സ്പേസ് പാർക്ക് സിഎഫ്‌സിക്കും ആർഡിസിക്കും കല്ലിട്ടു
ബഹിരാകാശരംഗത്തെ അറിവുകൾ സമൂഹപുരോഗതിക്ക് പ്രയോജനപ്പെടുത്തണം : മുഖ്യമന്ത്രി

കേരള സ്പേസ് പാർക്ക് ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു
തിരുവനന്തപുരം
സംസ്ഥാനത്തിന്റെ വ്യവസായ–- ബഹിരാകാശ ഗവേഷണ രംഗത്തിന് സ്പേസ് പാർക്ക് ഊർജം പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്പേസ് പാർക്ക് കോമൺ ഫെസിലിറ്റി സെന്ററിനും (സിഎഫ്‌സി) റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് സെന്ററിനും (ആർഡിസി) കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ മേഖലയിലെ അറിവുകൾ സമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് പ്രയോജനപ്പെടുത്തണം.
ബഹിരാകാശരംഗത്തെ വ്യവസായസാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനാണ് സ്പേസ് പാർക്ക് ലക്ഷ്യമിടുന്നത്. അവശ്യമായ വ്യാവസായിക ഉൽപ്പന്നങ്ങളുടെ വിതരണവും സംരഭകത്വവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. 250 കോടി രൂപയുടെ അഡ്വാൻസ്ഡ് സ്‌പേസ് ഇനീഷ്യേറ്റീവ് തുടങ്ങാനും ഉദ്ദേശിക്കുന്നു. പുതു സംരംഭകർക്കും യുവതലമുറ സ്റ്റാർട്ടപ്പുകൾക്കും ഉപകരിക്കുംവിധമാണ് പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പള്ളിപ്പുറം ടെക്‌നോസിറ്റിയിൽ 3.5 ഏക്കറിൽ നബാർഡ് സാമ്പത്തിക പിന്തുണയോടെ രണ്ടു ലക്ഷം ചതുരശ്രയടിയിലാണ് നിർമാണം. 30 മാസത്തിൽ പൂർത്തിയാക്കും. ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ രണ്ടു ദിവസം നീളുന്ന കേരള എയ്‌റോ എക്‌സ്‌പോയുടെ ഉദ്‌ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനായി. ഐടി സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, ഐഎസ്ആർഒ -ഐഐഎസ്‌യു ഡയറക്ടർ ഇ എസ് പത്മകുമാർ, നബാർഡ് ചെയർമാൻ കെ വി ഷാജി, കെഎസ്‌ഐടിഐഎൽ ഡയറക്ടർ ഡോ. സന്തോഷ് ബാബു എന്നിവർ സംസാരിച്ചു.









0 comments