എസ്‌എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് കോഴിക്കോട് പതാക ഉയർന്നു

എസ്‌എഫ്‌ഐ അഖിലേന്ത്യാ സമ്മേളനം നടക്കുന്ന കോഴിക്കോട് കടപ്പുറത്തെ കെ വി സുധീഷ് നഗറിൽ സ്വാഗതസംഘം ചെയർമാൻ കൂടിയായ മന്ത്രി പി എ മുഹമ്മദ് റിയാസ് പതാക ഉയർത്തുന്നു- ഫോട്ടോ: ജഗത് ലാൽ
കെ വി സുധീഷ് നഗർ (കോഴിക്കോട്): എസ്‌എഫ്‌ഐ പതിനെട്ടാം അഖിലേന്ത്യാ സമ്മേളനത്തിന് കോഴിക്കോട് പ്രൗഢോജ്വല തുടക്കം. വെള്ളി മുതൽ കടപ്പുറത്തിനടുത്ത് പലസ്തീൻ സോളിഡാരിറ്റി നഗറിലെ (ആസ്പിൻ കോർട്ട്‌യാർഡ്) സീതാറാം യെച്ചൂരി, നേപ്പാൾദേവ് ഭട്ടാചാര്യ മഞ്ചിലാണ് പ്രതിനിധി സമ്മേളനം.
രക്തസാക്ഷി സ്‌മൃതികൾ ജ്വലിക്കുന്ന മണ്ണിൽ നിന്നുള്ള കൊടിമര, പതാക, ദീപശിഖാ ജാഥകൾ വൈകിട്ട് ആറോടെ കടപ്പുറത്ത് സംഗമിച്ചു. കൂത്തുപറമ്പിലെ കെ വി സുധീഷ് സ്മാരകത്തിൽ നിന്നെത്തിയ കൊടിമരം സ്വാഗതസംഘം ട്രഷറർ എം മെഹബൂബും പൈനാവിലെ ധീരജ് രാജേന്ദ്രന്റെ സ്‌മൃതികുടീരത്തിൽ നിന്നെത്തിയ പതാക അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവും മധുരയിലെ സോമു- സെമ്പു മെമ്മോറിയിലിൽനിന്ന് തെളിച്ച ദീപശിഖ സെക്രട്ടറി മയൂഖ് ബിശ്വാസും ഏറ്റുവാങ്ങി. തുടർന്ന് സ്വാഗതസംഘം ചെയർമാൻ കൂടിയായ മന്ത്രി പി എ മുഹമ്മദ് റിയാസ് പതാക ഉയർത്തി.
എസ്‌എഫ്‌ഐ അഖിലേന്ത്യാ സമ്മേളനം നടക്കുന്ന കോഴിക്കോട് കടപ്പുറത്തെ കെ വി സുധീഷ് നഗറിൽ സ്വാഗതസംഘം ചെയർമാൻ കൂടിയായ മന്ത്രി പി എ മുഹമ്മദ് റിയാസ് പതാക ഉയർത്തുന്നു- ഫോട്ടോ: ജഗത് ലാൽ
വെള്ളി രാവിലെ 10ന് പലസ്തീൻ സോളിഡാരിറ്റി നഗറിൽ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു പതാക ഉയർത്തും. 11ന് മാധ്യമ പ്രവർത്തകൻ ശശികുമാർ, നാടക സംവിധായകനും നടനുമായ എം കെ റെയ്‌ന എന്നിവർ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും. ശനി വൈകിട്ട് നാലിന് പൂർവകാല നേതൃസംഗമം. മുൻ അഖിലേന്ത്യാ ഭാരവാഹികളായ എം എ ബേബി, പ്രകാശ് കാരാട്ട്, ബിമൻ ബസു, എ വിജയരാഘവൻ തുടങ്ങിയവർ പങ്കെടുക്കും. 29ന് വൈകിട്ട് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. തിങ്കൾ രാവിലെ 10ന് മലബാർ ക്രിസ്ത്യൻ കോളേജ് പരിസരത്തുനിന്ന് വിദ്യാർഥി റാലി തുടങ്ങും. പകൽ 11ന് കോഴിക്കോട് കടപ്പുറത്ത് കെ വി സുധീഷ് നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യും.









0 comments