print edition പ്രതികാര നടപടി; കെജിഎൻഎ ജനറൽ സെക്രട്ടറിയെ വയനാട്ടിലേക്ക് മാറ്റി

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ ഭരണമാറ്റത്തിനുപിന്നാലെയുള്ള അനധികൃത സ്ഥലംമാറ്റം തുടരുന്നു. കേരള ഗവ. നഴ്‌സസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യനെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി വയനാട്ടിലേക്ക് സ്ഥലംമാറ്റി.
ജില്ലാ നഴ്‌സിങ് ഓഫീസറായി സ്ഥാനക്കയറ്റം നൽകിയതിന്റെ മറവിലാണ് നടപടി. സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവനുസരിച്ച് അംഗീകൃത സർവീസ് സംഘടനകളുടെ ജനറൽ സെക്രട്ടറിമാർക്ക് സ്ഥലംമാറ്റത്തിൽ നിയമപരമായ പരിരക്ഷയുണ്ട്.
സർവീസിൽനിന്ന് വിരമിക്കാൻ രണ്ടുവർഷത്തിൽ താഴെമാത്രമാണുള്ളതെന്നതും പരിഗണിച്ചില്ല. ജില്ലാ നഴ്‌സിങ് ഓഫീസർ തസ്തികയിൽ 14 ജില്ലകളിലും ഒഴിവുണ്ട്. ഇതിൽ എട്ടു ജില്ലകളിൽമാത്രമാണ് നിലവിൽ നിയമനം നടത്തിയത്.
അതത് ജില്ലയിൽ ഒഴിവുള്ളപ്പോഴാണ് സ്ത്രീകളെ ഉൾപ്പെടെ ദൂരെയുള്ള ജില്ലകളിലേക്ക് സ്ഥലംമാറ്റിയത്. പാലക്കാട്ടുള്ള ജീവനക്കാരിയെ തിരുവനന്തപുരത്തേക്കും കൊല്ലത്തുള്ളയാളെ കോട്ടയത്തേക്കും എറണാകുളത്തുള്ളയാളെ കൊല്ലത്തേക്കുമൊക്കെയാണ് സ്ഥലംമാറ്റിയത്.
മാനദണ്ഡവിരുദ്ധമായ നടപടിയിൽ ആരോഗ്യമന്ത്രി ഇടപെടണമെന്നും ഉത്തരവ് റദ്ദാക്കണമെന്നും അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.








0 comments