അമിതവേഗം, ഡ്രൈവർ ഫോണും ഉപയോഗിച്ചു; കൊട്ടാരക്കരയിലെ ടിപ്പർ അപകടത്തിൽ എംവിഡി കണ്ടെത്തൽ

കൊട്ടാരക്കര: കൊട്ടാരക്കരയിൽ വിദ്യാർഥി ഉൾപ്പെടെ മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ ടിപ്പർ അപകടത്തിനു കാരണം വാഹനത്തിന്റെ അമിത വേഗമാണെന്ന് മോട്ടോർവാഹന വകുപ്പ് കണ്ടെത്തി. ജിപിഎസ് സംവിധാനത്തിലൂടെയാണ് മോട്ടോർവാഹന വകുപ്പിന്റെ കണ്ടെത്തൽ. മണിക്കൂറിൽ 56 കി.മീ വേഗത്തിലാണ് അമിത ലോഡുമായി ടിപ്പർ വലിയ ഇറക്കം ഇറങ്ങിയത്. കൂടാതെ ഡ്രൈവർ മൊബൈൽ ഫോണിലൂടെ മറ്റൊരാളുമായി സംസാരിച്ചു വരികയായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി.
ജൂൺ 23നാണ് നീലേശ്വരം മുക്കോണിമുക്കിൽ മണ്ണുകയറ്റിവന്ന ടിപ്പർ ബസ് കാത്തുനിന്നവരുടെ മുകളിലേക്ക് മറിഞ്ഞത്. അപകടം നടക്കുമ്പോൾ വാഹനത്തിന്റെ ജിപിഎസ് സംവിധാനം പ്രവർത്തിച്ചിരുന്നില്ല. അപകടത്തിനുശേഷം നടത്തിയ ജിപിഎസിന്റെ ശാസ്ത്രീയ പരിശോധനയിലാണ് അമിത വേഗവും സിഡിആർ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡ്രൈവിങ്ങിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗവും കണ്ടെത്തിയത്. അമ്പലപ്പുറത്തുനിന്ന് നീലേശ്വരം മുക്കോണിമുക്കിലേക്ക് മണ്ണുമായി ഇറക്കം ഇറങ്ങിവന്ന ടിപ്പർ റോഡിന്റെ ഇടതുവശത്തേക്കായിരുന്നു പോകേണ്ടിയിരുന്നത്. എന്നാൽ, അമിതവേഗവും അമിത ലോഡും കാരണം ടിപ്പർ നിയന്ത്രണംവിട്ട് വലതുഭാഗത്തുകൂടി റോഡിന്റെ എതിർവശം ബസ് കാത്തുനിന്നവർക്കുനേരെ പാഞ്ഞുകയറുകയായിരുന്നു.










0 comments