ഒരു ലക്ഷം കോടി ക്ലബ്ബിൽ കെഎസ്എഫ്ഇ

തിരുവനന്തപുരം
ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് എന്ന ചരിത്രനേട്ടം കൈവരിച്ച് കെഎസ്‌എഫ്‌ഇ. ഇൗ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ വിവിധോദ്ദേശ്യ ബാങ്കിങ് ഇതര സ്ഥാപനമായി കെഎസ്‌എഫ്‌ഇ മാറി. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന്റെ ഒൗദ്യോഗിക പ്രഖ്യാപനം നടത്തി. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി.
കെഎസ്‌എഫ്‌ഇയുടെ നേട്ടം കേരളത്തിന് അഭിമാനവും മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയുമാണെന്ന് ബാലഗോപാൽ പറഞ്ഞു. 45 ലക്ഷം ഇടപാടുകാരാണ് കെഎസ്എഫ്ഇക്കുള്ളത്. സർക്കാർ ഗ്യാരന്റിയോടെ പ്രവർത്തിക്കുന്ന കെഎസ്എഫ്ഇ എല്ലാവർഷവും ഡിവിഡന്റ് നൽകുന്ന സ്ഥാപനംകൂടിയാണ്. കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ പിഎസ്‌സി വഴി 3500 പേർക്ക് കെഎസ്‌എഫ്‌ഇയിൽ ജോലി നൽകാനായെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ‘കെഎസ്‌എഫ്‌ഇ ഈ നാടിന്റെ ധൈര്യം’ എന്ന പുതിയ മുദ്രാവാചകം മുഖ്യമന്ത്രി പ്രകാശിപ്പിച്ചു. ഉപഭോക്താക്കളുടെ എണ്ണം നിലവിലെ 59 ലക്ഷത്തിൽനിന്ന് ഒരു കോടിയാക്കാനുള്ള ‘മിഷൻ വൺ ക്രോർ’ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിച്ചു. ഹാർമണി ചിട്ടി ഇടപാടുകാർക്കുള്ള ഓണം സമൃദ്ധി ഗിഫ്റ്റ് കാർഡിന്റെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. കെഎസ്എഫ്ഇ ബ്രാൻഡ് അംബാസിഡർ നടൻ സുരാജ് വെഞ്ഞാറമൂട് മുഖ്യാതിഥിയായി. ആന്റണി രാജു എംഎൽഎ, കെഎസ്‌എഫ്‌ഇ ചെയർമാൻ കെ വരദരാജൻ, മുൻ ചെയർമാൻ പീലിപ്പോസ് തോമസ്, എംഡി ഡോ. എസ് കെ സനിൽ എന്നിവർ സംസാരിച്ചു.









0 comments