ad
Deshabhimani

print edition കൊച്ചിയിലെ തമ്മിൽത്തല്ല്‌ സാമ്പിൾ വെടിക്കെട്ട്

Kochi Mayor udf clash
വെബ് ഡെസ്ക്

Published on Dec 25, 2025, 02:45 AM | 3 min read

കൊച്ചി

വരാൻപോകുന്ന അഞ്ചുവർഷം കൊച്ചി കോർപറേഷനിൽ നടക്കാൻപോകുന്ന തമ്മിൽത്തല്ലിന്റെ സാമ്പിൾ വെടിക്കെട്ടായി മേയർ സ്ഥാനത്തിനായുള്ള പിടിവലി. മേയർ സ്ഥാനം ലക്ഷ്യമിട്ടിറങ്ങിയ ദീപ്‌തി മേരി വർഗീസിനെ വെട്ടിയൊതുക്കിയപ്പോൾ അതു ചെന്നുകൊണ്ടത്‌ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനാണ്‌. എ, ഐ ഗ്രൂപ്പുകൾക്ക്‌ ഇതിനുള്ള മറുപണിക്ക്‌ വേണുഗോപാലിനൊപ്പമുള്ളവർ കോപ്പുകൂട്ടുന്നുണ്ട്‌. അതോടെ വരാനിരിക്കുന്നത്‌ വികനനത്തിന്റെയല്ല വിഴുപ്പലക്കലിന്റെ നാളുകളാണെന്ന്‌ ഉറപ്പ്‌.


യുഡിഎഫ്‌ അധികാരം നേടിയപ്പോഴെല്ലാം കൊച്ചിക്ക്‌ കഷ്ടകാലമായിരുന്നു. മേയർ പദവിക്കായുള്ള കടിപിടിയും വീതംവയ്‌പ്പും പതിവ്‌. ഇതിനുപുറമെ വൻ അഴിമതിയും. 2015ലാണ്‌ ഇതിനുമുന്പ്‌ കോൺഗ്രസ്‌ അധികാരത്തിലെത്തിയത്‌. അന്ന്‌ മേയർ സ്ഥാനാർഥിയായി രംഗത്തുണ്ടായത്‌ ഷൈനി മാത്യു. എന്നാൽ നറുക്ക്‌ വീണത്‌ സ‍ൗമിനി ജെയിന്‌. നിശ്ചിതകാലയളവിനുശേഷം സ‍ൗമിനി മാറുമെന്നും ഷൈനി മേയറാകുമെന്നും ധാരണയുണ്ടാക്കി. എന്നാൽ, സ‍ൗമിനി തുടർന്നു. കൊച്ചിയുടെ വികസനം മറന്ന്‌, പരസ്‌പരം പോരടിക്കലായിരുന്നു മുഴുവനും. ഇ ഗവേണൻസ്‌, ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണം ഉൾപ്പെടെയുള്ള രംഗങ്ങളിൽ വൻ അഴിമതിയും നടത്തി. അന്ന്‌ ഷൈനിയെ കബളിപ്പിച്ചതിന്‌ പകരമായി ഇത്തവണ വി കെ മിനിമോളെയോ, ഷൈനി മാത്യുവിനെയോ മേയറാക്കണമെന്ന്‌ ലത്തീൻ സഭ ആവശ്യപ്പെട്ടെന്നാണ്‌ കോൺഗ്രസ്‌ ന്യായീകരണം.


