Deshabhimani

ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

TSY Mysterious death.jpg
വെബ് ഡെസ്ക്

Published on Nov 28, 2026, 09:20 AM | 1 min read

കോഴിക്കോട്/പുതുപ്പാടി: പുതുപ്പാടിയിൽ ഗുരുതരപരിക്കുകളോടെ ചികിത്സയിലായിരുന്നയാൾ മരിച്ചു. കൊട്ടാരക്കോത്ത് കാവുംപുറം പൈനാട്ടിൽ അബ്ബാസ് (53) ആണ് മരിച്ചത്. മകന്റെ മർദനമേറ്റെന്ന സംശയത്തെ തുടർന്ന് മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന്‌ അയച്ചു. സംഭവത്തിൽ താമരശേരി പൊലീസ്‌ അസ‍്വാഭാവിക മരണത്തിന്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.


നവംബർ എട്ടിനാണ്‌ അബ്ബാസിനെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്‌. വീട്ടിലെ സ്റ്റെയർകേസിൽനിന്ന് വീണ് പരിക്കേറ്റതാണെന്നാണ്‌ ആശുപത്രിയിൽ അറിയിച്ചത്‌. വാരിയെല്ലുകൾ പൊട്ടിയതിനെ തുടർന്ന്‌ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടിയ ശേഷം 20ന്‌ വീട്ടിലെത്തി. ശരീരവേദന രൂക്ഷമായതിനെ തുടർന്ന് 26ന്‌ വീണ്ടും മെഡിക്കൽ കോളേജിലേക്ക്‌ കൊണ്ടുപോവുന്ന വഴി ശ്വാസതടസ്സം അനുഭവപ്പെട്ടപ്പോൾ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ച മരിച്ചു.


മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ നാട്ടുകാരും ബന്ധുക്കളും മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന്‌ താമരശേരി പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന്‌ അയച്ചു. എട്ടിന്‌ അബ്ബാസും മൂത്തമകനും തമ്മിൽ വാക്ക്‌ തർക്കമുണ്ടായതായും മകൻ അബ്ബാസിനെ മർദിച്ചതായും ഭാര്യ മൊഴി നൽകിയിട്ടുണ്ട്‌. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌ ലഭിച്ചാലെ മരണകാരണം പറയാൻ കഴിയൂ എന്ന് പൊലീസ്‌ പറഞ്ഞു. ഭാര്യ: ലൈല. മക്കൾ: ഷെരീഫ്, സാലിം. മരുമക്കൾ: റസീന, തൻഫീന.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home