കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് തുടരും; മേയറായി ഒ സദാശിവൻ

തിരുവനന്തപുരം: കോഴിക്കോട് കോർപറേഷൻ മേയറായി എൽഡിഎഫിലെ ഒ സദാശിവൻ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ എസ് കെ അബൂബക്കറിനെയാണ് പരാജയപ്പെടുത്തിയത്. എൽഡിഎഫിലെ ഡോ. എസ് ജയശ്രീയാണ് ഡെപ്യൂട്ടി മേയർ. യുഡിഎഫിലെ ഫാത്തിമ തെഹ്‌ലിയയെയാണ് പരാജയപ്പെടുത്തിയത്. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് ബിജെപി സ്ഥാനാർഥികളായി യഥാക്രമം നന്പിടി നാരായണനും നവ്യ ഹരിദാസും മത്സരിച്ചിരുന്നുവെങ്കിലും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. തടന്പാട്ടുതാഴം ഡിവിഷനിൽനിന്നുള്ള കൗൺസിലറാണ് സിപിഐ എം നോർത്ത് ഏരിയാ കമ്മിറ്റി അംഗം കൂടിയായ സദാശിവൻ. കോട്ടൂളി ഡിവിഷനെയാണ് ഡോ.എസ് ജയശ്രീ പ്രതിനിധീകരിക്കുന്നത്. നിലവിൽ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആണ്.
തിരുവനന്തപുരം കോർപറേഷൻ മേയറായി ബിജെപിയിലെ വി വി രാജേഷും ഡെപ്യൂട്ടി മേയറായി ആശാനാഥും തെരഞ്ഞെടുക്കപ്പെട്ടു.
കൊല്ലം കോർപറേഷനിൽ യുഡിഎഫിന്റെ എം കെ ഹഫീസാണ് മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വോട്ട് ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് വിവാദമായി. അസൈൻ പള്ളിമുക്കാണ് ബിജെപി സ്ഥാനാർഥി ബി ഷൈലജയ്ക്ക് ആദ്യ റൗണ്ടിൽ വോട്ട് ചെയ്തത്.
കൊച്ചി കോര്‍പ്പറേഷനില്‍ അഡ്വ. വി കെ മിനിമോളെ മേയറായി തെരഞ്ഞെടുത്തു. മിനി മോളും ഷൈനി മാത്യൂവും രണ്ടരക്കൊല്ലം വീതം മേയര്‍സ്ഥാനം വഹിക്കാനാണ് തീരുമാനം.
തൃശൂര്‍ കോര്‍പറേഷനില്‍ കിഴക്കുംപാട്ടുകരയില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസിന്റെ ഡോ. നിജി ജസ്റ്റിന്‍ മേയറായി.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി പി ഇന്ദിരയെ തെരഞ്ഞെടുത്തു. കഴിഞ്ഞ തവണ ഡെപ്യൂട്ടി മേയറായിരുന്നു ഇന്ദിര.










0 comments