ക്രൈസ്തവർ ആക്രമിക്കപ്പെട്ടപ്പോൾ കൈയുംകെട്ടി നോക്കിനിന്നവർ സിപിഐ എമ്മിനെ വിമർശിക്കുന്നു
ബിജെപിയെ പറഞ്ഞാൽ പൊള്ളുന്നത് പാംപ്ലാനിക്കോ ; സിപിഐ എമ്മിനെ ആക്ഷേപിക്കുന്നത് സംഘപരിവാറിനെ പ്രീണിപ്പിക്കാൻ

കണ്ണൂർ
ബിജെപിയുടെ ക്രൈസ്തവവേട്ടയിൽ തരംപോലെ നിലപാട് മാറ്റുന്ന തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി സിപിഐ എമ്മിനെ ആക്ഷേപിക്കുന്നത് സംഘപരിവാറിനെ പ്രീണിപ്പിക്കാൻ. ഛത്തീസ്ഗഡിലും മണിപ്പുരിലും ക്രൈസ്തവർ ആക്രമിക്കപ്പെട്ടപ്പോൾ കൈയുംകെട്ടി നോക്കിനിന്നിട്ടാണ് ഇപ്പോൾ സിപിഐ എം ഫാസിസ്റ്റ് നിലപാട് സ്വീകരിക്കുന്നെന്ന് ആരോപിക്കുന്നത്.
കലാപകാലത്ത് മണിപ്പുർ സന്ദർശിച്ച് സാന്ത്വനപ്രവർത്തനങ്ങൾ നടത്താൻ മുൻനിരയിലുണ്ടായത് സിപിഐ എം നേതൃത്വമാണ്. 2008ൽ ഒഡിഷയിലെ കന്തമാലിൽ സംഘപരിവാർ ക്രൈസ്തവരെ ആക്രമിച്ചപ്പോഴും നാനൂറിലേറെ പള്ളികൾ തകർത്തപ്പോഴും അഭയം നൽകിയതും ഇടതുപക്ഷംതന്നെ. സിപിഐ എം ഓഫീസുൾപ്പെടെ പ്രാർഥനയ്‌ക്കും കുർബാനയ്‌ക്കും വിട്ടുനൽകി. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റുചെയ്തപ്പോൾ ഓടിയെത്തിയതും കേരളത്തിലെയടക്കം ഇടതുപക്ഷ എംപിമാരാണ്.
അന്നൊക്കെ പേരിനുമാത്രം പ്രതികരിച്ച പാംപ്ലാനിക്കെതിരെ വിശ്വാസികൾക്കിടയിൽ കനത്ത പ്രതിഷേധമുണ്ടായി. ബജ്‌രംഗ്‌ദൾ നേതാവ് ജ്യോതി ശർമയടക്കമാണ് ആക്രമിച്ചതെന്ന് കന്യാസ്ത്രീകളും പെൺകുട്ടികളും മൊഴി നൽകിയിട്ടും, അന്വേഷണം നടക്കുന്നതിനാൽ ആരാണ് ആക്രമിച്ചതെന്ന് പറയാനില്ലെന്നായിരുന്നു പാംപ്ലാനിയുടെ പ്രതികരണം. രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് വരുത്തിത്തീർക്കാൻ ആരൊക്കെയോ ശ്രമിക്കുകയാണെന്ന് പറഞ്ഞ് ബിജെപിയോട് ചേർന്നുനിന്നു.
റബർവില 300 രൂപയാക്കിയാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്ന് നേരത്തേ പാംപ്ലാനി പറഞ്ഞിരുന്നു. ക്രിസ്ത്യാനികളും മുസ്ലിങ്ങളും കമ്യൂണിസ്റ്റുകളുമാണ് ആഭ്യന്തര ശത്രുക്കളെന്ന് പറയുന്ന സംഘപരിവാറിന് കേക്ക് വാങ്ങി നൽകുന്ന ബിഷപ്പിന്റെ അവസരവാദ നിലപാടിനെയാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുറന്നുകാട്ടിയത്. കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത് ജയിലിലിട്ട ബിജെപിക്ക് നന്ദിപറയുന്ന ആർച്ച് ബിഷപ്പ് ഇരയ്ക്കൊപ്പമെന്ന വ്യാജേന വേട്ടക്കാരെ പിന്തുണക്കുകയാണ്.
സിപിഐ എമ്മിനെ എതിർക്കുന്നതിന്റെ പത്തിലൊന്ന് ആർജവം ബിജെപിയുടെ ക്രൈസ്തവവേട്ടക്കെതിരെ പ്രതികരിക്കുന്നതിൽ പാംപ്ലാനി കാട്ടിയിട്ടില്ല. ബിജെപിക്ക് ചൂട്ടുപിടിക്കുന്ന തരത്തിൽ പാംപ്ലാനി നടത്തിയ പ്രസ്താവനയെ വിമർശിച്ചത് സഭയ്‌ക്കെതിരാണെന്ന് വരുത്തിത്തീർക്കുന്നത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും സംഘപരിവാർ കൂട്ടുകെട്ട് പുറത്തുവരാതിരിക്കാനുമാണെന്ന് വ്യക്തം.










0 comments