അഞ്ചാം ലോക കേരള സഭ 29 മുതൽ; 125 രാജ്യങ്ങളിൽ നിന്നും 28 സംസ്ഥാനങ്ങളിൽ നിന്നും 500ലധികം പ്രതിനിധികൾ

തിരുവനന്തപുരം : ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം 29 മുതൽ 31 വരെ തിരുവനന്തപുരത്ത് ചേരും. പൊതുസമ്മേളനം ജനുവരി 29 ന് വൈകുന്നേരം അഞ്ചു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനാകുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നിർവഹിക്കും. പൊതുയോഗത്തിന് ശേഷം ഭാരത് ഭവന്റെ നേതൃത്വത്തിൽ കലാ പരിപാടി നടക്കും.
30, 31 തീയതികളിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ലോക കേരളസഭാ നടപടികൾ നടക്കുക. 30 ന് രാവിലെ 10ന് നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചാം ലോക കേരള സഭ ഉദ്ഘാടനം ചെയ്യും. തുടർന്ന് മുഖ്യമന്ത്രി സമീപന രേഖ സമർപ്പിക്കും. സ്പീക്കർ എ എൻ ഷംസീർ പങ്കെടുക്കും . സ്റ്റുഡന്റ് മൈഗ്രെഷൻ പോർട്ടൽ, എയർപോർട്ട് ഹെല്പ് ഡെസ്ക്, ഷെർപ്പ പോർട്ടൽ, ലോക കേരളം ഓൺലൈൻ സേവനങ്ങൾ എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ഉച്ചയ്ക്ക് ശേഷം എട്ട് വിഷയ അടിസ്ഥാനത്തിലുള്ള ചർച്ചകളും ഏഴ് മേഖലാ സമ്മേളനങ്ങളും നടക്കും. നിയമ സഭയിലെ എട്ടു ഹാളുകളിലായാണ് ഉച്ചയ്ക്ക് 2.30 മുതൽ 3.45 വരെ ചർച്ചകൾ നടക്കുന്നത്.
ചർച്ചകളും പങ്കെടുക്കുന്നവരും:
പ്രവാസി ഭരണ നിർവഹണം- നവീകരണ സാധ്യതകളും പരിഷ്കാരങ്ങളും - മന്ത്രിമാരായ വി അബ്ദുറഹ്മാൻ, ഡോ ആർ ബിന്ദു
വിദേശ തൊഴിൽ അവസരങ്ങളും സുരക്ഷിത കുടിയേറ്റവും : മാറുന്ന തൊഴിൽ സാഹചര്യങ്ങൾ, നവ തൊഴിൽ മേഖലകൾ, തൊഴിൽ കരാറുകൾ - മന്ത്രി വി ശിവൻ കുട്ടി, എൻ ആർ ഐ ( കെ) കമീഷൻ ജസ്റ്റിസ് (റിട്ട) സോഫി തോമസ്
വിദ്യാർഥി കുടിയേറ്റം: ഭാവിയും വെല്ലുവിളികളും - മന്ത്രി കെ എൻ ബാലഗോപാൽ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ : വി കെ രാമചന്ദ്രൻ
സ്ത്രീ കുടിയേറ്റം : പുതിയ പ്രവണതകൾ - മന്ത്രി വീണ ജോർജ്
പ്രവാസി നിക്ഷേപവും സംരംഭകത്വവും: നവീകരണ വൈവിധ്യവൽക്കരണ സാദ്ധ്യതകൾ - മന്ത്രി പി രാജീവ്
പുതു തലമുറ പ്രവാസവും വിജ്ഞാന നൈപുണ്യ വിനിമയ സാധ്യതകളും - മന്ത്രി എം ബി രാജേഷ്
പ്രവാസി പുനരധിവാസ ക്ഷേമ പദ്ധതികളുടെ ഭാവിയും സുസ്ഥിര സാമ്പത്തിക മാതൃകകളുടെ ആവശ്യകതയും - മന്ത്രി കെ രാജൻ
കേരളീയ കല- സാഹിത്യ- ഭാഷ പ്രചാരണത്തിൽ പ്രവാസി മലയാളി സംഘടനകളുടെ പങ്ക് - മന്ത്രി സജി ചെറിയാൻ
എന്നിവരും എംഎൽഎമാർ, ഗവൺമെന്റ് സെക്രട്ടറിമാർ, അതത് വിഷയങ്ങളിലെ വിദഗ്ധർ തുടങ്ങിയവരും പങ്കെടുക്കും.
മേഖലാ സമ്മേളനങ്ങൾ- പങ്കെടുക്കുന്നവർ:
പശ്ചിമേഷ്യൻ രാജ്യങ്ങൾ - മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, രാമചന്ദ്രൻ കടന്നപ്പള്ളി
ഇതര ഏഷ്യൻ രാജ്യങ്ങളും പസഫിക്ക് രാജ്യങ്ങളും - മന്ത്രി കെ ബി ഗണേഷ് കുമാർ
യൂറോപ്പ്- മന്ത്രി റോഷി അഗസ്റ്റിൻ
അമേരിക്കൻ രാജ്യങ്ങൾ - മന്ത്രിമാരായ വി എൻ വാസവൻ, ജി ആർ അനിൽ
ആഫ്രിക്ക- മന്ത്രി കെ കൃഷ്ണൻകുട്ടി
ഇതര ഇന്ത്യൻ സംസ്ഥാനങ്ങൾ- മന്ത്രിമാരായ ജെ ചിഞ്ചു റാണി, എ കെ ശശീന്ദ്രൻ
തിരികെയെത്തിയ പ്രവാസികൾ- മന്ത്രിമാരായ പി പ്രസാദ്, ഒ ആർ കേളു
എന്നിവരും എംഎൽഎമാർ, സർക്കാർ പ്രതിനിധികൾ, സെക്രട്ടേറിയറ്റ് പ്രതിനിധികൾ എന്നിവരും പങ്കെടുക്കും. വൈകുന്നേരം 4 മുതൽ 5.30 വരെയാണ് മേഖലാ സമ്മേളനങ്ങൾ നടക്കുക.
