എംഎസ്‌എംഇക്ക് 5 കോടിവരെ ഉപകരണ വായ്പ ; പദ്ധതിയുമായി കെഎഫ്സി

തിരുവനന്തപുരം
സംസ്ഥാനത്തെ എംഎസ്‌എംഇകൾക്ക് (സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ) യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിന് വായ്പാപദ്ധതിയുമായി കെഎഫ്‌സി. എംഎസ്എംഇകളെ വിപുലീകരിക്കാനും ആധുനികവൽക്കരിക്കാനും മത്സരക്ഷമമാക്കാനും സഹായിക്കുകയാണ് കെഎഫ്സി മെഷിനറി വായ്പാപദ്ധതിയുടെ ലക്ഷ്യം. വായ്പയ്‌ക്ക് ഈട് നൽകേണ്ടതില്ല. സർക്കാരിന്റെ ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് വഴിയാണ് വായ്പ നൽകുക. ഒരു എംഎസ്എംഇക്ക് അഞ്ചു കോടി രൂപവരെ ലഭിക്കും.
യന്ത്രസാമഗ്രി വാങ്ങുന്ന തുകയുടെ 80 ശതമാനംവരെയാണ് വായ്പ. ഒരുവർഷം മോറട്ടോറിയം ഉൾപ്പടെ ഏഴു വർഷമാണ് തിരിച്ചടവ് കാലാവധി. മുഖ്യമന്ത്രിയുടെ സംരഭകത്വ വികസന പദ്ധതിയുടെ ആനുകൂല്യത്തിന് അർഹതയുള്ള യൂണിറ്റുകൾക്ക് അഞ്ചുശതമാനം മുതൽ കുറഞ്ഞ നിരക്കിൽ വായ്പ ലഭിക്കും. കമ്പനിയുടെ മുഖ്യ പ്രൊമോട്ടറുടെ സിബിൽ സ്കോർ 700നുമുകളിലും എംഎസ്എംഇയുടെ സിബിൽ റേറ്റിങ് ഒന്നുമുതൽ അഞ്ചുവരെയും ആയിരിക്കണം.
ഉപകരണങ്ങൾ വിശ്വാസ്യതയുള്ള വിതരണക്കാരിൽനിന്ന് വാങ്ങണം. തുക കെഎഫ്സി നേരിട്ട് വിതരണക്കാർക്ക് നൽകും. ഈടുനൽകാൻ പ്രയാസംനേരിടുന്ന സംരംഭകർക്ക് യൂണിറ്റുകൾ നവീകരിക്കാനും ബിസിനസ് വളർത്താനുമായാണ് പദ്ധതിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. എംഎസ്‌എംഇകൾക്ക് സാങ്കേതികവിദ്യ നവീകരിക്കാനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും പദ്ധതി സഹായിക്കുമെന്ന് കെഎഫ്സി എംഡി എൻ എസ് കെ ഉമേഷ് പറഞ്ഞു.
എംഎസ്എംഇ- ഉദ്യം , ജിഎസ്ടി രജിസ്‌ട്രേഷനുകളുള്ള, തുടർച്ചയായി മൂന്നുവർഷം പ്രവർത്തിച്ചിട്ടുള്ള, കഴിഞ്ഞ രണ്ടു സാമ്പത്തികവർഷങ്ങളിലും ലാഭം നേടിയ യൂണിറ്റുകൾക്ക് വായ്പയ്‌ക്ക് അപേക്ഷിക്കാം. കെഎഫ്സി വെബ്സൈറ്റ് (www.kfc.org ) വഴിയോ ബ്രാഞ്ച് വഴിയോ അപേക്ഷ നൽകാം.









0 comments