'ബിജെപി നേതാവിന്റെ വാക്കുകൾ വേദനിപ്പിച്ചു'; കുട്ടികൾ സ്കൂളിൽ പോകാൻ പോലും ഭയപ്പെടുന്നുവെന്ന് രക്ഷിതാക്കൾ

പാലക്കാട്: പാലക്കാട് കരോൾ സംഘത്തിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിന്റെ ആഘാതത്തിൽ നിന്നും കുട്ടികൾ ഇനിയും മുക്തരായിട്ടില്ല. ആക്രമണം നേരിട്ട കുട്ടികൾ സ്കൂളിൽ പോകാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണെന്ന് രക്ഷിതാക്കൾ പറയുന്നു.
സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന് ആരോപിച്ച് നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധമുയർത്തുന്നുണ്ട്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വീടുകളിൽ കരോൾ നടത്തിയെത്തിയ സംഘത്തിന് നേരെയാണ് ഒരു സംഘം സാമൂഹ്യവിരുദ്ധർ ആക്രമണം നടത്തിയത്.
കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘത്തെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. അക്രമികൾ വടികളും ആയുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ കുട്ടികൾ ചിതറിയോടി.
പല കുട്ടികൾക്കും ശാരീരികമായ പരിക്കുകൾക്ക് പുറമെ കടുത്ത മാനസികാഘാതവും ഉണ്ടായിട്ടുണ്ട്. സംഭവത്തിന് ശേഷം, കുട്ടികൾ മദ്യപിച്ചിരുന്നു എന്ന വിചിത്ര വാദവുമായി ബിജെപി നേതാവ് സി കൃഷ്ണകുമാർ രംഗത്ത് വന്നിരുന്നു.
ഇതിനെതിരെയും കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ബിജെപി നേതാവിന്റെ ഈ വാക്കുകൾ തങ്ങളെയും കുട്ടികളെയും മാനസികമായി ബാധിച്ചുവെന്നും രക്ഷിതാക്കൾ പറഞ്ഞു. ആക്രമണത്തിന് ശേഷം വീടിന് പുറത്തിറങ്ങാൻ പോലും കുട്ടികൾ പേടിക്കുകയാണ്.
രാത്രികാലങ്ങളിൽ ഭയന്നുവിറച്ച് ഉണരുന്നതായും സമാധാനമായി സ്കൂളിൽ പോകാൻ കഴിയുന്നില്ലെന്നും രക്ഷിതാക്കൾ പറയുന്നു. ആഘോഷങ്ങളിൽ പങ്കുചേരാൻ പോയ കുട്ടികളാണ് ആക്രമിക്കപ്പെട്ടതെന്നും രക്ഷിതാക്കൾ പറയുന്നു.










0 comments