സൗരോർജം സംഭരിക്കാനുള്ള ‘ബെസിന്’അനുമതി ; കെഎസ്‌ഇബിയുടെ ആദ്യ ബെസ്

തിരുവനന്തപുരം
സൗരോർജം സംഭരിക്കാൻ കാസർകോട് മൈലാട്ടിയിൽ സംസ്ഥാനത്തെ ആദ്യത്തെ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) സ്ഥാപിക്കുന്നു. ഇതിനുള്ള കെഎസ്‌ഇബി നിർദേശം റെഗുലേറ്ററി കമീഷൻ അംഗീകരിച്ചു. 500 മെഗാവാട്ട് സംഭരിക്കാനും രാത്രി 125 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനും ശേഷിയുമുള്ള ബെസാണ് സ്ഥാപിക്കുക. പദ്ധതിയുടെ ലേലം ആരംഭിക്കാനുള്ള കെഎസ്ഇബിയുടെ തീരുമാനവും കമീഷൻ അംഗീകരിച്ചു. ജെഎസ്ഡബ്ല്യു നിയോ എനർജി ലിമിറ്റഡിനാണ് ബെസ് സ്ഥാപിക്കുന്നതിനുള്ള കരാർ നൽകിയത്.
സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ(സെകി)യുടെ മേൽനോട്ടത്തിലാകും പദ്ധതി നിർവഹണം. പ്രതിമാസം മെഗാവാട്ടിന് 4.41 ലക്ഷം രൂപ നിരക്കിൽ കരാർ കമ്പനി നിശ്ചയിച്ച താരിഫും, പദ്ധതി നടപ്പാക്കൽ ഏജൻസിയായ സെകിക്ക് കെഎസ്ഇബി നൽകേണ്ട യൂണിറ്റിന് ഏഴുപൈസയുടെ ട്രേഡിങ് മാർജിനും കമീഷൻ അംഗീകരിച്ചു. മൈലാട്ടിയിലെ പദ്ധതിക്ക് കേന്ദ്ര ഊർജ മന്ത്രാലയം 135 കോടി രൂപ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. പദ്ധതിയിലൂടെ ദിവസവും അഞ്ചുലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്തിനു ലഭിക്കുക.
പകൽസമയത്ത് ഉൽപാദിപ്പിക്കുന്ന അധിക സൗരോർജത്തിന്റെ സംഭരണശേഷി വർധിപ്പിക്കാനായി കെഎസ്ഇബി ആസൂത്രണംചെയ്ത പദ്ധതികളിൽ ഒന്നാണ് മൈലാട്ടിയിലേത്. കണ്ണൂർ ശ്രീകണ്ഠാപുരം, തിരുവനന്തപുരം പോത്തൻകോട്, കാസർകോട് മുള്ളേരിയ, മലപ്പുറം അരീക്കോട് എന്നീ സബ്സ്റ്റേഷനുകളിലും ബെസ് സജ്ജീകരിക്കും.









0 comments