ഇടതുപക്ഷത്തിന്റെ പ്രാധാന്യം വർധിച്ചു: പ്രഭാത് പട്‌നായിക്

കൊച്ചി: സാമ്രാജ്യത്വത്തിനെതിരായി പോരാടാൻ സാധിക്കുന്ന ഏക കൂട്ടായ്‌മ ഇടതുപക്ഷമാണെന്ന് ഡോ. പ്രഭാത് പട്‌നായിക്. ലോകത്ത് ഇടതുപക്ഷത്തിന്റെ പ്രാധാന്യം വർധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക മുതലാളിത്ത സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധി നേരിടുകയാണ്. അമ്പത് വർഷത്തിനിടെ ഇത്തരം ഒരു പ്രതിസന്ധി ലോകം ദർശിച്ചിട്ടില്ല. ലോകമാകെ ഇതുവരെ കാണാത്ത വിധം വരുമാനത്തിലും സമ്പത്തിലുമുള്ള അസമത്വമാണ് അഭിമുഖീകരിക്കുന്നത്. ഉപഭോഗത്തിൽ വലിയ കുറവ് വന്നു. അമിതോൽപാദനവും അന്താരാഷ്ട്ര ധനമൂലധനത്തിന്റെ ആധിപത്യവും നവലിബറൽ നയങ്ങളും ലോകത്തെ വലിയ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്.
തൊഴിലില്ലായ്‌മ, ദാരിദ്ര്യം, അസമത്വം എന്നിവ മൂലം ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. നവലിബറൽ നയങ്ങളുടെ പ്രതിസന്ധി നവഫാസിസ്റ്റ് പ്രവണതയിലാണ് എത്തിയിരിക്കുന്നത്. അർജന്റീന, ജർമ്മനി, ഫ്രാൻസ്, തുർക്കി, ഇന്ത്യ മുതലായ രാജ്യങ്ങളിൽ ഇത് പ്രകടമാണ്. ഈ പ്രതിസന്ധി മറികടക്കാൻ അവർ മതത്തിന്റെയും മറ്റ് വിഭാഗീയതയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് യഥാർഥ പ്രശ്നത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു. ഇടതുപക്ഷത്തെ ശക്തമാക്കുക എന്ന് മാത്രമാണ് ഇതിനെ നേരിടാനുള്ള ഏക പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.









0 comments