ഡിജിറ്റൈസേഷൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചരിത്രത്തിലെ പുതിയ അധ്യായം: കെ എൻ ബാലഗോപാൽ

balagopal.
വെബ് ഡെസ്ക്

Published on Sep 29, 2025, 06:54 PM | 1 min read

കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചരിത്രത്തിലെ പുതിയ അധ്യായമാണ് ഡിജിറ്റൽവൽക്കരണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സമ്പൂർണ ഡിജിറ്റൈസേഷൻ്റെ ആദ്യഘട്ടമായ ഇന്റഗ്രേറ്റഡ് ടെമ്പിൾ മാനേജ്മെന്റ് സോഫ്റ്റ്‌വെയർ ബില്ലിംഗ് മോഡ്യൂളിന്റെ ഉദ്ഘാടനം കൊട്ടാരക്കര ഗണപതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.


തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിധിയിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും വിവരങ്ങൾ സാങ്കേതികവിദ്യ വഴി ബന്ധിപ്പിച്ചു കൊണ്ടുള്ള സംവിധാനമാണ് വരാൻ പോകുന്നത്. ക്ഷേത്രങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും സംയോജിത ഡിജിറ്റൽ സംവിധാനത്തിലൂടെ അറിയാൻ കഴിയുന്നത് വലിയ ചുവടുവെയ്പാണ്. എൻ ഐ സി ചെന്നൈ രൂപകൽപ്പനചെയ്ത ക്ഷേത്രങ്ങളിൽ ഉപയോഗിച്ച് വരുന്ന സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് ചെയ്താണ് ഉപയോഗിക്കുക. പണം കൈമാറുന്ന പരമ്പരാഗത രീതിയും ആധുനിക ഡിജിറ്റൽ കൈമാറ്റ രീതിയും ഒപ്പം കൊണ്ടുപോകേണ്ടത് അനിവാര്യമാണ്. ഓരോ ക്ഷേത്രങ്ങളിലെയും പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തുന്നതിനോടൊപ്പം ഭക്തജനങ്ങൾക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കാനും സംവിധാനത്തിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.


ബഡ്ജറ്റിൽ മാറ്റിവെച്ച അഞ്ചു കോടി രൂപ വിനിയോഗിച്ച് പിൽഗ്രിം സെന്റർ നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. കൊട്ടാരക്കര ചന്തമുക്കിലെ ഒരേക്കർ സ്ഥലത്ത് പാർക്കിംഗ് സൗകര്യം കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.


തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി.എസ് പ്രശാന്ത് അധ്യക്ഷനായി. കൊട്ടാരക്കര നഗരസഭ ചെയർമാൻ അഡ്വ കെ.ഉണ്ണികൃഷ്ണമേനോൻ, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. പി ഡി സന്തോഷ് കുമാർ, അഡ്വ. എ അജികുമാർ, ദേവസ്വം ബോർഡ് ചീഫ് ഐ.റ്റി അഡ്വൈസർ ഡോ പി വിനോദ് ഭട്ടതിരിപ്പാട്, എൻ ഐ സി ചെന്നൈ പ്രതിനിധി ശരവണൻ, നഗരസഭാംഗമായ അരുൺ കാടാംകുളം, ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ രഞ്ജിത്ത് ശേഖർ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home