കോടിയേരി വിടപറഞ്ഞിട്ട് 3 വർഷം

കോടിയേരി മ്യൂസിയത്തിലെ സന്ദർശക പുസ്‌തകത്തിൽ മുതിർന്ന സിപിഐ എം നേതാവ് മണിക് സർക്കാർ അഭിപ്രായം രേഖപ്പെടുത്തുന്നു
തലശേരി
കേരള രാഷ്‌ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്ന ജനനേതാവ് കോടിയേരി ബാലകൃഷ്‌ണൻ വിടപറഞ്ഞിട്ട് മൂന്നു വർഷം. ഒക്‌ടോബർ ഒന്നിന് കേരളം കോടിയേരിയുടെ ഓർമ പുതുക്കും. ആ അമരസ്‌മരണയിലാണ് വർഷങ്ങൾക്കിപ്പുറവും കോടിയേരിയുടെ നാടും വീടും. കോടിയേരിയുടെ വീട്ടിലും കണ്ണൂർ പയ്യാന്പലത്തെ സ്‌മൃതിമണ്ഡപത്തിലും കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്നുള്ളവർ ഇപ്പോഴും എത്തുന്നു. കോടിയേരിയുടെ ഓർമകൾ നിറഞ്ഞ വീട്ടിലെ മ്യൂസിയം കണ്ടും ഉദ്യാനത്തിന് നടുവിലെ പ്രതിമയിൽ അഭിവാദ്യമർപ്പിച്ചും മടങ്ങുന്നു. ഇതിനകം ആയിരങ്ങൾ മ്യൂസിയം സന്ദർശിച്ചു.
കഴിഞ്ഞ മൂന്നു വർഷവും വീട്ടിൽ സന്ദർശകർ ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. കോടിയേരിയുടെ ഭാര്യ വിനോദിനിയും മക്കളും എല്ലാവരെയും സ്വീകരിച്ചു. സന്ദർശക പുസ്‌തകത്തിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദിഭാഷകളിലെ കോടിയേരി സ്‌മരണകളിലൂടെ യാത്രചെയ്‌താൽ എത്രമേൽ ജനം ഇഷ്‌ടപ്പെട്ടിരുന്നുവെന്ന് വ്യക്തമാവും. ഒരു തുള്ളി കണ്ണീർ വീഴ്‌ത്താതെ ആർക്കാണ് ഇവിടെനിന്ന് ഇറങ്ങിപ്പോകാനാകുകയെന്ന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്‌യുടെ വികാരം തന്നെയാകും മ്യൂസിയം കണ്ടിറങ്ങുന്ന ഓരോരുത്തരുടെയും മനസിൽ. പകരംവയ്‌ക്കാനില്ലാത്ത മനുഷ്യസ്നേഹിയെന്നാണ് ഡോ. ബി സതീശൻ കോടിയേരിയെ ഓർക്കുന്നത്.
മനോഹരമായി സെറ്റുചെയ്‌ത മ്യൂസിയമെന്നാണ് വിഖ്യാത ഡിസൈനർ സൈനുൽ ആബിദ് സാക്ഷ്യപ്പെടുത്തുന്നത്. കോടിയേരിയുടെ സാമീപ്യം ഇവിടെ നിൽക്കുന്പോൾ ആരും അനുഭവിക്കും. കോടിയേരിയുടെ നേർചിത്രമാണ് മ്യൂസിയമെന്ന് കെ ടി ജലീൽ എംഎൽഎയും പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ മുൻ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥുവരെ നീളുന്ന നൂറുകണക്കിനാളുകളുടെ സ്‌മരണയാൽ സന്പന്നമാണ് സന്ദർശക പുസ്‌തകം. നേരിട്ട് കാണാൻ കഴിയാത്ത സഖാവിനെ തൊട്ടറിയാൻ പറ്റിയെന്നാണ് എ കെ ഷാനിബ് എഴുതിയത്.
അര മണിക്കൂർ ദൈർഘ്യമുള്ള കോടിയേരിയുടെ ഹ്വസ്വചിത്രം ആയിരങ്ങൾ കണ്ടു. ‘ഓർക്കാൻ ഇനിയുമുണ്ട്, മറക്കില്ല ഒരിക്കലും’–മുൻ മന്ത്രിയും കോടിയേരിയുടെ പ്രിയസഖാവുമായ എ കെ ബാലന്റെ വാക്കുകളിൽ വേർപാടിന്റെ വേദനയുണ്ട്. തുടർഭരണത്തിന്റെ ചരിത്രത്തിലേക്ക് ഇടതുപക്ഷത്തെ നയിച്ചുകൊണ്ടാണ് കോടിയേരി വിടവാങ്ങിയത്. മൂന്നാംതവണയും എൽഡിഎഫ് ഭരണത്തിലേക്ക് നാടിനെ നയിക്കാൻ കേരളം തയ്യാറെടുക്കുന്പോഴാണ് ഇത്തവണത്തെ കോടിയേരിദിനം കടന്നുവരുന്നത്. വേർപാടിന്റെ മൂന്നാംവർഷത്തിലും കോടിയേരിയെന്ന നേതാവിനെ ഹൃദയത്തിൽ സൂക്ഷിക്കുകയാണ് മലയാളികൾ.









0 comments