തദ്ദേശ തെരഞ്ഞെടുപ്പ്: പോരിൽ ജയിക്കാൻ കിഴക്കയിൽ വീട്ടിലെ സഹോദരിമാർ

kozhikkode sisters election

വനജ, സരിത, സജിത

avatar
ഇ ബാലകൃഷ്‌ണൻ

Published on Nov 13, 2025, 10:03 PM | 2 min read

പേരാമ്പ്ര: തദ്ദേശ തെരഞ്ഞെടുപ്പിൽ അങ്കംകുറിക്കാൻ എരവട്ടൂർ കിഴക്കയിൽ വീട്ടിലെ സഹോദരിമാർ. ഇ‍ൗ വീട്ടിലെ സഹോദരിമാരായ വനജയും സരിതയും സജിതയുമാണ്‌ എൽഡിഎഫിനായി മത്സരരംഗത്തുള്ളത്‌. മൂന്ന്‌ പെൺമക്കളും തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥികളായതിന്റെ ആവേശത്തിലാണ്‌ അമ്മ ഓമന അമ്മ.


മൂന്ന്‌ പഞ്ചായത്തുകളിലായാണ്‌ സഹോദരിമാർ വോട്ട്‌ തേടുന്നത്‌. എരവട്ടൂരിലെ കിഴക്കയിൽ വനജ (56) പേരാമ്പ്ര പഞ്ചായത്ത് 17-ാം വാർഡിലാണ്‌ മത്സരിക്കുന്നത്‌. സരിത മുരളി (50) കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലെ കൈവേലി ഡിവിഷനിലെ സ്ഥാനാർഥിയാണ്‌. സജിത കുയ്യലത്ത് (46) മണിയൂർ പഞ്ചായത്ത്‌ ആറാം വാർഡ് എടത്തുംകരയിലാണ്‌ ജനവിധി തേടുന്നത്‌. സരിത നിലവിൽ കായക്കൊടി പഞ്ചായത്ത് ഒമ്പതാം വാർഡ് അംഗവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമാണ്. വനജക്കും സജിതക്കും കന്നിയങ്കമാണ്‌.


അച്ഛൻ എരവട്ടൂർ ആനേരി കുന്നിലെ പരേതനായ കിഴക്കയിൽ കുഞ്ഞികൃഷ്ണൻ നായരായിരുന്നു മൂന്നുപേരുടെയും രാഷ്‌ട്രീയ ഗുരു. വനജ സിപിഐ എം എരവട്ടൂർ സൗത്ത് ബ്രാഞ്ചംഗം, പേരാമ്പ്ര റീജ്യണൽ കോ–ഓപറേറ്റീവ്‌ ബാങ്ക് ഡയറക്ടർ, ജനാധിപത്യ മഹിളാ അസോസിയേഷൻ പേരാമ്പ്ര വെസ്റ്റ് മേഖലാ കമ്മിറ്റി അംഗം, കുടുംബശ്രീ എഡിഎസ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. സിപിഐ എം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭർത്താവ്: നാരായണൻ. അനുരാഗ്, അഞ്ജന എന്നിവർ മക്കൾ.


സരിത ബാലസംഘം, എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. നിലവിൽ കായക്കൊടി ലോക്കലിലെ സിപിഐ എം പട്ടർകുളങ്ങര ഈസ്റ്റ് ബ്രാഞ്ചംഗമാണ്. യുഡിഎഫിന്‌ മേൽക്കൈയുള്ള മുട്ടുതട വാർഡിൽനിന്ന് കഴിഞ്ഞതവണ സിപിഐ എം സ്വതന്ത്ര സ്ഥാനാർഥിയായാണ്‌ ജയിച്ചത്‌. ഭർത്താവ്: മുരളി (യുഎൽസിസി). മക്കൾ: അഭിരാം, യദുരാം.


സജിത കുയ്യലത്ത് മണിയൂർ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സണാണ്‌. സിപിഐ എം മന്തരത്തൂർ സെന്റർ ബ്രാഞ്ച് അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് ട്രഷറർ, കെഎസ്‌കെടിയു വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. സിപിഐ എം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭർത്താവ്: സുരേഷ്. ശ്രീകൃപ, പാർവണ എന്നിവർ മക്കളാണ്. അച്ഛന്റെയും അമ്മയുടെയും പിന്തുണയോടെ പൊതുരംഗത്ത് സജീവമായ തങ്ങൾക്ക് ഭർത്താവും മക്കളും പൂർണ സഹകരണമാണ് നൽകുന്നതെന്ന്‌ മൂവരും ഒരേസ്വരത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home