print edition പ്രതീക്ഷകൾ, നിർദേശങ്ങൾ, നൂതനാശയങ്ങൾ ; സജീവ ചർച്ചകളാൽ സമ്പന്നം

അഞ്ചാം ലോകകേരള സഭയുടെ സമാപന സമ്മേളനത്തിൽ മറുപടി പ്രസംഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ
തിരുവനന്തപുരം
മലയാളി പ്രവാസികളുടെ പ്രതീക്ഷകളുടെയും നൂതനാശയങ്ങളുടെയും സമ്മേളന വേദിയായി അഞ്ചാമത് ലോക കേരള സഭ. വിവിധ മേഖലകളിൽ അഭിമുഖീകരിക്കുന്ന ആശങ്കകളും പ്രതിനിധികൾ പങ്കുവച്ചു. പ്രവാസി ഭരണനിർവഹണംമുതൽ സാംസ്‌കാരിക കൈമാറ്റം വരെയുമുള്ള മേഖലകളിൽ വിപുലമായ പരിഷ്‌കാരങ്ങൾക്കുള്ള നിർദേശങ്ങൾ ലോക കേരള സഭയോടനുബന്ധിച്ച് സംഘടിപ്പിച്ച വിഷയാധിഷ്ഠിത ചർച്ചകളിൽ ഉയർന്നു. പ്രവാസി ക്ഷേമ പദ്ധതികൾ കൂടുതൽ ജനകീയമാക്കുന്നതിനൊപ്പം കേരളത്തിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള വിപുലമായ നിർദേശങ്ങൾ പ്രതിനിധികൾ മുന്നോട്ടുവച്ചു.
പ്രവാസി ഭരണനിർവഹണ രംഗത്ത് വലിയ മാറ്റങ്ങളാണ് അംഗങ്ങൾ പ്രധാനമായും നിർദേശിച്ചത്. റിക്രൂട്ട്മെന്റ് ഏജൻസികളുടെ പ്രവർത്തനം സുതാര്യമാക്കുന്നതിനൊപ്പം ‘ഓപ്പറേഷൻ ശുഭയാത്ര' വഴി അനധികൃത റിക്രൂട്ട്മെന്റുകൾ കർശനമായി തടയണമെന്ന നിർദേശവും ഉയർന്നു.
കംബോഡിയ പോലുള്ള രാജ്യങ്ങളിൽ പ്രവാസികളെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്ന ധാരാളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തത് കണക്കിലെടുത്ത് ബോധവൽക്കരണം ശക്തമാക്കണം. വിദേശ രാജ്യങ്ങളിലെ നിയമങ്ങളും സംസ്‌കാരവും സംബന്ധിച്ച് ഉദ്യോഗാർഥികൾക്ക് മുൻകൂട്ടി പരിശീലനം നൽകണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
പ്രവാസി സംരംഭകർക്കായി എൻആർഐ എയ്ഞ്ചൽ ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം രൂപീകരിക്കുക, ടൂറിസം മേഖലയിൽ ‘കേരള ബ്രാൻഡ്' ഫ്രാഞ്ചൈസികൾ വികസിപ്പിക്കുക തുടങ്ങിയ ആശയങ്ങൾ ചർച്ചയായി. പ്രവാസികൾക്ക് ഗ്രാമതലത്തിൽ നിക്ഷേപം നടത്താൻ അവസരമൊരുക്കണമെന്നും വിദേശ വിദ്യാർഥികളെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കാൻ പുതിയ കോഴ്‌സുകൾ ആരംഭിക്കണമെന്നും നിർദേശമുയർന്നു. പ്രവാസി വിദ്യാർഥികൾക്കായി ആഗോള യുവജനോത്സവം സംഘടിപ്പിക്കുക, കുടിയേറ്റ ചരിത്രത്തിന്റെ ഡിജിറ്റൽ ആർക്കൈവ് തയ്യാറാക്കുക, യുനെസ്‌കോ സാഹിത്യ നഗരങ്ങളുമായി ചേർന്ന് മലയാള സാഹിത്യോത്സവങ്ങൾ നടത്തുക എന്നീ ആശയങ്ങൾ ഉയർന്നു. ജെഎൻയു പോലുള്ള സർവകലാശാലകളിൽ മലയാളം ചെയർ സ്ഥാപിക്കുന്നതിനൊപ്പം പ്രവാസി എഴുത്തുകാർക്ക് സാഹിത്യ അക്കാദമിയുമായി ബന്ധപ്പെടാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്ന ആവശ്യവും പ്രതിനിധികൾ മുന്നോട്ടുവച്ചു.
പ്രവാസി ക്ഷേമപദ്ധതികൾക്ക് കേന്ദ്രസഹായം വേണം
പ്രവാസി ക്ഷേമപദ്ധതികൾക്ക് കേന്ദ്രസഹായം വേണമെന്ന് അഞ്ചാമത് ലോക കേരള സഭ ആവശ്യപ്പെട്ടു. 1996 മുതൽ പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി നോർക്ക റൂട്ട്സ്, ക്ഷേമനിധി ബോർഡ്, എൻആർഐ കമീഷൻ തുടങ്ങിയ സംവിധാനങ്ങളിലൂടെ കേരള സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. എന്നാൽ, രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തിലേക്ക് വലിയ സംഭാവന നൽകുന്ന പ്രവാസികളുടെ ക്ഷേമത്തിനായി കേന്ദ്രസർക്കാർ ഇതുവരെ സാമ്പത്തികസഹായം അനുവദിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ പരിമിതമായ സാമ്പത്തികസ്രോതസ്സുകൾ ഉപയോഗിച്ച് ഇത്തരം വിപുലമായ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നത് വലിയ വെല്ലുവിളിയാണെന്ന് ലോക കേരള സഭ വിലയിരുത്തി.
ഈ സാഹചര്യത്തിൽ, സമാനമായ രീതിയിൽ പ്രവാസി ജനസംഖ്യ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച് കേന്ദ്രഫണ്ടിനായി സംയുക്ത സമ്മർദം ചെലുത്തുകയും കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുകയും വേണം. പാർലമെന്റ് അംഗങ്ങൾവഴി കേന്ദ്രത്തിൽ സമ്മർദം ചെലുത്തിയും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ നേരിട്ട് സമീപിച്ചും പ്രത്യേക കേന്ദ്രാവിഷ്കൃതപദ്ധതികൾ ആവശ്യപ്പെടണമെന്ന് ലോക കേരള സഭ പ്രമേയത്തിൽ ആവശ്യപ്പെട്ടു.
‘ഇൻഡക്സേഷൻ ഫെസിലിറ്റി’ കേന്ദ്രം എടുത്തുകളയുകയും ഇടപാടുകൾക്ക് 12.5 ശതമാനം നികുതി ഏർപ്പെടുത്തുകയും ചെയ്‌തത് പ്രവാസികൾക്ക് വലിയ സാമ്പത്തികബാധ്യത സൃഷ്ടിക്കുന്നു. ഈ നിയമവ്യവസ്ഥ പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സംസ്ഥാന സർക്കാർ അഭ്യർഥിക്കണം, പാസ്പോർട്ട് പുതുക്കുന്നതിന് കേന്ദ്രസർക്കാർ കൊണ്ടുവന്ന നിബന്ധനകളിലെ പോരായ്‌മകൾ പരിഹരിക്കണം എന്നീ പ്രമേയങ്ങളും അംഗീകരിച്ചു.










0 comments