കെ സ്‌മാർട്ട്‌, സമൃദ്ധി@കൊച്ചി, ഷീലോഡ്‌ജ്‌, പുതിയ ആസ്ഥാനമന്ദിരം, ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റ്‌, ശുചീകരണത്തിന്‌ ആധുനികയന്ത്രങ്ങൾ, തുരുത്തി ഇരട്ടഭവന സമുച്ചയം, പുതിയ എറണാകുളം മാർക്കറ്റ്‌, പി ആൻഡ്‌ ടി നഗർ ഭവനസമുച്ചയം, വെൽനെസ്‌ സെന്ററുകൾ ഉൾപ്പെടെ സമാനതകളില്ലാത്ത വികസന പദ്ധതികളാണ്‌ എൽഡിഎഫ്‌ ഭരണകാലയളവിൽ നടന്നത്‌. 3716.10 കോടിയുടെ കനാൽ നവീകരണ പദ്ധതിക്കുൾപ്പെടെ തുടക്കമിട്ടു. കോൺഗ്രസ്‌ അധികാരത്തിലെത്തി പതിവ്‌ തമ്മിലടി തുടങ്ങിയതോടെ കൊച്ചിയുടെ വളർച്ച മുരടിക്കുന്ന സ്ഥിതിയിലാണുള്ളത്‌.


നടന്നത്‌ രൂക്ഷമായ 
ഗ്രൂപ്പുകളി: അജയ്‌ തറയിൽ

അനിയത്തിയെ കാണിച്ച്‌ ചേച്ചിയെ കല്യാണം കഴിച്ച്‌ കൊടുത്ത സാഹചര്യമാണ്‌ കൊച്ചിയിൽ ഉണ്ടായതെന്ന് കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗം അജയ് തറയിൽ. ദീപ്‌തി മേരി വർഗീസിനെ മേയറാക്കുമെന്ന്‌ ധാരണയുണ്ടായിരുന്നു. എന്നാൽ, അവരെ മേയറാക്കാതിരിക്കാനുള്ള അജൻഡ ഓപ്പറേറ്റ്‌ ചെയ്‌തു. ഇതിനായി പുതിയ തീവ്ര ഗ്രൂപ്പ്‌ സംവിധാനമുണ്ടാക്കി. ഗ്രൂപ്പിന്റെ ശക്തി തെളിയിക്കുന്ന തീരുമാനമാണ്‌ ഉണ്ടായത്‌.


കെപിസിസിയുടെ മാനദണ്ഡങ്ങൾ പാലിച്ചില്ല. കോർ കമ്മിറ്റി കൂടിയല്ല തീരുമാനമെടുത്തത്‌. ഡിസിസി പ്രഡിഡന്റ്‌ ഏകപക്ഷീയമായി മേയറെ പ്രഖ്യാപിക്കുകയായിരുന്നു. മേയറെ നിശ്‌ചയിച്ചതിനു തലേന്ന്‌ കാളരാത്രിയായിരുന്നു. ഗ്രൂപ്പുനേതാക്കൾ ക‍ൗൺസിലർമാരെ വീട്ടിൽച്ചെന്ന്‌ ഭീഷണിപ്പെടുത്തി, സ്വാധീനിച്ചു. ഭീഷണിപ്പെടുത്തിയവർതന്നെ നിഷ്‌പക്ഷരാണെന്ന്‌ നടിച്ച്‌ അഭിപ്രായം കേട്ടു. ഇത്‌ അംഗീകരിക്കാനാകില്ല. എഐസിസി, കെപിസിസി നേതൃത്വത്തിന്‌ പരാതി പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


‘മേയറാക്കാത്തത്‌ എന്തുകൊണ്ട്‌ ’

സതീശൻ മറുപടി 
പറയണം: 
ദീപ്‌തി മേരി വർഗീസ്‌

തന്നെ മേയറാക്കാത്തതിനെക്കുറിച്ച്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ മറുപടി പറയണമെന്ന്‌ കെപിസിസി ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസ്‌. ‘‘കൊച്ചി കോർപറേഷൻ തെരഞ്ഞെടുപ്പിന്‌ നേതൃത്വം വഹിക്കാനുള്ള ചുമതല എന്നെ ഏൽപ്പിച്ചത്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശനാണ്‌. ഞാൻ അത്‌ നന്നായി നിർവഹിച്ചു. പ്രതിപക്ഷനേതാവ്‌ പറഞ്ഞത്‌ അനുസരിച്ചാണ്‌ പ്രവർത്തിച്ചത്‌. എന്നാൽ, മേയർ സ്ഥാനം തീരുമാനിച്ചപ്പോൾ എന്തുകൊണ്ട്‌ ഇങ്ങനെയായെന്ന്‌ സതീശൻ മറുപടി പറയണം.’’ ദീപ്‌തി ആവശ്യപ്പെട്ടു.


