ad
Deshabhimani

കോറോ ഹെൽത്തിലെ പിരിച്ചുവിടൽ കേന്ദ്ര ലേബർകോഡുകളുടെ മറവിൽ; സിഐടിയു ശക്തമായ പ്രക്ഷോഭത്തിലേക്ക്: വി ശിവൻകുട്ടി

V Sivankutty

വി ശിവൻകുട്ടി

വെബ് ഡെസ്ക്

Published on Jul 05, 2026, 01:00 PM | 2 min read

തിരുവനന്തപുരം: യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ’കോറോഹെൽത്ത്’ കേരളത്തിലെ തങ്ങളുടെ ഓഫിസുകളിൽ നിന്ന് എണ്ണൂറോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർകോഡുകളുടെ മറവിലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി. 750ൽ അധികം തൊഴിലാളികളെയാണ് കഴിഞ്ഞദിവസം ഒറ്റയടിക്ക് പിരിച്ചുവിട്ടത്. നൂറോ അതിൽ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന നിയമം, പുതിയ ലേബർ കോഡിലൂടെ 300 എന്ന പരിധിയിലേക്ക് ഉയർത്തി തൊഴിൽ സുരക്ഷയെ കേന്ദ്രം അട്ടിമറിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമാണ് ഇപ്പോൾ കോറോ ഹെൽത്തിൽ കാണുന്നതെന്നും ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


കടുത്ത തൊഴിൽ ചൂഷണത്തിനെതിരെ പ്രതികരിച്ച തൊഴിലാളികളെ കൈകാര്യം ചെയ്ത രീതിയും അംഗീകരിക്കാനാകുന്നതല്ല. തൊഴിൽ നിയമങ്ങളെ കാറ്റിൽ പറത്തി, ഏകപക്ഷീയമായി നടത്തുന്ന ഇത്തരം പിരിച്ചുവിടലുകൾ കേരളം പോലുള്ള ഒരു സംസ്ഥാനം അംഗീകരിക്കില്ല. സംസ്ഥാനത്ത് വ്യാപകമായി കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന തൊഴിലാളി വിരുദ്ധ നീക്കങ്ങൾക്കെതിരെ സിഐടിയു അതിശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകും.


ഐടി, ഐടി അനുബന്ധ മേഖലകളിൽ ശക്തമായ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ ഇല്ലാത്തതാണ് മാനേജ്‌മെന്റുകൾ ഇത്തരത്തിലുള്ള തൊഴിലാളി വിരുദ്ധ നടപടികൾ സ്വീകരിക്കാൻ കാരണം. ഈ മേഖലയിൽ ശക്തമായ തൊഴിലാളി പ്രസ്ഥാനങ്ങൾ ഉയർന്നു വരേണ്ടത് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അനിവാര്യമാണ്.


പുതിയ ലേബർ കോഡുകൾ നടപ്പിലാകാത്ത നിലവിലെ സാഹചര്യത്തിൽ, നിലവിലുള്ള ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്ട് പ്രകാരം ഇത്തരം നിയമവിരുദ്ധ പിരിച്ചുവിടലുകൾക്കെതിരെ ശക്തമായി പോരാടാൻ തൊഴിലാളികൾക്ക് അവകാശമുണ്ട്. ഈ നിയമത്തിലെ ചാപ്റ്റർ വി-ബി പ്രകാരം നൂറോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ ലേ-ഓഫ് ചെയ്യാനോ, തൊഴിലാളികളെ പിരിച്ചുവിടാനോ, സ്ഥാപനം പൂട്ടിപ്പൂട്ടാനോ സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്.


കോറോ ഹെൽത്ത് മാനേജ്‌മെന്റ് ഈ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് തൊഴിലാളികളെ പുറത്താക്കിയിട്ടുള്ളത്. ഇത് വ്യക്തമായ നിയമലംഘനമാണ്. അതിനാൽ, ഈ നിയമവിരുദ്ധ പിരിച്ചുവിടലിനെതിരെ ലേബർ കമീഷണർക്കും ലേബർ കോടതികൾക്കും മുന്നിൽ 'ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്' ആയി ഉന്നയിക്കാനും, തൊഴിലാളികളെ തിരിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനും സിഐടിയു മുൻകൈ എടുക്കും.


കഴിഞ്ഞ എൽഡിഎഫ് സർക്കാർ കേന്ദ്ര ലേബർ കോഡുകളെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് വി ഗോപാലഗൗഡ അധ്യക്ഷനായ സമിതിയെ നിയമിച്ചിരുന്നു. ഈ സമിതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചുകഴിഞ്ഞു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണം.


ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളുടെയും അനുമതിയോടെയാണ് എൽഡിഎഫ് സർക്കാർ ഈ കാര്യത്തിൽ നിലപാട് എടുത്തിട്ടുള്ളത്. അതിനാൽ തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിക്കാൻ സർക്കാർ മടിക്കാതെ നടപടി സ്വീകരിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home