ad
Deshabhimani

print edition ആപ്പിലായി കോൺഗ്രസ്; കണക്കുപുസ്തകം കത്തുന്നു

Congress Clash

പ്രതീകാത്മക ചിത്രം

avatar
സ്വന്തം ലേഖകൻ

Published on Apr 06, 2026, 04:22 AM | 2 min read

തിരുവനന്തപുരം : മുണ്ടക്കൈ ദുരന്തബാധിതർക്കായി വീടു നിർമിക്കാൻ പിരിച്ചത്‌ 5.38 കോടി രൂപ മാത്രമാണെന്ന കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫിന്റെ വാദത്തിൽ കോൺഗ്രസിനുള്ളിൽ കലാപം. ഡിസിസികളിൽനിന്നും വിദേശത്തേതടക്കമുള്ള സംഘടനകളിൽനിന്നും പിരിച്ച പണവുമായി ഇ‍ൗ കണക്ക്‌ ഒക്കുന്നില്ലെന്ന്‌ മുറുമുറുപ്പ്‌ ഉയർന്നു. നേതാക്കളുൾപ്പെട്ട ഗ്രൂപ്പുകളിൽ ചർച്ചയായെങ്കിലും തെരഞ്ഞെടുപ്പ്‌ ഘട്ടമായതിനാൽ ഇപ്പോൾ പരസ്യമാക്കേണ്ടെന്ന നിലപാടിലാണ്‌ നേതാക്കൾ. തെരഞ്ഞെടുപ്പ്‌ കഴിയുന്നതോടെ പരസ്യമായി ചോദ്യംചെയ്യുമെന്നും ഇത്‌ വൻ കലാപമാകുമെന്നും മുന്നറിയിപ്പുമുണ്ട്‌. കണക്കിൽ ആദ്യമേ ദുരൂഹത നിലനിർത്തിയ പ്രതിപക്ഷ നേതാവ്‌ വീടുപണി തുടങ്ങിയെന്ന്‌ അവസാന നിമിഷവും സമർഥിച്ചത്‌ വൻ തിരിച്ചടിയായെന്നും ഗ്രൂപ്പുകളിൽ ചർച്ചയുണ്ട്‌. നാട്ടിൽനിന്നും വിദേശത്തും നിന്നുമായി 150 കോടിയിലേറെ പിരിച്ചെന്നും അതുമുഴുവൻ അക്ക‍ൗണ്ടിലെത്തിയില്ലെന്നുമാണ്‌ വിവരം.


മലപ്പുറത്ത്‌ നാലുപേരിൽ നിന്നുമാത്രം 63ലക്ഷം കിട്ടി. അധ്യാപക സംഘടന, എൻജിഒ അസോസിയേഷൻ തുടങ്ങിയവരും പിരിച്ചു. ഇ‍ൗ പണം എവിടെയെന്ന ചോദ്യത്തിന്‌ മറുപടിയില്ല. മറ്റാവശ്യങ്ങൾക്ക്‌ ഉപയോഗിച്ചെന്ന്‌ വ്യക്തം. നേരിട്ടു പിരിക്കുന്ന പണം അക്ക‍ൗണ്ടിലെത്തുന്നില്ലെന്ന്‌ കണ്ടെത്തിയതോടെയാണ്‌ രണ്ടുമാസത്തിനകം ആപ്പ്‌ പിൻവലിച്ചത്‌. ആവശ്യത്തിന്‌ തുക ലഭിച്ചതിനാലാണ്‌ ആപ്പ്‌ നിർത്തിയതെന്ന്‌ പറഞ്ഞ നേതൃത്വം ഇപ്പോൾ പറയുന്നത്‌ വീടുവയ്‌ക്കാൻ കാശില്ലെന്നാണ്‌. ഫണ്ട്‌ വെട്ടിപ്പ്‌ മുന്പ്‌ വിവാദമായപ്പോൾ കോൺഗ്രസും യൂത്ത്കോൺഗ്രസും ചില ഘടകങ്ങൾക്കെതിരെ നടപടിയെടുത്തിരുന്നു.


100 വീടുനിർമിക്കുമെന്നായിരുന്നു അന്നത്തെ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ വാഗ്‌ദാനം. വയനാട്‌ എംപി എന്ന നിലയിൽ രാഹുൽഗാന്ധി 100 വീടും വാഗ്‌ദാനംചെയ്‌തു. ഇതിൽ 25 വീട്‌ പ്രതിപക്ഷനേതാവ്‌ സതീശന്റെ മേൽനോട്ടത്തിലാണ്‌ നിർമിക്കുക എന്നും പ്രഖ്യാപിച്ചു. യൂത്ത്കോൺഗ്രസ്‌ 30 വീടും പ്രഖ്യാപിച്ചു. ആകെ 230 വീടുകളാണ്‌ വാഗ്‌ദാനംചെയ്‌തത്‌. നൂറുവീടുകൾക്കുള്ള ഫണ്ട്‌ സമാഹരണത്തിനാണ്‌ 2024 ആഗസ്‌ത്‌ 21ന്‌ പ്രത്യേക ആപ്പ്‌ തുടങ്ങിയത്‌. വ്യക്തികളും സംഘടനകളും പണം നൽകിയതിന്റെ വിവരങ്ങൾ നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്‌തു.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരുരൂപ പോലും നൽകാത്ത രാഹുൽഗാന്ധി കെപിസിസിക്ക്‌ 2.30 ലക്ഷം നൽകിയതായി കെ സുധാകരൻ അറിയിച്ചു. അധ്യാപക സംഘടനയായ കെപിഎസ്‌ടിഎയും തമിഴ്‌നാട്‌ കോൺഗ്രസ്‌ കമ്മിറ്റിയും ഒരുകോടി രൂപവീതം നൽകി. എന്നിട്ടും ഇതുവരെ ലഭിച്ചത്‌ 5.38 കോടിയെന്ന വാദം ആരു വിശ്വസിക്കുമെന്നാണ്‌ കോൺഗ്രസുകാർ തന്നെ ചോദിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home