സഞ്ജുച്ചേട്ടാ, അനിയൻ ആഗയാ

മാനവ് കൃഷ്‌ണ

വി എസ് വിഷ്‌ണുപ്രസാദ്
Published on Jun 14, 2026, 12:15 AM | 1 min read
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള താരലേലത്തിൽ ഉൾപ്പെട്ടിട്ടും ഒരുടീമിലും ഇടംലഭിക്കാത്ത ഒരു 18കാരനുണ്ട്. മൂന്നാം സീസൺ മത്സരങ്ങളുടെ ആരവത്തിനിടെ അവൻ ശ്രീലങ്കയിലായിരിക്കും. ഇന്ത്യൻ ടീമിനൊപ്പം, ശ്രീലങ്കയ്ക്കെതിരായ ചതുർദിന പരന്പരയിൽ. സഞ്ജു സാംസണുശേഷം തിരുവനന്തപുരത്തുനിന്നുള്ള മറ്റൊരു വലംകൈയൻ വിക്കറ്റ് കീപ്പർ ബാറ്റർകൂടി ഇന്ത്യൻ ടീമിലേക്കെത്തുകയാണ്. പേരൂർക്കട മേലത്തുമേലെ കൽഹാരത്തിൽ ഉണ്ണികൃഷ്ണൻ–അനിത ദന്പതികളുടെ മകൻ മാനവ് കൃഷ്‌ണ. കേരള അണ്ടർ–19 ടീം ക്യാപ്റ്റനാണ്. കഴിഞ്ഞ അണ്ടർ-–19 സീസണിൽമാത്രം 592 റൺസ് അടിച്ചുകൂട്ടി.
കെസിഎല്ലിൽ അവസരംകിട്ടിയില്ലെങ്കിലും കുച്ച് ബിഹാർ ട്രോഫിയിൽ തുടരെ രണ്ട് സെഞ്ച്വറിനേടി മാനവ് ശ്രദ്ധാകേന്ദ്രമായി. സൗരാഷ്ട്രയ്ക്കെതിരെ 189 റൺസും ഹൈദരാബാദിനെതിരെ 144 റൺസും നേടിയതോടെ ഇന്ത്യൻ സെലക്ടർമാർ യുവതാരത്തെ നോട്ടമിട്ടു. മാനവിന്റെ ജ്യേഷ്‌ഠൻ മാധവ് കൃഷ്‌ണയുംകേരള അണ്ടർ 19 ടീമിലുണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും ഡൽഹിയിലാണ് ജോലി.
പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഇരുവരും ക്രിക്കറ്റ് പരിശീലനത്തിനുവേണ്ടിമാത്രം തിരുവനന്തപുരത്തേക്ക് പോരുകയായിരുന്നു. ഷൈൻ അക്കാദമിയിലാണ് പരിശീലനം. മാനവ് കേരളത്തിന്റെ അണ്ടർ-–16 ടീമിന്റെയും നായകനായിട്ടുണ്ട്. ജനുവരിയിൽ ഗോവയ്ക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. ഒമാൻ സന്ദർശിച്ച കേരള ടീമിലും ഇടംനേടി.
പരിശീലകൻ എസ് എസ് ഷൈനും കേരള ക്രിക്കറ്റ് അക്കാദമിയും മികച്ച പിന്തുണയാണ് നൽകുന്നതെന്ന് മാനവും മാധവും പറയുന്നു. പേരൂർക്കടയിൽനിന്നുള്ള രണ്ടാമത്തെ ഇന്ത്യൻ താരംകൂടിയാണ് മാനവ്. വനിതാ ടീമിലെ ലെഗ്‌സ്‌പിന്നർ ബാറ്റർ ആശാ ശോഭനയാണ് പേരൂർക്കടയുടെ മറ്റൊരു താരം.











0 comments