വ്യാജരേഖ ചമച്ച് ഭൂമി തട്ടിപ്പ്: ഒളിവിലിരുന്ന കോൺഗ്രസ് നേതാവ് അനന്തപുരി മണികണ്ഠൻ പിടിയിൽ

അനന്തപുരി മണികണ്ഠൻ
തിരുവനന്തപുരം: വ്യാജരേഖ ചമച്ച് വീടും വസ്തുവും തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കോൺഗ്രസ് നേതാവ് അനന്തപുരി മണികണ്ഠൻ പിടിയിൽ. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരം മ്യൂസിയം പൊലീസാണ് ഇയാളെ പിടികൂടിയത്. വൈകിട്ടോടെ തിരുവനന്തപുരത്തെത്തിക്കും. തിരുവനന്തപുരം ജവഹർ നഗറിലെ നാലരക്കോടിയോളം വില വരുന്ന വീടും വസ്തുവും തട്ടിയെടുത്തെന്നാണ് കേസ്.
കേസിൽ അഞ്ചാം പ്രതിയും മണികണ്ഠന്റെ സഹോദരനുമായ മണക്കാട് എംആർ ഹിൽസ് ഗണപതി ഭദ്ര വീട്ടിൽ സി എ മഹേഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മണികണ്ഠൻ വ്യാജ പ്രമാണം ഉണ്ടാക്കിയത് മഹേഷിന്റെ ലൈസൻസിലുള്ള അക്കൗണ്ട് ഉപയോഗിച്ചാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രധാന സൂത്രധാരൻ ആധാരം എഴുത്തുകാരൻ കൂടിയായ മണികണ്ഠനാണെന്ന് അന്വേഷക സംഘം ഉറപ്പിച്ചിട്ടുണ്ട്.









0 comments