സർവകലാശാലയിലെ ജാത്യാധിക്ഷേപത്തിനും സംഘപരിവാർ അജണ്ടയ്ക്കും പാരിതോഷികം; വിജയകുമാരിക്ക് പുതിയ പദവി കൂടി

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിച്ച ഡീൻ ഡോ. വിജയകുമാരിക്ക് കേന്ദ്ര സർക്കാരിന്റെ പാരിതോഷികം. പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ ഉന്നത സമിതിയായ കേര്‍ട്ടിലേക്ക് വിജയകുമാരിയെ നാമനിർദേശം ചെയ്തു. കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു അധ്യാപികയെ കോര്‍ട്ടിലേയ്ക്ക് നാമനിർദേശം ചെയ്യുന്നത്.
ഗവേഷണ വിദ്യാര്‍ഥി വിപിൻ വിജയനാണ് ജാതി അധിക്ഷേപം നടന്നുവെന്ന് കാണിച്ച് വിജയകുമാരിക്കെതിരെ പരാതി നല്‍കിയത്. പിന്നാലെ നടപടിയെടുക്കുമെന്ന് മന്ത്രി ആര്‍ ബിന്ദുവും പറഞ്ഞിരുന്നു. പിഎച്ച്‍ഡി ഓപ്പണ്‍ഡിഫന്‍സ് റിപ്പോര്‍ട്ടില്‍ ഒപ്പിട്ട് തരില്ലെന്ന് പറയുകയും മറ്റ് അധ്യാപകരുടെയും ഗൈഡുമാരുടെയും മുന്നില്‍വച്ച് ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി. കൂടാതെ അധ്യാപികയുടെ ഔദ്യോഗിക മുറിയില്‍ പ്രവേശിച്ചാല്‍ മുറി അശുദ്ധമായെന്ന് പറഞ്ഞ് വെള്ളം തളിക്കാറുണ്ട്. ഇത് വിദ്യാര്‍ഥിക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നും പരാതിയിലുണ്ട്.
കാര്യവട്ടം ക്യാമ്പസില്‍ എംഫില്‍ പഠിക്കുമ്പോള്‍ ഗൈഡായിരുന്ന വിജയകുമാരി അന്നു മുതല്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചിരുന്നുവെന്ന് വിപിൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും പരാതിയിലും പറഞ്ഞിരുന്നു. ഒക്ടോബര്‍ 10നാണ് കാര്യവട്ടം ക്യാമ്പസില്‍ വിപിന്റെ പിഎച്ച്ഡി ഓപ്പണ്‍ ഡിസ്കഷന്‍ നടന്നത്. സമിതി ചെയര്‍മാന്‍ അനിൽ പ്രതാപ് ഗിരി പിഎച്ച്‌ഡിക്ക് ശുപാര്‍ശ ചെയ്തെങ്കിലും ഡീനായ വിജയകുമാരി ഇതിനെ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിക്ക് സംസ്കൃതം അറിയില്ലെന്നും പ്രചരിപ്പിച്ചു.
ഇതിനെതിരെ ഗവേഷകന്‍ വൈസ് ചാന്‍സലര്‍ക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. പൊലീസിലും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പട്ടികജാതി–പട്ടികഗോത്രവർഗ കമീഷനും പരാതി നൽകിയിട്ടുണ്ട്. സംഭവത്തില്‍ മന്ത്രി ആര്‍ ബിന്ദു സര്‍വകലാശാല വൈസ് ചാന്‍സലറോടും റിപ്പോര്‍ട്ട് തേടിയിരുന്നു.









0 comments