Deshabhimani

പഞ്ചവത്സര സമീപനരേഖ സംഘപരിവാർ അജണ്ട; കേരളത്തിന്റെ നേട്ടങ്ങളുടെ ചരമക്കുറിപ്പാകും: പ്രതിപക്ഷനേതാവ്

pinarayi vijayan press meet.jpg

പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Nov 28, 2026, 05:05 PM | 1 min read

തിരുവനന്തപുരം: പഞ്ചവത്സരപദ്ധതി സംബന്ധിച്ച യുഡിഎഫ് സർക്കാരിന്റെ സമീപനരേഖ കേരളത്തിന്റെ ഇതേവരെയുള്ള നേട്ടങ്ങൾ തകർക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. കേരളം ജനകീയ വികസനമാതൃകയാണ് അം​ഗീകരിച്ചിട്ടുള്ളത്. എന്നാൽ അതിന്റെ ചരമക്കുറിപ്പാണ് പുതുയു​ഗ കേരളം എന്നവകാശപ്പെടുന്ന യുഡിഎഫ് സർക്കാരിന്റെ കരട് സമീപനരേഖ. ഇത് കൃത്യമായ സംഘപരിവാർ അജണ്ടയാണെന്നും പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.


സാമൂഹ്യനീതിയിലും ക്ഷേമത്തിലും ഊന്നിയുള്ള വികസനമാണ് കേരളം നടപ്പാക്കിയിരുന്നത്. എന്നാൽ അതിൽനിന്നുള്ള സമ്പൂർണ പിന്മാറ്റമാണ് സർക്കാരിന്റെ സമീപനരേഖ. വിപണി ശക്തികൾക്കും കോർപറേറ്റുകൾക്കും കേരളത്തിന്റെ വിഭവങ്ങൾ കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയാണ് സർക്കാർ. പദ്ധതിയുടെ ഭാ​ഗമായി സാധാരണക്കാർ കൂടുതൽ മെച്ചപ്പെടുകയാണ് വേണ്ടത്. എന്നാൽ ഇവിടെ പൊതുസ്വത്ത് സ്വകാര്യമേഖലയക്ക് അടിയറവ് വെക്കുന്നു. ആസൂത്രണ പ്രക്രിയ ആകെ സ്വകാര്യമേഖലയക്ക് അടിയറവ് വെക്കുകയാണ്. ഇതോടെ സാധാരണക്കാർ വലിയതോതിൽ പാർശ്വവത്കരിക്കപ്പെടും.


ക്ഷേമവും വികസനവും ഒരുമിച്ച് എന്നത് എൽഡിഎഫ് വിജയകരമായി നടപ്പാക്കിയ നയമാണ്. യുഡിഎഫ് സർക്കാർ വളർച്ചയുണ്ടായാൽ മാത്രം സമ്പത്തിന്റെ പുനർവിതരണം എന്ന് നയംമാറ്റത്തിൽ പറയുന്നു. സാധാരണക്കാർക്ക് ഇനി ഒന്നും പ്രതീക്ഷിക്കാനില്ല എന്നർത്ഥം. സാധാരണക്കാരുടെ അവകാശങ്ങൾ പൂർണമായി വിസ്മരിക്കുന്നു.


ബജറ്റിന് പുറത്തുനിന്ന് സ്വകാര്യനിക്ഷേപം കൊണ്ടുവരാനും ശ്രമിക്കുന്നു. പൊതുആസ്തി വിൽപ്പനയിലൂടെ നിക്ഷേപം കണ്ടെത്താനാണ് ശ്രമം. കേരളത്തിൽ ഇത്തരം വികസനകാര്യങ്ങൾ പങ്കുവഹിച്ചിട്ടുള്ള കുടുംബശ്രീ, സഹകരണസംഘങ്ങൾ എന്നിവയെയെല്ലാം ബഹുരാഷ്ട്ര കമ്പനികൾക്കൊപ്പം ചേർത്ത് സ്വകാര്യമേഖലയാക്കി ചിത്രീകരിച്ചിരിക്കുന്നു. വിദേശ കൺസൾട്ടിങ് സ്ഥാപനങ്ങൾക്ക് വലിയതുക നൽകാൻ ഇപ്പോൾതന്നനെ വകയിരുത്തി കഴിഞ്ഞു.


പ്ലാനിങ് കമീഷൻ ഇല്ലാതാക്കി നിതി ആയോ​ഗ് കൊണ്ടുവന്ന കേന്ദ്രസർക്കാർ മാതൃകയിൽ ഇവിടുത്തെ പ്ലാനിങ് ബോർഡിനെ ചുരുക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. നിതി ആയോ​ഗിന്റെ ഫണ്ട് വാങ്ങി പ്ലാനിങ് ബോർഡിനെ കേവലം ഉപദേശകസമിതിയാക്കാനും ശ്രമിക്കുന്നു. കേരളത്തിന്റെ റവന്യു കമ്മി ​ഗ്രാന്റ് കേന്ദ്രം നിർത്തലാക്കിയിട്ടും സംസ്ഥാന സർക്കാർ പൂർണമായി മൗനം പാലിക്കുന്നു.


കിഫ്ബിയെ ഘട്ടംഘട്ടമായി ഇല്ലാതാക്കുന്നു. ഒരുലക്ഷം കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. കിഫ്ബി പദ്ധതിയിലൂടെ ഏതെങ്കിലും സ്വകാര്യശക്തികൾക്കോ കോർപറേറ്റുകൾക്കോ കൊള്ളലാഭം നേടാനായിട്ടില്ല. കിഫ്ബിയിലൂടെ സൃഷ്ടിക്കപ്പെട്ട പൊതു ആസ്തികളെല്ലാം നാടിന്റേതാണ്. ഈ മാതൃകയെയാണ് സർക്കാർ തകർക്കാൻ ശ്രമിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home