ചീട്ടുകളി തർക്കത്തിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; പ്രതി പിടിയിൽ

കൊല്ലപ്പെട്ട പ്രിൻ്റു, അറസ്റ്റിലായ ധരംബീർ സിംഗ്
കുന്നംകുളം: മദ്യപിച്ച് ചീട്ടു കളിക്കുന്നതിനിടെ ഒഡീഷ സ്വദേശികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാളെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി ധരംബീർ സിങ് (29) ആണ് അറസ്റ്റിലായത്. ഒഡീഷ സ്വദേശി പ്രിന്റു എന്ന് വിളിക്കുന്ന ധനശ്യാം നായ്‌ക്കാ(18)ണ് മരിച്ചത്.
ശനി രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. പട്ടാമ്പി റോഡിലെ ലാവിഷ് ഫർണിച്ചർ ഗോഡൗണിലെ ജീവനക്കാരായ ഇവർ തമ്മിൽ മദ്യലഹരിയിൽ ചീട്ടു കളിക്കുന്നതിനിടെ തർക്കം ഉണ്ടാവുകയും ധരംബീർ സിങ് ബിയർ കുപ്പി പൊട്ടിച്ച് ധനശ്യാം നായിക്കിനെ കുത്തുകയായിരുന്നു.
നെഞ്ചിലും വയറിന്റെ വലതുവശത്തും പുറകിലും ആഴത്തില്‍ ഏറ്റ മുറിവുകളാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി കുന്നംകുളം പൊലീസും പ്രത്യേക സ്ക്വാഡും ചേർന്നാണ് പിടികൂടിയത്. മുഖത്തുൾപ്പെടെ പരിക്കേറ്റ പ്രതിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കുശേഷം ഇയാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കും. മൂന്നുമാസം മുമ്പാണ് പ്രതി സ്ഥാപനത്തിൽ ജോലിക്കെത്തിയത്.









0 comments