കെഎസ്‍എഫ്‍ഇ ലോകത്തിന് മുമ്പിൽ വലിയ സാമ്പത്തിക മാതൃക: മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്‍എഫ്‍ഇ ലോകത്തിന് മുമ്പാകെ ഉയർത്തുന്നത് വലിയ സാമ്പത്തിക മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്‍എഫ്‍ഇയുടെ ഒരു ലക്ഷം കോടി രൂപ ബിസിനസ് നേട്ടത്തിന്റെ പ്രഖ്യാപനവും ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക മാന്ദ്യം, നോട്ട് നിരോധനം, കോവിഡ് തുടങ്ങി ഒരു പ്രതിസന്ധിയിലും ഉലയാത്ത മാതൃകയാണ് കെഎസ്‍എഫ്‍ഇ. കേരളത്തിനും കേരളത്തിന്റെ ധനകാര്യ മേഖലക്കും അഭിമാനമാണ്. രാജ്യത്ത് ആദ്യമായാണ് ഒരു ബാങ്കിങ് ഇതര സ്ഥാപനം ഇത്ര വലിയ നേട്ടം കൈവരിക്കുന്നത്. അത് നേടിയെടുത്തത് ഒരു പൊതു മേഖലാ സ്ഥാപനമാണ്. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
മലയാളിയുടെ നിത്യജീവിതവുമായി ഇഴ ചേർന്ന കിടക്കുന്ന സ്ഥാപനമാണ് കെഎസ്‍എഫ്‍ഇ. ഏത് സാമ്പത്തിക ആവശ്യത്തിനും ആശ്രയിക്കാവുന്ന സ്ഥാപനം. 1967ലാണ് കെഎസ്‍എഫ്‍ഇ തുടങ്ങുന്നത്. ഇഎംഎസ് സർക്കാരിന്റെ കാലത്ത്, അന്ന ധനകാര്യ മന്ത്രിയായിരുന്ന പി കെ കുഞ്ഞ് മുൻ കൈയ്യെടുത്താണ് സ്ഥാപനത്തിന്റെ പ്രവർത്തനം തുടങ്ങുന്നത്. സ്വകാര്യ ചൂഷകരുടെ കയ്യിലായിരുന്നു പണ്ട് ചിട്ടി നടത്തിപ്പ്. അവിടെയാണ് ഒരു ബദൽ ധനകാര്യ സ്ഥാപനം ആവിഷ്കരിക്കുകയെന്ന ലക്ഷ്യത്തോടെ കെഎസ്‍എഫ്‍ഇ യാഥാർഥ്യമായത്. അവിടെനിന്ന് വളരെയേറെ മുന്നോട്ടുപോകാൻ കെഎസ്‍എഫ്‍ഇക്ക് കഴിഞ്ഞു എന്നും മുഖ്യമന്ത്രി പറഞ്ഞു.
1975ലാണ് സംസ്ഥാന ചിട്ടി നിയമം പ്രാബല്യത്തിൽ വരുന്നത്. അന്ന് മുതൽ കെഎസ്‍എഫ്‍ഇ ചിട്ടികൾ പൂർണമായും നിമവിധേമായി. ചിട്ടിയ്ക്ക് പുറമെ സ്വർണ പണയ വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പ, ചിട്ടിയിൽ നിന്നുള്ള വായ്പ തുടങ്ങി സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന നിരവധി പദ്ധതികളാണ് കെഎസ്‍എഫ്‍ഇ നടപ്പിലാക്കിയത്. പത്ത് ശാഖകളും രണ്ട് ലക്ഷം രൂപ മൂലധനവുമായാണ് കെഎസ്‍എഫ്‍ഇ ആരംഭിച്ചത്. ഇന്ന് 683 ശാഖകളും ഒരു ലക്ഷം കോടി രൂപയിലേറെ ബിസിനസുള്ള സ്ഥാപനമായി മാറിയിരിക്കുന്നു. 25 ലക്ഷത്തിലധികം ഇടപാടുകാരുടേതായി അറുപത് ലക്ഷം ധന ഇടപാടുകളും സ്ഥാപനം നടത്തുന്നു.
2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ 30,000 കോടി രൂപയായിരുന്നു കെഎസ്‍എഫ്‍ഇയുടെ ബിസിനസ്. മൂന്നിരട്ടിയിലേറെ വളർച്ച 9 വർഷം കൊണ്ട് നേടി. 2016ൽ 236 കോടി രൂപയായിരുന്നു കെഎസ്‍എഫ്‍ഇ യുടെ പ്രവർത്തന ലാഭം. ഇപ്പോൾ 500 കോടിയായി ഉയർന്നു. 2016 മുതൽ കെഎസ്‍എഫ്‍ഇയെ കൂടുതൽ ജനകീയമാക്കാൻ വലിയ ഇടപെടലുകളുണ്ടായി. അതിന്റെ ഭാഗമായി പ്രവാസികൾക്കടക്കം ചിട്ടിയിൽ ചേരാൻ അവസരമൊരുക്കി.
ആകർഷകമായ വ്യവസ്ഥകളോടെയാണ് ഇപ്പോൾ ചിട്ടി നടക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിന് കീഴിൽ ചിട്ടിയെ പുനക്രമീകരിക്കാനായി. അതോടൊപ്പം ആധുനിക സൗകര്യങ്ങളോട് കൂടിയ കോൾ സെന്റർ സംവിധാനം ഏർപ്പെടുത്തി. ഉപഭോക്താവിന് ഇൻഷുറൻസ് പരിരക്ഷ, ഗ്രൂപ്പ് പെൻഷൻ പദ്ധതി എന്നിവയും ഏർപ്പെടുത്തി. മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും യാഥാർഥ്യമാകുന്നതോടുകൂടി ആയാസ രഹിതമായി കെഎസ്‍എഫ്‍ഇ യുടെ സേവനങ്ങൾ ഗുണഭോക്താക്കൾക്ക് ലഭ്യമാകും. 121 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസികൾ കെഎസ്‍എഫ്‍ഇ ചിട്ടിയിൽ അംഗങ്ങളായിട്ടുണ്ട്. പ്രവാസികളുടെ സ്വകാര്യ നിക്ഷേപമെന്നതിന് പുറമെ, കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സംഭാവന എന്ന നിലയിൽ കൂടിയാണ് കെഎസ്‍എഫ്‍ഇ പ്രവാസി ചിട്ടികൾ വിഭാവനം ചെയ്തിരിക്കുന്നത്.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും വേരുകളുള്ള ധനകാര്യ സ്ഥാപനമായി കെഎസ്‍എഫ്‍ഇയ്ക്ക് മാറാൻ സാധിക്കണം. ലോകത്തിനാകെ മാതൃകയായ ഒരു നവ കേരളം സൃഷ്ടിക്കാനുള്ള ശ്രമമാണ് നമ്മൾ നടത്തുന്നത്. അതിൽ കെഎസ്‍എഫ്‍ഇയ്ക്ക് വലിയ പങ്ക് വഹിക്കാനാകും. ജനങ്ങളുടെ സ്പന്ദനം മനസിലാക്കി പ്രവർത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനം അവരുടെ സർവതോന്മുഖമായ വികസനത്തിന് ഒപ്പം നിൽക്കാൻ കഴിയണം. വിശ്വാസ്യതയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളിലൂടെ കെഎസ്‍എഫ്‍ഇയ്ക്ക് ഇനിയും മുന്നേറാൻ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.









0 comments