തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ഇടതുപാർട്ടികളുടെ മാർച്ച്; എംഎ ബേബിയടക്കം ഉള്ളവരെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് സമീപത്തേക്ക് ഇടതുപക്ഷ പാർട്ടികളുടെ മാർച്ച്. മാർച്ച് പൊലീസ് തടഞ്ഞു. സമാധാനപരമായി നടന്ന മാർച്ചായിട്ടും മുതിർന്ന നേതാക്കളെ കേന്ദ്രസേനയും പൊലീസും ചേർന്ന് വലിച്ചിഴച്ചു. ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് രാജ്യമാകെ അലയടിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഡല്‍ഹിയിലും ഇടത് പാര്‍ട്ടികള്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.
സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ് ബ്യൂറോ അംഗങ്ങൾ ആയ ബി വി രാഘവുലു, ആർ അരുൺകുമാർ, മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്, സുഭാഷിണി അലി, എംപിമാരായ വി ശിവദാസൻ, എ എ റഹീം, ഡൽഹി സംസ്ഥാന സെക്രട്ടറി അനുരാഗ് സക്സേന എന്നിവരെ പോലീസ് വലിച്ചിഴച്ചു. ശേഷം അറസ്റ്റ് ചെയ്ത് നീക്കി.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്ഐആറുമായി ബന്ധപ്പെട്ട നടപടികളിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളിലും ആരോപണങ്ങൾ ഉയർത്തിയാണ് വിവിധ പ്രതിപക്ഷ പാർട്ടികളും യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തുള്ളത്.
തിങ്കളാഴ്ച ഭഗത്സിങ്ങിന്റെ 119 ആം ജന്മദിനത്തിൽ വോട്ടവകാശം സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് സിപിഐ എം സംഘടിപ്പിച്ച പരിപാടിയിലും പ്രകടനത്തിലും പതിവിലേറെ പൊലീസ് സേനയെ വിന്യസിച്ച ഡൽഹി പൊലീസ് നടപടി, സംഘപരിവാർ ഗവർമെന്റും അവരുടെ ഏജന്റായ ഗ്യാനേഷ്കുമാറും ഇടതുപക്ഷ പ്രതിഷേധങ്ങളെ ഭയക്കുന്നുവെന്നതിന് ഉത്തമ ഉദാഹരണമായി. സിപിഐ എം,സിപിഐ ഉൾപ്പടെയുള്ള എല്ലാ ഇടതുപക്ഷ പാർട്ടികളും മറ്റ് പ്രതിപക്ഷ പാർട്ടികളും യുവജന സംഘടനകളും പ്രതിക്ഷേധ രംഗത്താണ്.








0 comments