ad
Deshabhimani

ആറ്റുകാൽ പൊങ്കാലയുടെ പേരിൽ വൻ അഴിമതി? തൊഴിലാളികളുടെ എണ്ണം പെരുപ്പിച്ച് ലക്ഷങ്ങൾ തട്ടിയെന്ന് ആരോപണം

V V Rajesh Attukal Pongala

തിരുവനന്തപുരം മേയര്‍ വി വി രാജേഷ് (ഇടത്), ആറ്റുകാൽ പൊങ്കാലയില്‍നിന്ന് (വലത്)

വെബ് ഡെസ്ക്

Published on Jun 18, 2026, 02:17 PM | 2 min read

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ ശുചീകരണത്തിന്റെ മറവിൽ ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ ഭരണസമിതി വൻ അഴിമതി നടത്തിയതായി ആരോപണം. ശുചീകരണത്തൊഴിലാളികളുടെ എണ്ണം പെരുപ്പിച്ചുകാട്ടിയും, മാലിന്യ നീക്കത്തിന് വാഹനങ്ങൾ വാടയ്ക്ക് എടുത്തതായി രേഖകളിൽ എഴുതിയലും ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് ആരോപണം ഉയരുന്നത്. പൊങ്കാലയ്ക്ക് മുൻ വർഷത്തേക്കാൾ 1597 തൊഴിലാളികളെ അധികം വിനിയോഗിച്ചു എന്നാണ് വിവരാവകാശരേഖ പ്രകാരമുള്ള ചോദ്യത്തിന് കോർപറേഷൻ നൽകിയ മറുപടി. എന്നാൽ, കഴിഞ്ഞവർഷങ്ങളിൽനിന്നെല്ലാം വ്യത്യസ്തമായി പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കാൻ കോർപറേഷന് സാധിച്ചിരുന്നില്ല.


2025ൽ 3189 തൊഴിലാളികളായിരുന്നു ആറ്റുകാൽ പൊങ്കാല ശുചീകരണത്തിന് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ 4786 പേരുടെ ശമ്പളമാണ് എഴുതി എടുത്തത്. കഴിഞ്ഞ വർഷം ദിവസ വേതനാടിസ്ഥാനത്തിൽ 2124 പേരെ നിയോഗിച്ചപ്പോൾ, ഇത്തവണ 2605 പേരെ നിയോഗിച്ചതായി നഗരസഭ രേഖകളിൽ രേഖപെടുത്തി. പൊങ്കാല ശുചീകരണത്തിന് മുൻ വർഷം 22.03 ലക്ഷം രൂപയായിരുന്നു ചെലവായത്. ഇത്തവണ അത് 24.3 ലക്ഷം രൂപയായി വർധിച്ചെന്നും വിവരാവകാശരേഖയിൽ പറയുന്നു.



attukal pongala cleaning workers rtiആറ്റുകാൽ പൊങ്കാലയിലെ ശുചീകരണവുമായി ബന്ധപ്പെട്ട വിവരാവകാശരേഖ



ഇത്തവണ മാലിന്യ നീക്കത്തിന് വാഹനങ്ങളെല്ലാം എത്തിച്ചത് സ്പോൺസർമാരെ കണ്ടെത്തിയാണെന്നായിരുന്നു ഭരണസമിതിയുടെ വാദം. എന്നാൽ മാലിന്യ നീക്കത്തിന് വാഹനങ്ങൾ വാടയ്ക്ക് എടുത്തതിന് 2.58 ലക്ഷം ചെലവ് എഴുതിയെടുത്തിട്ടുണ്ട്. ശുചീകരണ സാമഗ്രികൾ വാങ്ങിയതിനും വാടകയ്ക്ക് എടുക്കുന്നതിനും 3.25 ലക്ഷവും ചെലവാക്കി. വാഹനങ്ങളും ശുചീകരണ സാധനങ്ങളും വൻ തുകയ്ക്കാണ് വാടകയ്ക്കെടുത്തത്. ഇത്തവണ പൊങ്കാല മാലിന്യങ്ങളും ഇഷ്ട്ടികകളും നീക്കം ചെയ്യാൻ ദിവസങ്ങൾ എടുത്തുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്.


മുൻവർഷങ്ങളേക്കാൾ ഭീമമായ തുക എങ്ങനെ ചെലവായി എന്ന് കോർപറേഷൻ വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയം​ഗവും മുൻ കൗൺസിലറുമായ അംശു വാമദേവൻ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണത്തേക്കാൾ 1597 തൊഴിലാളികളെ അധികം വിനിയോഗിച്ചിട്ടും ശുചീകരണ പ്രവർത്തനങ്ങൾ പാളി. ദിവസവേതന അടിസ്ഥാനത്തിൽ 481 പേർ കഴിഞ്ഞതവണത്തേക്കാൾ അധികമായി ജോലി ചെയ്തു എന്ന് കണക്കിൽ രേഖപ്പെടുത്തിയിട്ടും, കഴിഞ്ഞ വർഷങ്ങളിൽ ഒറ്റ ദിവസം കൊണ്ട് തീർത്ത ശുചീകരണ പ്രവർത്തനങ്ങൾ ഇത്തവണ ദിവസങ്ങളോളം എടുത്തിട്ടും പൂർത്തിയാക്കാതിരുന്നത് എന്തുകൊണ്ടെന്നും അംശു വാമദേവൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.


വിഷയത്തിൽ ഭരണസമിതിയോ ബിജെപി നേതൃത്വമോ ഇതുവരെയും മറുപടി നൽകിയിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home