സംഘപരിവാർ വിദ്വേഷപ്രചാരണം: സംസ്ഥാനതലത്തിൽ നാടകം അവതരിപ്പിക്കില്ലെന്ന് സ്കൂൾ മാനേജ്മെന്റ്


സ്വന്തം ലേഖകൻ
Published on Nov 26, 2025, 09:12 PM | 1 min read
മലപ്പുറം: ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നാംസ്ഥാനം ലഭിച്ച നാടകത്തിനെതിരെ വിദ്വേഷ പ്രചാരണവുമായി സംഘപരിവാർ രംഗത്ത്. കോട്ടൂർ എകെഎം എച്ച്എസ്എസിന്റെ "വീരനാട്യം' നാടകത്തിനെതിരെയാണ് സംഘപരിപവാർ കേന്ദ്രങ്ങളിൽനിന്ന് അധിക്ഷേപം തുടരുന്നത്. ഇതോടെ നാടകം സംസ്ഥാനതലത്തിൽ അവതരിപ്പിക്കുന്നതിൽനിന്ന് സ്കൂൾ പിന്മാറി. ജനുവരിയിൽ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കളിപ്പിക്കില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു.
സംഘപരിവാർ കേന്ദ്രങ്ങളിൽനിന്ന് സ്കൂളിനെതിരെയും മലപ്പുറം ജില്ലയ്ക്കെതിരെയും അധിക്ഷേപം തുടരുകയാണ്. നാടകത്തിൽ പുരാണ കഥാപാത്രങ്ങളെ അവഹേളിക്കുന്നുവെന്നാണ് സംഘപരിവാർ സംഘടനകളുടെ ആക്ഷേപം. ദളിത് പെൺകുട്ടി തിരുവാതിരകളി പഠിക്കുന്നതാണ് ഇതിവൃത്തം. കെ ശരത് പ്രകാശ്, റഫീഖ് മംഗലശേരി എന്നിവരാണ് രചന. പുരാണത്തിലെ സ്ത്രീകഥാപാത്രങ്ങളിലും സ്വാതന്ത്ര്യം നഷ്ടപ്പെട്ടവരുണ്ടെന്ന നാടകത്തിലെ ഭാഗം സംഘപരിവാർ കേന്ദ്രങ്ങളെ ചൊടിപ്പിച്ചിരിക്കാമെന്ന് കെ ശരത് പ്രകാശ് പ്രതികരിച്ചു.
നാടകത്തിനെതിരെ ഹിന്ദു ഐക്യവേദി നേതാക്കൾ സ്കൂളിലെത്തി പ്രതിഷേധമറിയിച്ചു. സമൂഹമാധ്യമത്തിലൂടെയും വിദ്വേഷം നടത്തുന്നുണ്ട്. മലപ്പുറം ജില്ലയെ അവഹേളിച്ച് വിദ്വേഷം വളർത്തുന്നതരത്തിലാണ് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല പ്രതികരിച്ചത്. പുരാണകഥാപാത്രങ്ങളെ പോസ്റ്റുമോർട്ടംചെയ്ത് അവഹേളിച്ച് കേരളത്തിന്റെ മുദ്രാവാക്യം വിളിച്ചപ്പോൾ മലപ്പുറത്തിന്റെ മണ്ണിന് രോമാഞ്ചമുണ്ടായി എന്നാണ് ഇവർ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചത്.
നാടകത്തിന്റെ മേൽനോട്ടംവഹിച്ച അധ്യാപകനെ കലോത്സവത്തിന്റെ മുഴുവൻ ചുമതലകളിൽനിന്ന് മാറ്റിയതായും വിശദീകരണം ചോദിച്ചതായും മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ചുരുങ്ങിയ സമയംകൊണ്ട് മറ്റൊരു നാടകം പഠിപ്പിച്ച് സംസ്ഥാനതലത്തിൽ മത്സരിക്കുകയെന്നത് ഇനി സ്കൂളിന് പ്രയാസമാണ്. ഇതോടെ നാടകത്തിൽ അഭിനയിച്ച കുട്ടികളുടെ അവസരം നഷ്ടമായി. ഈ നാടകത്തിലെ അഭിനയത്തിന് സ്കൂളിലെ വിദ്യാർഥിനി ജില്ലയിലെ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.








0 comments