ശാഖയിൽവെച്ച് ആർഎസ്എസുകാർ ലൈംഗികമായി പീഡിപ്പിച്ചു; ഇൻസ്റ്റാഗ്രാമിൽ കുറിപ്പെഴുതി യുവാവ് ആത്മഹത്യ ചെയ്തു

കാഞ്ഞിരപ്പള്ളി: ആർഎസ്എസ് ശാഖയിൽവെച്ച് ക്രൂരമായി ലൈംഗികപീഡനങ്ങൾ ഏറ്റുവാങ്ങിയെന്ന് വെളിപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം തമ്പലക്കാട് സ്വദേശി അനന്തു അജി (24)യാണ് ജീവനൊടുക്കിയത്. ഇൻസ്റ്റാഗ്രാമിൽ ഷെഡ്യൂൾ ചെയ്ത പോസ്റ്റിൽ താൻ നേരിട്ട ക്രൂര പീഡനങ്ങൾ മരണമൊഴിയായി അനന്തു എഴുതി.
തനിക്ക് ഇനിയും സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്നും, താൻ നേരിട്ട ആഘാതത്തിന് ഏക കാരണം ആർഎസ്എസ് ആണെന്നും അനന്തു പോസ്റ്റിൽ പറയുന്നു. നാല് വയസുമുതൽ ആർഎസ്എസ് ശാഖയിൽവെച്ച് താൻ ലൈംഗിക ചൂഷണത്തിനിരയായി. ഇത് വിഷാദരോഗത്തിലേക്കും നയിച്ചു. സജീവ ആർഎസ്എസ്, ബിജെപി പ്രവർത്തകനാണ് തന്നെ ചൂഷണം ചെയ്തത്. കഴിഞ്ഞ ഒന്നരവർഷമായി ചികിത്സയിലാണ്. ആറ് മാസമായി മരുന്ന് കഴിക്കുന്നുമുണ്ട്. പക്ഷേ മനസിനെ നിയന്ത്രിക്കാനായില്ല. വർഷങ്ങളോളം ഞാൻ ആർഎസ്എസിൽ പ്രവർത്തിച്ചതാണെന്നും, തനിക്ക് ഇത്രയും വെറുപ്പുള്ള മറ്റൊരു സംഘടനയില്ലെന്നും അനന്തു പറയുന്നു. ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസുകാരനെ സുഹൃത്താക്കരുത്. അത്രയ്ക്ക് വിഷംകൊണ്ട് നടക്കുന്നവരാണ് ആർഎസ്എസുകാർ. ആളുടെ പേര് ഓർക്കുന്നില്ല, പക്ഷേ ഐടിസി, ഒടിസി ക്യാമ്പുകളിൽവെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. ശാരീരികമായും മർദിക്കപ്പെട്ടു. ദണ്ഡ ഉപയോഗിച്ച് കാരണമില്ലാതെ അടിച്ചുവെന്നും അനന്തു വെളിപ്പെടുത്തി.
തനിക്ക് മാത്രമല്ല, ഒരുപാട് പേർ ഇതുപോലെ ആർഎസ്എസുകാരാൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അനന്തു പോസ്റ്റിൽ പറയുന്നു. ഇപ്പോഴും ആർഎസ്എസ് ക്യാമ്പുകളിൽ നടക്കുന്നത് ചൂഷണമാണ്. അവരെയൊക്കെ ആർഎസ്എസിൽ നിന്നും രക്ഷപെടുത്തി കൗൺസിലിങ് കൊടുക്കണം. തന്റെ കയ്യിൽ തെളിവില്ലാത്തതുകൊണ്ട് പലരും ഈ പറയുന്നത് വിശ്വസിക്കില്ല, അതുകൊണ്ടാണ് ജീവിതം തന്നെ തെളിവായി നൽകുന്നത്. ലോകത്ത് ഒരു കുട്ടിയും തനിക്ക് നേരിട്ടപോലെ അനുഭവമുണ്ടാകരുത്. കുട്ടികൾക്ക് മാതാപിതാക്കൾ നിർബന്ധമായും ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നും അനന്തു പോസ്റ്റിൽ പറയുന്നു.
അമ്മയും അനിയത്തിയും മാത്രമുള്ള വീട്ടിലെ ഏക ആശ്രയം അനന്തുവായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുവെച്ചാണ് അനന്തു ആത്മഹത്യ ചെയ്തത്.









0 comments