കോട്ടയത്ത് മകളുടെ ഭർതൃപിതാവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

കോട്ടയം : മകളുടെ ഭർതൃപിതാവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. പനച്ചിക്കാട് കുഴിമറ്റം സദനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം തകടിപ്പറമ്പ് ഭാഗത്ത് കൊട്ടാരംപറമ്പിൽ പൊന്നപ്പനാണ് (59) മരിച്ചത്. കുഴിമറ്റം കാവനാടി പാലത്തിന് സമീപം നാലുകണ്ടത്തിൽ വീട്ടിൽ രാജുവാണ് പൊന്നപ്പനെ കുത്തിക്കൊലപ്പെടുത്തിയത്. മകൻ ഭാര്യവീട്ടിൽ പോയി നിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയായിരുന്നു കൊലപാതകം. വാക്കുതർക്കത്തിനിടെ രാജു കത്തിയെടുത്ത് പൊന്നപ്പനെ കുത്തുകയായിരുന്നു.
വ്യാഴം വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. ഉടൻ തന്നെ പൊന്നപ്പനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പിന്നാലെ രാജുവിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നപ്പന്റെ മരണവിവരമറിഞ്ഞ രാജു വിഷം കഴിക്കുകയായിരുന്നുവെന്നാണ് വിവരം.
മകൻ ഭാര്യ വീട്ടിൽ പോയി നിൽക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പൊന്നപ്പന്റെ മകളുടെ ഭർത്താവിന്റെ അച്ഛനാണ് രാജു. രാജുവിന്റെ മകൻ പൊന്നപ്പന്റെ വീട്ടിൽ പോയി നിൽക്കുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നു. സ്വന്തം വീട്ടിലേക്ക് മകൻ പോകാത്തതിന് കാരണം പൊന്നപ്പനാണെന്ന് പറഞ്ഞായിരുന്നു തർക്കം.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ചിങ്ങവനം പൊലീസിൽ ഇതുമായി ബന്ധപ്പെട്ട് പരാതിയും ഭാര്യവീട്ടുകാർ നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്യാൻ വ്യാഴാഴ്ച വൈകിട്ട് രാജു പൊന്നപ്പന്റെ വീട്ടിൽ എത്തുകയും തർക്കത്തിനിടെ കുത്തുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പൊന്നപ്പന്റെ ഭാര്യ പൊന്നമ്മ. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ.
0 comments