തൊഴിലുറപ്പിനിടെ മരിച്ചാൽ 2 ലക്ഷം ധനസഹായം ; 2022 ജൂൺ ഒന്നുമുതൽ മുൻകാല പ്രാബല്യം

തിരുവനന്തപുരം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ജോലിക്കിടെ മരണം സംഭവിക്കുകയോ സ്ഥിരമായ അംഗവൈകല്യം ഉണ്ടാകുകയോ ചെയ്‌താൽ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്‌ടപരിഹാരത്തിന് അർഹത. 2022 ജൂൺ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ തദ്ദേശവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കി. ജോലിക്കിടെ ഉണ്ടാകുന്ന അപകടത്തിലോ കുഴഞ്ഞുവീണോ, ഹൃദയാഘാതത്തെത്തുടർന്നോ മരണം സംഭവിക്കുകയോ അംഗംവൈകല്യം ഉണ്ടാകുകയോ ചെയ്‌താൽ തൊഴിലാളിക്കോ നിയമപരമായ അവകാശികൾക്കോ പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന (പിഎംഎസ്‌ബിവൈ) പ്രകാരമുള്ള സഹായത്തുകയായ 2 ലക്ഷം രൂപ ലഭിക്കും. മുമ്പ് ‘ആം ആദ്‌മി ബിമാ യോജന' പ്രകാരമുള്ള എക്‌സ്ഗ്രേഷ്യ സഹായമായ 75,000 രൂപ ആയിരുന്നു അനുവദിച്ചിരുന്നത്. 5 ദിവസത്തിനകം പഞ്ചായത്ത് തുക അനുവദിക്കണം.
തൊഴിലാളിയോടൊപ്പം പ്രവൃത്തി സ്ഥലത്ത് വരുന്ന കുട്ടികൾക്ക് ഇവിടെ വച്ച് അപകടമരണമോ അംഗവൈകല്യമോ സംഭവിച്ചാൽ ഒരു ലക്ഷം രൂപ രക്ഷാകർത്താവിന് സഹായധനമായി ലഭിക്കും. ഈ ആനുകൂല്യം പൂർണമായും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അഡ്മിൻ ഫണ്ടിൽനിന്നുമാണ് വഹിക്കേണ്ടത്. അഡ്മിൻ ഫണ്ടിൽ തുക ലഭ്യമല്ലെങ്കിൽ പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് അനുവദിക്കണം. അഡ്മിൻ ഫണ്ട് ലഭ്യമാവുന്ന മുറയ്ക്ക് ഈ തുക തിരിച്ചെടുക്കാമെന്ന് ഉത്തരവിൽ പറയുന്നു.









0 comments