deepthi


‘‘കെപിസിസിയുടെ മാനദണ്ഡം നടപ്പാക്കുന്നതിൽ അപാകമുണ്ടായി. എന്തുകൊണ്ട്‌ അത്‌ നടപ്പായില്ലെന്ന്‌ നേതൃത്വം വ്യക്തമാക്കണം. പാർലമെന്ററി പാർടിയിൽ എനിക്ക്‌ ഭൂരിപക്ഷമില്ലെന്ന്‌ ഏതെങ്കിലും നേതാക്കൾ പറയുന്നുണ്ടെങ്കിൽ യോജിക്കാനാകില്ല.എനിക്കൊപ്പം വളരെയധികം ക‍ൗൺസിലർമാരുണ്ട്‌. ക‍ൗൺസിലർമാർക്ക്‌ സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകണമായിരുന്നു. അതിലും വീഴ്‌ച സംഭവിച്ചു. ഡിസിസി പ്രസിഡന്റ്‌ മാർഗനിർദേശങ്ങൾ വായിച്ചുനോക്കണം’–’ ദീപ്‌തി ആവശ്യപ്പെട്ടു.


പെട്ടെന്ന്‌ 
കടന്നുവന്ന ആളല്ല: വി കെ മിനിമോൾ

കോൺഗ്രസ്‌ പാർടിയുടെ എല്ലാതലത്തിലും ഞാൻ പ്രവർത്തിച്ചിട്ടുണ്ടെന്ന് കൊച്ചി മേയർ സ്ഥാനത്തേക്ക് യുഡിഎഫ് പരിഗണിച്ച വി കെ മിനിമോൾ. സംഘടനാ രംഗത്തും സമരമുഖത്തും സജീവമായിരുന്നു. അത്‌ മേയർ സ്ഥാനത്തേക്ക്‌ പരിഗണിക്കാൻ കാരണമായെന്ന്‌ കരുതുന്നു. പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കളാണ്‌ മേയറെ തീരുമാനിച്ചത്‌.


ആഗ്രഹങ്ങൾ പലർക്കും 
കാണും: ഡൊമിനിക്‌ പ്രസന്റേഷൻ

കൊച്ചി കോർപറേഷൻ മേയർ സ്ഥാനത്തെക്കുറിച്ച്‌ പലർക്കും ആഗ്രഹങ്ങൾ കാണുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഡൊമനിക് പ്രസന്റേഷൻ. തീരുമാനം ഒന്നേ ഉണ്ടാകൂ .കെപിസിസി മാനദണ്ഡം പാലിച്ചാണ് മേയറെ തെരഞ്ഞെടുത്തത്‌. കൗൺസിലർമാരുടെ പിന്തുണയാണ് നിർണായകമായത്‌. കോർ കമ്മിറ്റി കൂടിയാണ് തീരുമാനമെടുത്തത്‌.


സതീശൻ മറുപടി പറയണം: മാത്യു കുഴൽനാടൻ

സതീശന്‌ ചുമതലയുള്ള കോർപറേഷനാണ്‌ കൊച്ചിയെന്ന് കെപിസിസി വൈസ്‌ പ്രസിഡന്റ്‌ മാത്യു കുഴൽനാടൻ. അദ്ദേഹത്തിന്റെ അഭിപ്രായം പരിഗണിച്ചാണ്‌ മേയർസ്ഥാനം തീരുമാനിച്ചത്‌. സുപ്രധാന സംഘടനാ പദവിയുള്ളവർക്ക്‌ പരിഗണന നൽകണമെന്ന്‌ കെപിസിസി മാർഗനിർദേശമുണ്ടായതിനാൽ ദീപ്‌തിയെ പരിഗണിക്കുമെന്ന്‌ പ്രതീക്ഷിച്ചു.പാർടിയിലെ ഭൂരിപക്ഷമാണ്‌ മാനദണ്ഡമെങ്കിൽ ഇനിയുള്ള തീരുമാനങ്ങളിലും അത്‌ നടപ്പാക്കണം. ഒരിടത്ത്‌ ഒരു നീതി, മറ്റൊരിടത്ത്‌ വേറൊന്ന്‌ എന്നുള്ളത്‌ പറ്റില്ല. കോൺഗ്രസിനെ ആർക്കും പോക്കറ്റിലിടാൻ പറ്റില്ല.