30 വൈകുന്നേരം 3 മണി മുതൽ 'നവകേരള നിർമിതിയിൽ പ്രവാസികളുടെ പങ്ക്' എന്ന വിഷയത്തിൽ യൂണിവേഴ്സിറ്റി കോളേജിൽ ഓപ്പൺ ഫോറവും സംഘടിപ്പിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, രവി രാമൻ, ജോൺ ബ്രിട്ടാസ് എം പി, എം എ യൂസഫലി, സന്തോഷ് ജോർജ് കുളങ്ങര, മുരളി തുമ്മാരുകുടി, ഡോ. ഇരുദയ രാജൻ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയർ പങ്കെടുക്കും.
31ന് രാവിലെ നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ രാവിലെ 9 മുതൽ 10.15 വരെ 7 മേഖലാ യോഗങ്ങളുടെയും 8 വിഷയാടിസ്ഥാനത്തിലുള്ള സമിതിയുടെയും റിപ്പോർട്ടിങ് നടക്കും. തുടർന്ന് വീഡിയോ, പ്രമേയ അവതരണങ്ങളും പ്രസംഗങ്ങളും. ഉച്ചയ്ക്ക് 2.30ന് മുഖ്യ മന്ത്രിയുടെ മറുപടി പ്രസംഗം. 3ന് സ്പീക്കറുടെ സമാപന പ്രസംഗത്തോടെ അഞ്ചാം ലോക കേരള സഭയ്ക്ക് സമാപനമാകും.
36 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾക്കൊള്ളിച്ച് ആരംഭിച്ച ലോക കേരള സഭ, അഞ്ചാം സമ്മേളനത്തിലെത്തുമ്പോൾ 125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അഞ്ഞൂറിലധികം മലയാളി പ്രവാസികളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ലോക കേരള സഭയ്ക്ക് ദേശീയ തലത്തിൽ അംഗീകാരം കിട്ടിയ കാലഘട്ടം കൂടിയാണിത്. വിദേശകാര്യ വകുപ്പിന്റെ പാർലമെന്ററി കമ്മിറ്റി റിപ്പോർട്ട് അധികരിച്ചു ലോക കേരള സഭയുടെ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെടുകയും ഇതു പ്രകാരം ഇതര ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇത്തരം മാതൃകകൾ രൂപീകരിക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൽ പ്രതിനിധികൾ ഉന്നയിച്ച ശുപാർശകളിൽ സാധ്യമായ 28 ശുപാർശകൾ നടപ്പിലാക്കി വരികയാണ്. 23 നിർദേശങ്ങൾ സംസ്ഥാന സർക്കാരാണ് നടപ്പിലാക്കുന്നത്. സർക്കാർ നടപ്പിലാക്കുന്നവയിൽ 16 നിർദേശങ്ങൾ നോർക്ക വകുപ്പും, ഏഴെണ്ണം ലോക കേരളസഭ സെക്രട്ടറിയേറ്റിന്റെ സഹായത്തോടെയുമാണ് സാധ്യമാക്കുന്നത്. ഇതിൽ 10 നിർദേശങ്ങൾ നടപ്പിൽ വരുത്തിയിട്ടുണ്ട്. ബാക്കിയുള്ള 13 നിർദേശങ്ങൾ നടപ്പിലാക്കി വരുന്നു. കേന്ദ്ര സർക്കാരിനു സമർപ്പിച്ച അഞ്ച് നിർദേശങ്ങൾ വിദേശകാര്യ വകുപ്പിന്റെ പാർലമെന്ററി കമ്മിറ്റി മുൻപാകെ വിശദമായി അവതരിപ്പിച്ചതായി സ്പീക്കർ എ എൻ ഷംസീർ വ്യക്തമാക്കി.
പ്രവാസി മിഷൻ, നോർക്ക കെയർ - സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി, വിദേശ രാജ്യങ്ങളിലെ ഹെൽപ് ഡെസ്‌കുകൾ, സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, ലോക കേരളം ഓണലൈൻ സേവനങ്ങൾ, നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ്, എയർപോർട്ട് ഹെൽപ് ഡസ്‌ക്, നോർക്ക പോലീസ് സ്റ്റേഷൻ തുടങ്ങിയ വിവിധ പദ്ധതികൾക്ക് പുറമേ പ്രതിനിധികൾ സർക്കാരിനു നേരിട്ട് സമർപ്പിച്ച പ്രപ്പോസലുകൾ ലോക കേരള സഭ സെക്രട്ടറിയേറ്റ് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്.










0 comments