കാനത്തിൽ ജമീലയുടെ വിയോഗം കേരള പൊതുസമൂഹത്തിന് നികത്താനാകാത്ത നഷ്ടം: മുഖ്യമന്ത്രി

തിരുവനന്തപുരം: അന്തരിച്ച മുൻ എംഎൽഎയും സിപിഐ എം നേതാവുമായിരുന്ന കാനത്തിൽ ജമീലയ്ക്ക് കേരള നിയമസഭയുടെ ആദരം. കാനത്തിൽ ജമീലയുടെ വിയോഗം കേരളത്തിന്റെ പൊതുസമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന പ്രമേയത്തിൽ പറഞ്ഞു.
നിയമനിർമ്മാണ രംഗത്തും സാമൂഹിക പ്രവർത്തനത്തിലും അവർ നൽകിയ സംഭാവനകൾ നിസ്തുലമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജനകീയ വിഷയങ്ങളിൽ എപ്പോഴും ജനപക്ഷത്തുനിന്ന് ഉറച്ച നിലപാടുകൾ സ്വീകരിച്ചിരുന്ന നേതാവായിരുന്നു കാനത്തിൽ ജമീലയെന്ന് സ്പീക്കർ എ.എൻ. ഷംസീർ അനുസ്മരിച്ചു.
ഭരണാധികാരി എന്ന നിലയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി അവർ എപ്പോഴും നിലകൊണ്ടിരുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻപന്തിയിൽ നിന്ന വ്യക്തിത്വമായിരുന്നു അവരുടേതെന്നും സ്പീക്കർ പറഞ്ഞു.
അർബുദ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന കാനത്തിൽ ജമീല കഴിഞ്ഞ നവംബർ 29-നാണ് അന്തരിച്ചത്. കൊയിലാണ്ടിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സഭാനടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു അനുസ്മരണം. മുഖ്യമന്ത്രിക്ക് പുറമെ പ്രതിപക്ഷ നേതാവും മറ്റ് കക്ഷി നേതാക്കളും അനുശോചനം രേഖപ്പെടുത്തി.
ജനകീയ പോരാട്ടങ്ങളിലൂടെ ഉയർന്നു വന്ന നേതാവായ കാനത്തിൽ ജമീലയുടെ വിയോഗം രാഷ്ട്രീയ കേരളത്തിന് വലിയൊരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. അനുസ്മരണത്തിന് ശേഷം സഭ പിരിഞ്ഞു.










0 comments