പെയ്‌ഡ്‌ പ്രചാരണത്തിൽ 
തീരുമാനമെടുക്കാനാകില്ല: മുഹമ്മദ്‌ ഷിയാസ്‌

കോർപറേഷനിൽ മേയറെ നിശ്ചയിച്ചത്‌ നേതൃത്വം കൂട്ടായെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പെയ്‌ഡ്‌ പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനാകില്ല. ഇതിനുമുന്പും കോർപറേഷനിൽ ഇതേ മാതൃകയാണ്‌ അനുവർത്തിച്ചത്‌. കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്‌, പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ തുടങ്ങിയവരുമായി സംസാരിച്ചിരുന്നു. കെപിസിസിയുടെ മാർഗനിർദേശങ്ങളും പാലിച്ചു. കോർ കമ്മിറ്റികൾ ചേർന്നു. മാർഗനിർദേശം ലംഘിച്ചെങ്കിൽ അന്വേഷിക്കട്ടെ. ഒരു സഭയും ഒരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും മുഹമ്മദ്‌ ഷിയാസ്‌ അവകാശപ്പെട്ടു.


സതീശനും ഷിയാസും ഉത്തരം നൽകണം: എം ആർ അഭിലാഷ്‌

കെപിസിസി മാനദണ്ഡം പാലിക്കാതെയാണ്‌ കൊച്ചിയിൽ മേയറെയും ഡെപ്യൂട്ടി മേയറെയും തീരുമാനിച്ചതെന്ന്‌ കെപിസിസി ജനറൽ സെക്രട്ടറി എം ആർ അഭിലാഷ്‌. ‘‘തീരുമാനം പാലിക്കാൻ ബാധ്യസ്ഥരായ പ്രതിപക്ഷനേതാവ്‌ വി ഡി സതീശനും ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസും ഇതിൽനിന്ന്‌ പിന്നോട്ടുപോയി. ഇത്‌ അംഗീകരിക്കാനാകില്ല. ഇരുവരും മറുപടി പറയണം. ചിലരുടെ വ്യക്തിതാൽപ്പര്യങ്ങളാണ്‌ തീരുമാനത്തിൽ പ്രതിഫലിച്ചത്‌’’–അഭിലാഷ്‌ പറഞ്ഞു.


കോർ കമ്മിറ്റി ചേർന്നെടുത്ത 
തീരുമാനം: എൻ വേണുഗോപാൽ

പ്രതിപക്ഷനേതാവ്‌ വി ഡി സതീശനാണ്‌ കൊച്ചിയിൽ തെരഞ്ഞെടുപ്പിന്‌ നേതൃത്വം നൽകിയതെന്നും അദ്ദേഹത്തിന്റെ തീരുമാനം ധിക്കരിച്ച്‌ എറണാകുളത്ത്‌ ആരെങ്കിലും പ്രവർത്തിക്കുമെന്ന്‌ കരുതുന്നില്ലെന്നും മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ എൻ വേണുഗോപാൽ. മേയറെ കോർ കമ്മിറ്റി ചേർന്നാണ്‌ തീരുമാനിച്ചത്‌. മേയറാകാൻ കഴിയാത്തവർ നേതൃത്വത്തെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ലെന്നും എല്ലാം സ്വാഭാവികമാണെന്നും വേണുഗോപാൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home