിരിക്കുന്നത്. രാജ്യത്ത് തൊഴിലുറപ്പ് പദ്ധതി ഏറ്റവും നല്ല രീതിയിൽ നടപ്പിലാക്കുന്ന സംസ്ഥാനമായ കേരളത്തെ വേതനത്തിന്റെ കാര്യത്തിലും രണ്ടാംകിടയായി പരിഗണിക്കുന്ന മനോഭാവം കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള വൈര്യനിര്യാതന ബുദ്ധിയുടെ ഉദാഹരണമാണ്. കേരളത്തിലെ പാവപ്പെട്ട തൊഴിലാളികൾക്ക് ആശ്വാസമേകുന്ന തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഏഴ് ശതമാനമെങ്കിലും വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും കേരളത്തിന് ലഭിക്കാനുള്ള കുടിശ്ശിക എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ കൈക്കൊള്ളണമെന്നും കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home