ആരോപണ വിധേയർക്ക് അഴിമതിയുടെ പശ്ചാത്തലം
സർക്കാർവിരുദ്ധ ജ്വരത്തിൽ യുഡിഎഫിനെ വെളുപ്പിച്ച് മാധ്യമങ്ങൾ

തിരുവനന്തപുരം
ശബരിമല സ്വർണപാളി വിഷയത്തിൽ വാസ്‌തവം മറയ്‌ക്കാനും യുഡിഎഫിനെ രക്ഷിക്കാനുമുള്ള വാർത്താനിർമിതിയിൽ ഏതാനും മാധ്യമങ്ങൾ. ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് വരുംമുന്പാണ് സർക്കാർ വിരുദ്ധ വാർത്ത തയ്യാറാക്കിയത്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും കോടതി വിധിയിലും സർക്കാരിനെതിരെ ഒന്നുമില്ലെന്നതിന്റെ ജാള്യവും നിരാശയും വാർത്തകളിൽ പ്രകടം.
ആഗോള അയ്യപ്പസംഗമത്തിനു മൂന്നുദിവസം മുന്പ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ ഏഷ്യാനെറ്റ് ന്യൂസിലൂടെ ഉണ്ണികൃഷ്‌ണൻ പോറ്റി ‘ശബരിമലയിലെ ദ്വാരപാലക ശിൽപ്പപീഠം കാണാനില്ല’ എന്ന് പറഞ്ഞപ്പോൾ ഏറ്റുപിടിച്ചതാണ് മാധ്യമങ്ങൾ. സർക്കാരും ദേവസ്വം ബോർഡും എൽഡി എഫിന്റെ ആയപ്പോൾ യുഡിഎഫ് അനുകൂല മാധ്യമങ്ങൾക്ക് ആഘോഷം പരിധിവിട്ടു.
വാർത്ത കാത്തിരുന്നതുപോലെയായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ബിജെപി നേതാക്കളും അതുതന്നെ ആവർത്തിച്ചു. ഉണ്ണികൃഷ്‌ണൻ പോറ്റി മാധ്യമങ്ങൾക്ക് ഹീറോ ആയി. ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ ഇയാളുടെ സഹോദരിയുടെ വീട്ടിൽനിന്ന് ‘കാണാതായ ശിൽപ്പപീഠം’ കണ്ടെത്തുകയും വാദി പ്രതിയാകുകയുംചെയ്‌തെങ്കിലും മനോരമയും മാതൃഭൂമിയും വിട്ടില്ല.
വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിലെത്തുന്പോൾ സർക്കാരിനെതിരെ പരാമർശമുണ്ടാകുമെന്ന പ്രതീക്ഷയും തെറ്റി. വിജിലൻസ് കണ്ടെത്തിയ കുറ്റക്കാരാകട്ടെ കോൺഗ്രസ് അനുകൂല ഉദ്യോഗസ്ഥരും. പോറ്റിക്ക് കോൺഗ്രസും ബിജെപിയുമായും നല്ല ബന്ധവും. എന്നിട്ടും യുഡിഎഫിനെ വെളുപ്പിക്കാൻ വാർത്തസൃഷ്‌ടിക്കൽ തുടരുന്നു. അതിന്റെ ഭാഗമാണ് ശനിയാഴ്‌ചത്തെ മാതൃഭൂമി കാർട്ടൂൺ. വായനക്കാരനിൽ തെറ്റിദ്ധാരണ ഉണ്ടാക്കുംവിധം മുഖ്യമന്ത്രിയും മന്ത്രിമാരെയും വരച്ചത് കടന്നകൈയായി. ശബരിമലയിലെ കാര്യങ്ങളിൽ സർക്കാരിന് പങ്കില്ലെന്ന് അറിയാത്തതല്ല മാതൃഭൂമിയുടെ പ്രശ്‌നം, സർക്കാർ വിരുദ്ധ ജ്വരം തലയിൽ കയറിയതാണ്.
