ആകർഷക നിരക്കും സുരക്ഷിത യാത്രയും; കെഎസ്‌ആർടിസി ചാർട്ടേർഡ് ട്രിപ്പിന് ആവശ്യക്കാർ ഏറെ


സ്വന്തം ലേഖകൻ
Published on Jun 09, 2025, 11:42 AM | 1 min read
തിരുവനന്തപുരം : സ്വകാര്യ പരിപാടികൾക്കായുള്ള കെഎസ്‌ആർടിസിയുടെ ചാർട്ടേർഡ് ട്രിപ്പുകൾക്ക് ആവശ്യക്കാർ കൂടുന്നു. കുറഞ്ഞ നിരക്കും സുരക്ഷിത യാത്രയുമാണ് സർവീസിനെ ആകർഷകമാക്കിയത്. എല്ലാ ഡിപ്പോകളും സർവീസുകൾ അനുവദിക്കുന്നുണ്ട്.
ഈമാസം അഞ്ചുമുതൽ നിരക്കിൽ വൻ ഇളവും പ്രഖ്യാപിച്ചിരുന്നു. ഇതോടെ കല്യാണങ്ങൾക്ക് ബസ് ബുക്ക് ചെയ്യുന്നവരുടെ എണ്ണവുംകൂടി. സ്വകാര്യ വാഹനങ്ങളുടെ കൊള്ളയ്‌ക്കും അവസാനമാകും. മിനി ബസ് മുതൽ വോൾവോ ബസുവരെ ഇങ്ങനെ ബുക്ക് ചെയ്യാം. ഇതിനുള്ള നടപടി ലളിതമാണ്. ബദൽ ഡ്രൈവർമാരെയാണ് ഇത്തരം ബസുകളിൽ പ്രയോജനപ്പെടുത്തുന്നത്. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നടപടി.
പുതിയ നിരക്ക് ക്ലാസ്
ക്ലാസ് | 40 കി.മീ | 100കി.മീ | 150കി.മീ | 200കി.മീ | അധിക നിരക്ക് (1 കി.മീ) |
മിനിബസ് | 3500 | 5900 | 8400 | 10900 | 70 രൂപ |
ഓർഡിനറി | 3600 | 6000 | 8500 | 11000 | 70 |
ഫാസ്‌റ്റ് പാസഞ്ചർ | 3700 | 6100 | 8600 | 11100 | 80 |
സൂപ്പർഫാസ്‌റ്റ് | 3800 | 6200 | 8700 | 11200 | 80 |
സൂപ്പർ ഡീലക്‌സ് | 3900 | 6300 | 8800 | 11300 | 80 |
വോൾവോ | 4300 | 7900 | 11400 | 15000 | 100 |
സ്‌കാനിയ | 5300 | 8900 | 12400 | 16000 | 120 |
എ, ബി, സി, ഡി എന്നിങ്ങനെ തിരിച്ചാണ് വാടക. ഓരോ ക്ലാസിലെയും എ വിഭാഗത്തിൽ 40 കിലോമീറ്ററാണ് ദൂരപരിധി. തുടർന്നുള്ള മൂന്നു വിഭാഗത്തിൽ 100, 150, 200 കിലോമീറ്ററാണ് ദൂരപരിധി. സമയം 4, 8, 12, 16 മണിക്കൂർ എന്നിങ്ങനെയുമാണ്. അധികദൂരത്തിലും സമയത്തിനും ആനുപാതികമായ വർധനയുണ്ടാകും. മുമ്പ് ഓർഡിനറി ബസിന്- 8500 രൂപയും ഫാസ്റ്റ് പാസഞ്ചറിന് 9000 രൂപയും സൂപ്പർ ഫാസ്റ്റ് - 9500 രൂപയും സൂപ്പർ എക്‌സ്‌പ്രസിന്- 10,000 രൂപയും വോൾവോയ്‌ക്ക് 13,000 രൂപയുമായിരുന്നു. ജിഎസ്‌ടി അതിന് പുറമെ നൽകണമായിരുന്നു. ഇതിൽനിന്ന് പകുതിയിലേറെ കുറവാണ് വരുത്തിയത്.









0 comments