‘പവർ’ഫുള്ളായി പത്താം വർഷത്തിലേക്ക്

തിരുവനന്തപുരം
പവർകട്ടും ലോഡ് ഷെഡിങ്ങുമില്ലാതെ കേരളം ഒമ്പതുവർഷം പിന്നിടുന്നു. 2017ൽ മുഴുവൻ വീടുകളിലും വൈദ്യുതിയെത്തിച്ച് സമ്പൂർണ വൈദ്യുതീകരണം യാഥാർഥ്യമാക്കി ആരംഭിച്ച കുതിപ്പ് ഊർജ സ്വയംപര്യാപ്‌തത എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്.
ഏതുനിമിഷവും കറന്റ് പോകുമെന്ന അവസ്ഥവരെയെത്തിച്ചാണ് യുഡിഎഫ് പടിയിറങ്ങിയത്. എന്നാൽ, യുഡിഎഫ് സർക്കാർ തള്ളിക്കളഞ്ഞ കൊച്ചി–ഇടമൺ പവർ ഹൈവേ പിണറായി സർക്കാർ യാഥാർഥ്യമാക്കി. സംസ്ഥാനത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷി വർധിച്ചു. കൂടുതൽ വൈദ്യുതി മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിച്ചു. വൈദ്യുതി തടസ്സമില്ലാതെ എത്തിക്കുന്നതിന് ട്രാൻസ്‌ഗ്രിഡ് പദ്ധതി നടപ്പാക്കി. ആഭ്യന്തര വൈദ്യുതി ഉൽപ്പാദനത്തിൽ നേടിയത് 1360.75 മെഗാവാട്ടിന്റ വർധനവാണ്.
യുഡിഎഫ് ഭരണകാലത്ത് നിർമാണം തടസ്സപ്പെട്ടിരുന്ന 100 മെഗാവാട്ട് പള്ളിവാസൽ, തൊട്ടിയാർ ജലവൈദ്യുത പദ്ധതികൾ പൂർത്തിയാക്കി. ജലവൈദ്യുതോൽപാദനത്തിൽ മാത്രം 179.65 മെഗാവാട്ടിന്റെ അധികശേഷി കൈവരിച്ചു. പുനരുപയോഗ ഊർജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിച്ചതോടെ, ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന 16.49 മെഗാവാട്ട് സ്ഥാപിതശേഷിയിൽനിന്ന് 1576 മെഗാവാട്ടിലെത്തി. വനാന്തരങ്ങളിലെ വിദൂര ആദിവാസി മേഖലയിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള നടപടി മുന്നോട്ടു പോകുന്നു.
●പുരപ്പുര സൗരോർജ നിലയം സൗജന്യമായി സ്ഥാപിച്ച് വീട്ടിലെ ഉപയോഗശേഷം ഗ്രിഡിലേക്ക് വൈദ്യുതി നൽകി നിശ്ചിത വരുമാനം നേടാനുള്ള ഹരിതഊർജ വരുമാനപദ്ധതി 2500- വീടുകളിൽ പൂർത്തിയാക്കി.
● അങ്കണവാടികളിലെ പാചകം പൂർണമായും വൈദ്യുതി അധിഷ്‌ഠിതമാക്കി. രണ്ടായിരത്തിലധികം അങ്കണവാടികളിൽ ഇൻഡക്‌ഷൻൻ കുക്കർ നൽകി
● വായ്പ പലിശ സഹിതം പൂർണമായും അടച്ചുതീർത്തു. വർഷം എട്ട് കോടി രൂപയോളം പ്രവർത്തനലാഭം കൈവരിച്ചു
● നൂറോളം സബ് സ്റ്റേഷൻ പൂർത്തിയാക്കി
● വൈദ്യുതി പ്രസരണ,-വിതരണ മേഖലകളിൽ 17,000 കോടിയുടെ വികസന പ്രവർത്തനം നടത്തി









0 comments