ആരോപണ വിധേയർക്ക് അഴിമതിയുടെ പശ്ചാത്തലം
ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളി ദേവസ്വം ബോർഡിന്റെ അറിവില്ലാതെ ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് കൈമാറിയ സംഭവത്തിലെ ആരോപണവിധേയർ അഴിമതിക്ക് കുടപിടിച്ച ഉദ്യോഗസ്ഥർ. യുഡിഎഫ് ഭരണകാലത്താണ് ഉപജാപകവൃന്ദം ബോർഡിൽ പിടിമുറുക്കിയത്. മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ തിരുവാഭരണ കമീഷണറായിരിക്കെയാണ് അന്പലപ്പുഴ ക്ഷേത്രത്തിലെ മോഷണവും ഹരിപ്പാട് ക്ഷേത്രത്തിലെ കന്പവിളക്ക് കാണാതായതും. ഉപദേശകസമിതിയുടെ നേതൃത്വത്തിൽ 12 വർഷംമുന്പ് നാട്ടുകാർ വാങ്ങിക്കൊടുത്ത പഞ്ചലോഹത്തിലുള്ള കന്പവിളക്ക് നഷ്ടമായത് വിവാദമായിരുന്നു. ദേവസ്വം അന്വേഷകസംഘം എത്തിയെങ്കിലും ഇതിന്റെ ഫയലടക്കം കാണാനായില്ല്ല. പ്രതിഷേധം ശക്തമായി, ഡെപ്യൂട്ടി ദേവസ്വം കമീഷണർ ഉൾപ്പെടെയുള്ളവരെ നാട്ടുകാർ തടഞ്ഞുവച്ചു. ഒടുവിൽ ബോർഡ് രണ്ട് കന്പവിളക്ക് വാങ്ങിനൽകിയാണ് പ്രശ്‌നം പരിഹരിച്ചത്.
അന്പലപ്പുഴയിലെ തിരുവാഭരണ മോഷണം പുറത്തുവന്നത് പൊലീസിന്റെ അന്വേഷണത്തിലാണ്. ജയശ്രീ ദേവസ്വം സെക്രട്ടറിയായിരിക്കെ അഴിമതി സംബന്ധമായ ഫയലുകൾ ബോർഡിന്റെ അജൻഡയിൽ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിനാൽ വിജിലൻസിന് കൈമാറേണ്ട ഗുരുതര കേസുകൾപോലും അട്ടിമറിക്കപ്പെട്ടു. അക്കാലത്ത് ബോർഡ് അംഗങ്ങൾ കൊണ്ടുവന്ന സുപ്രധാന നിർദേശങ്ങളടങ്ങിയ ഫയലുകൾ വച്ചുതാമസിപ്പിച്ചെന്നും ആരോപണമുണ്ടായി.
ശിൽപ്പപാളി കേസിൽ സസ്‌പെൻഷനിലുള്ള ഹരിപ്പാട് ഡെപ്യൂട്ടി കമീഷണർ മുരാരി ബാബുവിന്റെ പങ്കും അന്പലപ്പുഴ, ഹരിപ്പാട് സംഭവങ്ങളിൽ ചർച്ചയായിരുന്നു. ഏറ്റുമാനൂർ ക്ഷേത്രത്തിൽനിന്ന് സ്വർണമാലയും തളികയും നഷ്ടപ്പെട്ടത് മുരാരി ദേവസ്വം അഡ്‌മിനിസ്‌ട്രേഷൻ ഓഫീസർ ആയിരിക്കെയാണ്. എന്നാൽ തുടർ നടപടികളുണ്ടായില്ല. ചെങ്ങന്നൂർ ദേവസ്വം അസിസ്‌റ്റന്റ് ഓഫീസറായിരുന്നപ്പോൾ ശബരിമല ഇടത്താവളത്തിനെതിരെ ഇയാൾ നീക്കം നടത്തിയെന്നും ആരോപണമുണ്ട്. മുൻ ദേവസ്വംമന്ത്രി വി എസ് ശിവകുമാറിന്റെ സഹോദരൻ വി എസ് ജയകുമാറാണ് യുഡിഎഫ് സർക്കാരുമായി ഇവരെ കണ്ണിചേർത്തിരുന്നത്.









0 comments