'കോൺഗ്രസ് സഭയെ തഴയുന്നു ': പുനഃസംഘടനയിൽ അതൃപ്തിയുമായി ഓർത്തഡോക്സ് സഭ

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ അതൃപ്തി രേഖപ്പെടുത്തി മലങ്കര ഓർത്തഡോക്സ് സഭ. സഭയിൽ നിന്നുള്ള അംഗങ്ങളായ അബിൻ വർക്കിയെയും ചാണ്ടി ഉമ്മനെയും കെപിസിസി പുനഃസംഘടന പുറത്തിറക്കിയ പട്ടികയിൽ ഉൾപ്പെടുത്താത്തിലാണ് മലങ്കര ഓർത്തഡോക്സ് സഭ മെത്രാപോലീത്ത ഗീവർഗീസ് മാർ യൂലിയോസ് അതൃപ്തി രേഖപ്പെടുത്തിയത്.
അബിൻ വർക്കിയും ചാണ്ടി ഉമ്മനും സഭയുടെ മക്കൾ ആണെന്നും അവരെ ഒരിക്കലും സഭ കൈവിടില്ലെന്നും ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു. മലങ്കര സഭയ്ക്ക് എന്നും കരുത്തുറ്റ നേതാക്കൾ ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സഭ വലിയ സംഭാവനകളാണ് നൽകിയിട്ടുള്ളത്.
സഭയെ പലവിധത്തിൽ അവഗണിക്കുന്നുണ്ട്. സഭ അംഗങ്ങളെ എല്ലാവരും തഴയാൻ ശ്രമിക്കുന്നു. സഭാംഗങ്ങൾ ഏതു സ്ഥാനത്ത് ആണെങ്കിലും അവരെ തഴയാം എന്നൊരു ചിന്ത ഉണ്ട്. മലങ്കര സഭ ആർക്കും എങ്ങനെയും കൂട്ടാവുന്ന ചെണ്ടയല്ലെന്നും അദ്ദേഹം വിമർശിച്ചു.
കെപിസിസി പുനഃസംഘടനയുടെ പേരിൽ വലിയ കോലാഹലങ്ങളാണ് നടക്കുന്നത്. നൂറുകണക്കിന് അംഗങ്ങളുള്ള പട്ടിക പുറത്തിറക്കിയിട്ടും പലരും അതൃപ്തിയുമായി രംഗത്ത് വന്നിട്ടുണ്ട്. പ്രധാന നേതാക്കളായ ചാണ്ടി ഉമ്മനും കെ മുരളീധരനും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
പട്ടിക പുറത്തുവിട്ടതിനു പിന്നാലെ കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ ജാഥാ ക്യാപ്റ്റനായിരുന്ന കെ മുരളീധരൻ ജാഥയിൽ പങ്കെടുക്കാനും വിസമ്മതിച്ചിരുന്നു. നേതാക്കൾ അനുനയിപ്പിച്ചു ശേഷമാണ് ജാഥയിൽ പങ്കെടുക്കാം എന്ന് സമ്മതിക്കുന്നത്. കോൺഗ്രസിലാകെ പുനഃസംഘടനയുടെ പേരിൽ പൊട്ടിത്തെറി നടന്നിട്ടും എല്ലാവർക്കും സംതൃപ്തിയാണെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്.









0 comments